ധാക്ക: ബംഗ്ലാദേശിനുളള എല്ലാ സഹായങ്ങളും ഒറ്റയടിക്ക് നിർത്തലാക്കി അമേരിക്ക, ബംഗ്ലാദേശ് കടുത്ത പ്രതിസന്ധിയിൽ. അമേരിക്കൻ തീരുമാനം പുതിയ
യൂനുസ് സർക്കാരിനേയും പ്രതിസന്ധിയിലാക്കി. യുണൈറ്റഡ് സ്റ്റേറ്റ്സ് ഏജൻസി ഫോർ ഇൻ്റർനാഷണൽ ഡെവലപ്‌മെൻ്റ് (യു എസ് എ ഐ ഡി) യുടെ പരിധിയിൽ ബംഗ്ലാദേശിൽ നിലവിലുള്ള എല്ലാ കരാറുകളും ഗ്രാന്‍റുകളും പദ്ധതികളും നിര്‍ത്തലാക്കാനാണ് തീരുമാനം. ഇതുമായി ബന്ധപ്പെട്ട് ബംഗ്ലാദേശിൽ നടക്കുന്ന എല്ലാ പ്രവർത്തനങ്ങളും 90 ദിവസത്തേക്ക് മരവിപ്പിച്ചിട്ടുണ്ട്.
വിദേശ രാജ്യങ്ങൾക്കുളള ധനസഹായം മരവിപ്പിച്ച പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ ഉത്തരവ് നടപ്പാക്കിയെന്ന് യു എസ് ഏജന്‍സി ഫോര്‍ ഇന്‍റര്‍നാഷണല്‍ ഡെവലപ്പ്മെന്‍റ് വ്യക്തമാക്കി. ബംഗ്ലാദേശ് ജനതയും യുനുസ് സർക്കാരും വലിയ പ്രതിസന്ധിയിലേക്ക് തള്ളിവിടുന്നതാണ് ഈ തീരുമാനമെന്നാണ് വിലയിരുത്തൽ. ലോകത്ത് ഏറ്റവുമധികം പണം വിദേശ രാജ്യങ്ങൾക്ക് സഹായം നൽകുന്ന രാജ്യമാണ് അമേരിക്ക. ഏതാണ്ട് ആറു ലക്ഷം കോടി രൂപയാണ് ഒരു വർഷം അമേരിക്ക മറ്റ് രാജ്യങ്ങൾക്ക് സഹായമായി നൽകുന്നത്. ബംഗ്ലാദേശിനും ഇതിൽ നിന്ന് കാര്യമായി പണം ലഭിക്കുന്നുണ്ടായിരുന്നു. ഇത് ഒറ്റയടിക്ക് നിലച്ചുപോകുന്നത് സർക്കാരിനെ ഗുരുതര പ്രതിസന്ധിയിലാക്കും.