Friday, March 14, 2025

HomeMain Storyദുബായ് സന്ദര്‍ശനത്തിനിടെ കേന്ദ്ര ബജറ്റിനെ വിമര്‍ശിച്ച് പിണറായി വിജയന്‍

ദുബായ് സന്ദര്‍ശനത്തിനിടെ കേന്ദ്ര ബജറ്റിനെ വിമര്‍ശിച്ച് പിണറായി വിജയന്‍

spot_img
spot_img

ദുബായ്: ദുബായ് സന്ദര്‍ശനത്തിനിടെ കേന്ദ്രബജറ്റിനെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രസ്താവനയിലൂടെയാണ് ബജറ്റിനെ മുഖ്യമന്ത്രി വിമര്‍ശിച്ചത്. കൊറോണയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനങ്ങളെ സാമ്പത്തികമായി ശാക്തീകരിക്കേണ്ടതിനു പകരം ദുര്‍ബലപ്പെടുത്തുകയാണ് കേന്ദ്ര ബജറ്റെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

കേന്ദ്ര നികുതി ഓഹരി ലഭ്യത, കേരളത്തില്‍ കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കുള്ള ധന സഹായം എന്നിവയില്‍ കാലാനുസൃതമായ പരിഗണന കാണാനില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. പ്രധാനമന്ത്രിയുടെ ഗതിശക്തിയെന്ന പുതിയൊരു പദ്ധതി ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുണ്ട്. റെയില്‍, റോഡ്, വ്യോമ ഗതാഗതത്തെയാകെ സമഗ്രമായി കൂട്ടിയിണക്കുന്ന പദ്ധതിയായാണിത് കരുതപ്പെടുന്നത്. എന്നാല്‍ കേരളമടക്കമുള്ള സംസ്ഥാനങ്ങളുടെ നിര്‍ദ്ദേശങ്ങളെ പരിഗണിച്ചതായി കാണുന്നില്ലെന്നും മുഖ്യമന്ത്രി പ്രസ്താവനയില്‍ പറഞ്ഞു.

സാധാരണക്കാരുടെയും അടിസ്ഥാന ജനവിഭാഗങ്ങളുടെയും പ്രശ്നങ്ങള്‍ക്കു നേര്‍ക്ക് തീര്‍ത്തും നിഷേധാത്മകമായ സമീപനമാണ് ബജറ്റ് പുലര്‍ത്തുന്നത്. പണപ്പെരുപ്പം ക്രമാതീതമായി വര്‍ദ്ധിക്കുന്നതും സംസ്ഥാനങ്ങളെ സാമ്പത്തികമായി ഞെരുക്കുന്നതും ഉള്ളവര്‍ക്കും ഇല്ലാത്തവര്‍ക്കുമിടയിലെ വിടവ് വര്‍ദ്ധിപ്പിക്കുന്നതും വന്‍കിട കോര്‍പ്പറേറ്റ് താല്‍പ്പര്യങ്ങളെ പ്രീണിപ്പിക്കുന്നതും പൊതുവില്‍ നാടിന്റെയും ജനങ്ങളുടെയും താല്‍പ്പര്യങ്ങളെ വലിയതോതില്‍ ഹനിക്കുന്നതുമാണ് ഈ ബജറ്റെന്നും പ്രസ്താവനയില്‍ പറയുന്നു.

ജനങ്ങളുടെ കൈവശം പണം എത്തിച്ചാല്‍ മാത്രമേ വിലക്കയറ്റം നേരിടാനാകൂ. എന്നാല്‍ ആ വഴിക്കുള്ള ഒരു നീക്കവും ബജറ്റില്‍ കാണാനില്ലെന്നും പിണറായി വിജയന്‍ കുറ്റപ്പെടുത്തുന്നു.

കൊറോണക്കാലത്ത് വലിയ തോതില്‍ അസമത്വം വര്‍ദ്ധിച്ചു. ആ വിടവ് നികത്തണമെങ്കില്‍ ദുര്‍ബല- നിസ്വജനവിഭാഗങ്ങളില്‍ സാമ്പത്തിക സഹായം എത്തണം. എന്നാല്‍ ആ വഴിയ്ക്കുള്ള നീക്കവുമില്ലെന്നും മുഖ്യമന്ത്രി പറയുന്നു. ജി.എസ്.റ്റി നഷ്ടപരിഹാരം അഞ്ചുവര്‍ഷത്തേയ്ക്കു കൂടി നീട്ടുക എന്നതടക്കമുള്ള സംസ്ഥാനങ്ങളുടെ ആവശ്യങ്ങളെ ബജറ്റ് പരിഗണിച്ചതായി കാണുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഗതിശക്തി പദ്ധതിയില്‍ കേരളത്തിന്റെ ഗതാഗത നവീകരണ നിര്‍ദ്ദേശങ്ങളെ ഉള്‍പ്പെടുത്തണമെന്നും ജിഎസ്.ടി നഷ്ടപരിഹാരത്തിന്റെ കാര്യത്തില്‍ സംസ്ഥാനം മുന്നോട്ടുവച്ച ആവശ്യങ്ങള്‍ പരിഗണിക്കണമെന്നും കേരളത്തിന്റെ എയിംസ് അടക്കമുള്ള നിരന്തരമായ ആവശ്യങ്ങളെ പരിഗണിക്കണമെന്നും മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു.

യുഎസില്‍ ചികിത്സയ്ക്കായി പോയ മുഖ്യമന്ത്രി അവിടെ നിന്നാണ് ദുബായില്‍ എത്തിയത്. ദുബായ് എക്സ്പോയിലെ കേരള പവലിയന്‍ ഉദ്ഘാടനം ഉള്‍പ്പെടെയാണ് മുഖ്യമന്ത്രിയുടെ പരിപാടികള്‍. സംസ്ഥാനത്ത് കൊറോണ വ്യാപനം ഉള്‍പ്പെടെ കൊടുമ്പിരി കൊളളുമ്പോള്‍ മുഖ്യമന്ത്രിയുടെ ഗള്‍ഫ് സന്ദര്‍ശനം വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments