ന്യൂഡൽഹി: തിരക്കിട്ട് ജെ.പി.സി റിപ്പോർട്ട് സമർപ്പിച്ചതിന് പിന്നാലെ ഭരണപക്ഷം നിർദേശിച്ച ഭേദഗതികളോടെ വിവാദ വഖഫ് ബിൽ ബജറ്റ് സമ്മേളനത്തിൽ പാസാക്കാൻ അജണ്ടയാക്കി.
ബജറ്റ് സമ്മേളനത്തിലെ നിയമനിർമാണത്തിനുള്ള വ്യാഴാഴ്ച പുറത്തുവിട്ട ബില്ലുകളുടെ പട്ടികയിലാണ് വഖഫ് ദേഭഗതി ബില്ലും ഉൾപ്പെടുത്തിയിരിക്കുന്നത്. വെള്ളിയാഴ്ച രാവിലെ 11ന് രാഷ്ട്രപതി ലോക്സഭയിൽ ഇരുസഭകളിലെയും എം.പിമാരെ അഭിസംബോധന ചെയ്യുന്നതോടെ ബജറ്റ് സമ്മേളനത്തിന് തുടക്കമാകും. സാമ്പത്തികാവലോകന റിപ്പോർട്ടും സഭയുടെ മേശപ്പുറത്ത് വെക്കും. ശനിയാഴ്ച കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ ബജറ്റ് അവതരിപ്പിക്കും.
വിവാദ ശിപാർശകൾ അടങ്ങുന്ന വഖഫ് ബിൽ പാസാക്കാനും പഴയ വഖഫ് നിയമങ്ങളിലൊന്നായ ‘മുസൽമാൻ വഖഫ് ബിൽ’ പിൻവലിക്കാനും അജണ്ടയിലുൾപ്പെടുത്തി. ഇവ കൂടാതെ ധനകാര്യ ബില്ലുകൾ, ബാങ്കിങ് നിയമ ബിൽ, റെയിൽവേ ഭേദഗതി ബിൽ, എണ്ണപ്പാടി വികസന-നിയന്ത്രണ ഭേദഗതി ബിൽ തുടങ്ങിയവയും ബജറ്റ് സമ്മേളനത്തിൽ അവതരിപ്പിക്കാനുള്ള ബില്ലുകളുടെ പട്ടികയിലുണ്ട്.