വാഷിങ്ടണ്‍: ഇന്ത്യയടക്കം ബ്രിക്‌സ് രാജ്യങ്ങള്‍ക്ക് ഭീഷണിയുമായി ഡോണള്‍ഡ് ട്രംപ്. അന്താരാഷ്ട്ര വ്യാപാരത്തിലെ പ്രബല കറന്‍സിയായ യു.എസ് ഡോളറിനെ മാറ്റിസ്ഥാപിക്കാന്‍ ശ്രമിച്ചാല്‍ കയറ്റുമതിക്ക് 100 ശതമാനം തീരുവ ചുമത്തുമെന്നാണ് ട്രംപിന്റെ ഭീഷണിപ്പെടുത്തി. ട്രംപിന്റെ സ്വന്തം സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലിലാണ് ഇതുസംബന്ധിച്ച കുറിപ്പ് പ്രസിദ്ധീകരിച്ചത്. ആഗോള വ്യാപാരത്തില്‍ യു.എസ് ഡോളറിന്റെ പങ്ക് ബ്രിക്സ് രാജ്യങ്ങള്‍ നിലനിര്‍ത്തണമെന്നും അല്ലെങ്കില്‍ സാമ്പത്തിക പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കുന്നു.
ഇന്ത്യ, ചൈന, റഷ്യ, യു.എ.ഇ., ബ്രസീല്‍, ദക്ഷിണാഫ്രിക്ക, ഈജിപ്ത്, എത്യോപ്യ, ഇന്തോനേഷ്യ, ഇറാന്‍ രാജ്യങ്ങളുടെ കൂട്ടായ്മയാണ് ബ്രിക്‌സ്. ബ്രിക്‌സ് സംഖ്യം വര്‍ഷങ്ങളായി യു.എസ് ഡോളറിനെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനുള്ള വഴികള്‍ ചര്‍ച്ച ചെയ്യുന്നുണ്ട്. കഴിഞ്ഞ വര്‍ഷം നടന്ന ഉച്ചകോടിയിലും ഇതേക്കുറിച്ച് ചര്‍ച്ചകളുയര്‍ന്ന പശ്ചാത്തലത്തിലാണ് ട്രംപിന്റെ ഭീഷണി.
ബ്രിക്‌സ് രാജ്യങ്ങള്‍ ഡോളറില്‍നിന്ന് മാറാന്‍ ശ്രമിക്കുന്നത് നമ്മള്‍ നോക്കിനില്‍ക്കുന്ന സമയം അവസാനിച്ചു. ഈ ശത്രുതയുണ്ടെന്ന് തോന്നുന്ന രാജ്യങ്ങളില്‍ നിന്ന് നമ്മള്‍ക്ക് ഒരു പ്രതിബദ്ധത ആവശ്യമാണ്. അവര്‍ ഒരു പുതിയ ബ്രിക്‌സ് കറന്‍സിയും സൃഷ്ടിക്കാന്‍ പോകുന്നില്ല. അവര്‍ 100 ശതമാനം താരിഫുകള്‍ നേരിടേണ്ടിവരും. അല്ലെങ്കില്‍ അമേരിക്കന്‍ വിപണിയോട് ഗുഡ്‌ബൈ പറയേണ്ടിവരും. അവര്‍ക്ക് മറ്റൊരു രാഷ്ട്രം കണ്ടെത്തേണ്ടി വരും. അന്താരാഷ്ട്ര വ്യാപാരത്തിലോ മറ്റെവിടെയെങ്കിലുമോ യു.എസ് ഡോളറിനെ ബ്രിക്സ് മാറ്റിസ്ഥാപിക്കാന്‍ ഒരു സാധ്യതയുമില്ല -ട്രംപ് പറഞ്ഞു.
യുക്രെയ്ന്‍ അധിനിവേശത്തെത്തുടര്‍ന്ന് റഷ്യക്കെതിരെ പാശ്ചാത്യ ഉപരോധം ഏര്‍പ്പെടുത്തിയതിന് ശേഷം ബ്രിക്സ് സാമ്പത്തിക സഹകരണം കൂടുതല്‍ ശക്തമായിരുന്നു. ബ്രിക്‌സിന് ഒരു പൊതു കറന്‍സി ഇല്ലെങ്കിലും അംഗ രാജ്യങ്ങല്‍ പ്രാദേശിക കറന്‍സികളില്‍ വ്യാപാരം പ്രോത്സാഹിപ്പിക്കുന്നുണ്ട്.