വാഷിങ്ടൻ: അനധികൃത കുടിയേറ്റം തടയാനുള്ള പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നീക്കത്തിലെ പ്രധാന ഏജൻസിയായ ഡിപ്പാർട്ട്മെന്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റിയെ (ഡിഎച്ച്എസ്) സൗത്ത് ഡക്കോട്ട ഗവർണർ ക്രിസ്റ്റി നോം നയിക്കും. ട്രംപിന്റെ കുടിയേറ്റ നയങ്ങളിൽ ഏജൻസി സുപ്രധാന പങ്കാണ് വഹിക്കുന്നത്.
9/11 ഭീകരാക്രമണത്തിനു ശേഷം രൂപീകരിച്ച ഡിഎച്ച്എസ് 60 ബില്യൻ ഡോളർ ബജറ്റും നിരവധി ജീവനക്കാരുമുള്ള ഒരു വിശാലമായ ഏജൻസിയാണ്. അതിർത്തി സുരക്ഷ, സൈബർ സുരക്ഷ, ആഭ്യന്തര ഭീകരവാദ ഭീഷണികൾ അന്വേഷിക്കൽ, പ്രകൃതി ദുരന്തങ്ങളെ നേരിടൽ, കസ്റ്റംസ് നിയമങ്ങൾ നടപ്പിലാക്കൽ തുടങ്ങി നിരവധി ഉത്തരവാദിത്തങ്ങൾ ഏജൻസിക്ക് കീഴിലാണ് നടപ്പാക്കുന്നത്.
സൗത്ത് ഡക്കോട്ടയിലെ ആദ്യത്തെ വനിതാ ഗവർണറായി ചരിത്രം സൃഷ്ടിച്ച 52 വയസ്സുകാരിയായ ക്രിസ്റ്റി നോം, ട്രംപിന്റെ ഏറ്റവും വിശ്വസ്തരിൽ ഒരാളാണ്. ‘നോ ഗോയിങ് ബാക്ക്’ എന്ന തന്റെ പുസ്തകത്തിൽ 14 മാസം പ്രായമുള്ള നായയെ വെടിവച്ചു കൊന്നുവെന്ന് വെളിപ്പെടുത്തിയതിനെത്തുടർന്ന് വിവാദങ്ങൾ ക്രിസ്റ്റി നോമിന്റെ പേരിൽ വിവാദങ്ങൾ പൊട്ടിപുറപ്പെട്ടിരുന്നു.