ലഖ്നൗ: മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന്‍ ജയില്‍ മോചിതനായി. 28 മാസം ജയിലില്‍ കഴിഞ്ഞ ശേഷമാണ് മോചനം. 2020 ഒക്ടോബര്‍ അഞ്ചിനാണ് സിദ്ദീഖിന്റെ യുപി പോലീസ് അറസ്റ്റ് ചെയ്തത്. മോചന നടപടികള്‍ ബുധനാഴ്ച പൂര്‍ത്തിയായിരുന്നു. രണ്ടു കേസുകളാണ് സിദ്ദിഖിനെതിരെയുള്ളത്. രണ്ടിലും ജാമ്യം ലഭിച്ചിട്ട് ഏറെ നാള്‍ കഴിഞ്ഞെങ്കിലും മോചനം സാധ്യമായിരുന്നില്ല.
പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്കൊപ്പം യാത്ര ചെയ്ത സിദ്ദിഖ് കാപ്പന്‍ കലാപത്തിന് ശ്രമിച്ചുവെന്ന് ചൂണ്ടിക്കാട്ടി യു എ പി എ ചുമത്തിയാണ് യുപി പൊലീസ് അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് യു എ പി എ അടക്കമുള്ള വകുപ്പുകള്‍ ചുമത്തുകയായിരുന്നു.
ബുധനാഴ്ചയാണ് റിലീസ് ഓര്‍ഡര്‍ വിചാരണ കോടതി ജഡ്ജി ഒപ്പുവച്ച് ജയിലിലേക്ക് അയച്ചത്. എന്നാല്‍ സമയം വൈകിയത് കാരണം ബുധനാഴ്ച മോചനമുണ്ടായില്ല. തുടര്‍ന്നാണ് വ്യാഴാഴ്ച രാവിലെ ജയിലില്‍ നിന്ന് പുറത്തിറങ്ങിയത്. ഭാര്യ റൈഹാനത്ത്, മകന്‍, അഭിഭാഷകന്‍ എന്നിവരെല്ലാം ലഖ്നൗവിലെ ജയിലിലെത്തിയിരുന്നു.
ഇനിയും ഒട്ടേറെ പേര്‍ ജയിലിലുണ്ടെന്നും അവരും മോചിതരായാല്‍ മാത്രമേ നീതി പൂര്‍ണമാകൂ എന്നും സിദ്ദിഖ് ജയില്‍ മോചിതനായ ശേഷം മാധ്യമപ്രവര്‍ത്തരോട് പറഞ്ഞു. തന്റെ വിഷയം ഉന്നയിച്ച പൊതുസമൂഹത്തോടും മാധ്യമപ്രവര്‍ത്തകരോടും കാപ്പന്‍ നന്ദി അറിയിച്ചു.
മാതാവിന്റെ വിയോഗം സംബന്ധിച്ചും അദ്ദേഹം സങ്കടത്തോടെ സൂചിപ്പിച്ചു. ഇനി ഡല്‍ഹിയിലേക്ക് പോകും. ആറാഴ്ച ഡല്‍ഹിയില്‍ തങ്ങണം എന്നാണ് ജാമ്യ വ്യവസ്ഥ. ശേഷമാകും കേരളത്തിലേക്ക് വരിക.