ന്യൂഡല്‍ഹി: പ്രയാഗ് രാജില്‍ മഹാകുംഭമേളക്കിടെ തിക്കിലും തിരക്കിലും പെട്ട് 30 മരണം . പോലീസാണ് ഔദ്യോഗീകമായി മരണവിവരം പുറത്തുവിട്ടത്. ഇന്നലെ പുലര്‍ച്ചെ അമൃത് സ്‌നാനത്തിനിടെ ബാരിക്കേഡ് തകര്‍ന്നാണ് അപകടമുണ്ടായത്.
തിരക്കിനെ തുടര്‍ന്ന് തുടര്‍ സ്‌നാനം നിര്‍ത്തിവെച്ചെങ്കിലും പിന്നീട് പുനരാരംഭിച്ചു. മരിച്ചവരില്‍ 25 പേരെ തിരിച്ചറിഞ്ഞു. കുംഭമേളയിലെ വിശേഷ ദിനത്തില്‍ ഒരു കോടി പേരെങ്കിലും എത്തിയതായാണ് അനൗദ്യോഗിക കണക്ക്.നിരവധിപ്പേര്‍ക്ക് പരിക്കേറ്റതായി റിപ്പോര്‍യട്ടുകളുണ്ട്. തിക്കിലും തിരക്കിലും പെട്ട് നിരവധി പേരെ കാണാതായിട്ടുണ്ട്. അപകടത്തിന്റെ പശ്ചാത്തലത്തില്‍ കുംഭമേളയിലെ സാഹചര്യം പ്രധാനമന്ത്രി നരേന്ദ്രമോദി വിലയിരുത്തി.
രക്ഷാപ്രവര്‍ത്തനവും, ചികിത്സയും കാര്യക്ഷമമായി നടക്കണമെന്ന് യുപി സര്‍ക്കാരിന് മോദി നിര്‍ദ്ദേശം നല്‍കി. ഊഹാപോഹങ്ങളില്‍ വീഴരുതെന്നും സര്‍ക്കാര്‍ ഫലപ്രദമായ ഇടപെടല്‍ നടത്തുന്നുണ്ടെന്നും പറഞ്ഞ യോഗി തീര്‍ത്ഥാടകരോട് അഭ്യര്‍ത്ഥനയും നടത്തി.അതേസമയം, കുംഭമേള അപകടത്തില്‍ സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തി. സജ്ജീകരണങ്ങളിലെ പാളിച്ച ആശങ്കയുണ്ടാക്കുന്നതാണെന്ന് സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് പറഞ്ഞു.
മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞ് എത്രയും വേഗം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കണം. പരിക്കേറ്റവര്‍ക്ക് വിദഗ്ധ ചികിത്സ നല്‍കണം. കൂട്ടം തെറ്റിയവരെ കണ്ടെത്താന്‍ സത്വര ഇടപെടല്‍ വേണമെന്നും ദുരന്തത്തെ നിസാരവത്ക്കരിക്കരുതെന്നും അഖിലേഷ് യാദവ് എക്‌സില്‍ കുറിച്ചു. ദുരന്തത്തില്‍ നടുക്കവും ദു:ഖവും രേഖപ്പെടുത്തി മായാവതിയും രംഗത്തെത്തി. സുരക്ഷ ഒരുക്കുന്നതില്‍ യോഗി സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് ആം ആദ്മി പാര്‍ട്ടി വിമര്‍ശിച്ചു.
സെല്‍ഫ് പ്രമോഷന് കോടികള്‍ ചെലവഴിക്കുന്നവര്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാന്‍ മറന്നുവെന്ന് രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ പ്രതികരിച്ചു. പാതിവെന്തതു് പോലെയായിരുന്നു ക്രമീകരണങ്ങള്‍. ദുരന്തത്തിന്റെ പശ്ചാത്തലത്തിലെങ്കിലും കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കണമെന്നും ഖര്‍ഗെ പറഞ്ഞു.