ന്യൂഡല്‍ഹി: നാല്‍പ്പത് വര്‍ഷങ്ങള്‍ക്ക് ശേഷം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് വീണ്ടും ഒരു ഇന്ത്യക്കാരനെത്താന്‍ പോകുന്നു. രാകേഷ് ശര്‍മ്മയ്ക്ക് ശേഷം ബഹിരാകാശത്ത് എത്തുന്ന രണ്ടാമത്തെ ഇന്ത്യക്കാരന്‍ എന്ന നേട്ടത്തിലെത്തിലേക്കുള്ള വഴിയിലാണ് ഐഎഎഫ് ടെസ്റ്റ് പൈലറ്റായ ശുഭാന്‍ഷു ശുക്ല. സ്പേസ് എക്സ് ഡ്രാഗണ്‍ ബഹിരാകാശ പേടകത്തിലൂടെയാണ് ശുഭാന്‍ഷു ശുക്ല ചരിത്രം സൃഷ്ടിക്കാനൊരുങ്ങുന്നത്.
ആക്സിയം മിഷന്‍ 4 പൈലറ്റ് ചെയ്യുന്നതും ശുഭാന്‍ഷു ശുക്ലയായിരിക്കും. നാസയും ഇന്ത്യന്‍ സ്‌പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷനും തമ്മിലുള്ള സംയുക്ത ശ്രമത്തിന്റെ ഭാഗമാണ് ഈ ദൗത്യമെന്ന് യുഎസ് ബഹിരാകാശ ഏജന്‍സി പ്രഖ്യാപിച്ചു. 1.4 ബില്യണ്‍ ഇന്ത്യക്കാരെ പ്രതിനിധീകരിച്ചാണ് താന്‍ ഈ ദൗത്യം ഏറ്റെടുക്കുന്നതെന്ന് ശുഭാന്‍ഷു ശുക്ല പറഞ്ഞു.
രണ്ടാഴ്ച ഞങ്ങള്‍ ബഹിരാകാശ നിലയത്തില്‍ ചിലവഴിക്കും. ഈ സമയങ്ങളില്‍ നിരവധി ശാസ്ത്രീയ ദൗത്യങ്ങള്‍ നിര്‍വഹിക്കുകയും നിരവധി ഔട്ട്‌റീച്ച് ഇവന്റുകള്‍ നടത്തുകയും ചെയ്യും. സ്റ്റേഷനില്‍ ചെലവഴിക്കുന്ന ഓരോ മിനിറ്റും അവിടെയുള്ള ഞങ്ങളുടെ സമയം ഒപ്റ്റിമൈസ് ചെയ്യുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്കായി ഷെഡ്യൂള്‍ ചെയ്തിട്ടുണ്ടെന്ന് ഉറപ്പാക്കാന്‍ ഇപ്പോള്‍ ഒരു ടീം മുഴുവന്‍ പ്രവര്‍ത്തിക്കുന്നുവെന്ന് എനിക്കറിയാം. ഈ ദൗത്യം അങ്ങേയറ്റം പ്രൊഫഷണലിസത്തോടെ നിര്‍വഹിക്കാനാണ് ഞങ്ങളുടെ ശ്രമം. എന്റെ ദൗത്യത്തിലൂടെ എന്റെ രാജ്യത്തെ മുഴുവന്‍ തലമുറയുടെയും ജിജ്ഞാസ ഉണര്‍ത്താനും ഭാവിയില്‍ ഇത്തരം നിരവധി ദൗത്യങ്ങള്‍ സാധ്യമാക്കാനും കഴിയുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു, ശുഭാന്‍ഷു ശുക്ല പറഞ്ഞു.
ബഹിരാകാശത്തേക്ക് പോയ ആദ്യ ഇന്ത്യക്കാരനായ രാകേഷ് ശര്‍മ്മയുമായി താന്‍ നിരന്തരം ബന്ധപ്പെട്ടിരുന്നുവെന്നും അദ്ദേഹത്തിന്റെ ഉപദേശവും മാര്‍ഗനിര്‍ദേശവും തേടിയിരുന്നതായും ശുക്ല വെളിപ്പെടുത്തി. 1984 ല്‍ സോവിയറ്റ് ദൗത്യത്തിലാണ് ശര്‍മ്മ ബഹിരാകാശത്തേക്ക് പോയത്.
ഗഗന്‍യാന്‍ പ്രക്രിയയില്‍, ബഹിരാകാശയാത്രികരെ തിരഞ്ഞെടുത്തത് മുതല്‍ ഞങ്ങള്‍ നടത്തുന്ന പരിശീലനത്തില്‍ വരെ വിങ് കമാന്‍ഡര്‍ രാകേഷ് ശര്‍മ്മ സജീവമായി ഏര്‍പ്പെട്ടിട്ടുണ്ട്. നമ്മള്‍ ഇതിനകം നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന മനുഷ്യ ബഹിരാകാശ ദൗത്യത്തില്‍ അദ്ദേഹവും പങ്കാളിയാണ്. അദ്ദേഹം എനിക്ക് ഒരു തരത്തില്‍ ഉപദേശകനാണ്. എന്താണ് പ്രതീക്ഷിക്കേണ്ടതെന്നും ഈ ദൗത്യത്തിനായി എങ്ങനെ തയ്യാറെടുക്കണമെന്നും അദ്ദേഹം ഞങ്ങള്‍ക്ക് പറഞ്ഞുതന്നു, ശുക്ല കൂട്ടിച്ചേര്‍ത്തു. ആക്സിയം 4 ദൗത്യം ഇന്ത്യയെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ടതാണെന്നും ശരിയായ സമയത്ത് അത് സംഭവിച്ചിക്കുത്തതെന്നും ശുക്ല പറഞ്ഞു.
ഇന്ത്യയുടെ സ്വന്തം മനുഷ്യ ബഹിരാകാശ യാത്രാ ദൗത്യമായ ഗഗന്‍യാനിനായി തിരഞ്ഞെടുത്ത നാല് ഇന്ത്യന്‍ എയര്‍ഫോഴ്സ് ഓഫീസര്‍മാരില്‍ ഒരാളാണ് ശുക്ല. അതേസമയം, വിക്ഷേപണ തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ബഹിരാകാശ നിലയത്തിലേക്ക് പോകുന്ന നാല് യാത്രികരെയും 14 ദിവസം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ തുടരാനാണ് പദ്ധതിയിടുന്നത്. രാകേഷ് ശര്‍മ്മ ബഹിരാകാശത്ത് ചെലവഴിച്ച 7 ദിവസവും 21 മണിക്കൂറും 40 മിനിറ്റിനേക്കാള്‍ കൂടുതലാണിത്. 2025 ലെ വസന്തകാലത്ത് ഈ ദൗത്യം നടപ്പാക്കുമെന്നാണ് നാസ അറിയിച്ചിരിക്കുന്നത്. ദൗത്യത്തിന് സ്പേസ് എക്സിന്റെ ക്രൂ ഡ്രാഗണ്‍ ബഹിരാകാശ പേടകം ഉപയോഗിക്കും.