തിരുവനന്തപുരം : രണ്ടാം പിണറായി സര്‍ക്കാരിന്റെ രണ്ടാം ബഡ്ജറ്റില്‍ വരുമാനം വര്‍ദ്ധിപ്പിക്കുന്നതിനായി നിരവധി നികുതികളില്‍ പരിഷ്‌കരണം ഏര്‍പ്പെടുത്തി. പെട്രോളിനും ഡീസലിനും രണ്ട് രൂപ വീതം അധിക സെസ് ഏര്‍പ്പെടുത്തുമെന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാൽ പ്രഖ്യാപിച്ചു .
കാര്‍ അടക്കമുള്ള വാഹനങ്ങളുടെ ഒറ്റത്തവണ നികുതി ഇരട്ടിയാക്കി. വിദേശ മദ്യങ്ങള്‍ക്ക് സാമൂഹ്യ സുരക്ഷ സെസും ഏര്‍പ്പെടുത്തി.
കെട്ടിട നികുതിയില്‍ പരിഷ്‌കാരങ്ങൾ വരുത്തി. ഇതിനൊപ്പം പുതിയ നികുതികളും ഈ മേഖലയില്‍ കൊണ്ടുവന്നു. ഒഴിഞ്ഞു കിടക്കുന്ന കെട്ടിടങ്ങള്‍ക്ക് പ്രത്യേക നികുതി ഇനിമുതല്‍ ഏര്‍പ്പെടുത്തും, ഒരു വ്യക്തിക്ക് ഒന്നില്‍ കൂടുതല്‍ വീടുണ്ടെങ്കില്‍ ഇനിമുതല്‍ പ്രത്യേക നികുതി അടയ്‌ക്കേണ്ടി വരും. ഒഴിഞ്ഞ് കിടക്കുന്ന കെട്ടിടങ്ങള്‍ക്കും ഇനി നികുതി കൊടുക്കേണ്ടിവരും. സംസ്ഥാനത്തെ ഭൂമിയുടെ ന്യായ വില കൂട്ടി. 20 ശതമാനമാണ് ഭൂമിയുടെ ന്യായ വില വര്‍ദ്ധിപ്പിച്ചത്. ഫ്ളാറ്റുകളുടെ മുദ്ര വില കൂട്ടിയിട്ടുണ്ട്. ഈ നികുതി പരിഷ്‌കാരങ്ങളിലൂടെ മാത്രം തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് ആയിരം കോടി ലഭിക്കുമെന്ന് ധനമന്ത്രി പറഞ്ഞു.
നിലവില്‍ സംസ്ഥാനത്ത് 247 ശതമാനമാണ് മദ്യത്തിന് ഏര്‍പ്പെടുത്തുന്ന നികുതി. സാമൂഹ്യ സുരക്ഷ സെസ് ഏര്‍പ്പെടുത്തുന്നതോടെ ഇത് ഇനിയും വര്‍ദ്ധിക്കും .
വാഹന നികുതിയിലും വര്‍ദ്ധന ഏര്‍പ്പെടുത്തിയിട്ടുണ്ട്. രണ്ടു ലക്ഷം രൂപ വരെയുളള മോട്ടര്‍സൈക്കിളുകള്‍ക്ക് രണ്ട് ശതമാനം അധികനികുതിയും മോട്ടോര്‍ കാറുകള്‍ക്ക് അഞ്ചുലക്ഷം വരെയുള്ളതിന് ഒരു ശതമാനവും, അഞ്ചുമുതല്‍ പതിനഞ്ച് ലക്ഷം വരെയുള്ള വാഹനങ്ങള്‍ക്ക് രണ്ട് ശതമാനവും വര്‍ദ്ധിക്കും, 15 ലക്ഷത്തിനും ഇരുപതിനും ഇടയില്‍ വിലയുള്ള മോട്ടോര്‍ കാറുകള്‍ക്ക് ഒരു ശതമാനമാണ് വര്‍ദ്ധന. ഇതിലൂടെ മാത്രം 340 കോടിയുള്ള അധിക വരുമാനം സര്‍ക്കാരിന് ലഭിക്കും.
പെട്രോള്‍ ഡീസല്‍ വിലയില്‍ ലിറ്ററിന് രണ്ട് രൂപയുടെ തീരുവയാണ് വര്‍ദ്ധിച്ചത്. ഇതോടെ സംസ്ഥാനത്ത് ഇന്ധനവിലയില്‍ വന്‍ വര്‍ദ്ധനവിനാവും കളമൊരുങ്ങുന്നത്. അതിലൂടെ വന്‍ വിലക്കയറ്റവും.
വൈദ്യുതി തീരുവയിലും വര്‍ദ്ധന വരുത്തിയിട്ടുണ്ട്. വാണിജ്യ വ്യവസായ യൂണിറ്റുകള്‍ക്ക് 5 ശതമാനമാണ് വൈദ്യുതി തീരുവ വര്‍ദ്ധിച്ചത്.
മദ്യത്തിനും പുതിയ സാമൂഹ്യ സുരക്ഷാ സെസ് ഏര്‍പ്പെടുത്തി. 999 രൂപ വരെ വിലയുള്ള മദ്യത്തിന് 20 രൂപയും 1000 രൂപയ്ക്കു മുകളിലുള്ള മദ്യത്തിന് 40 രൂപയും വര്‍ദ്ധിക്കും. സാമൂഹ്യ സുരക്ഷാ സീഡ് ഫണ്ട് മുഖേന അധിക വിഭവ സമാഹരണം നടത്താനാണിത്. ഈ തുക ദുര്‍ബല വിഭാഗങ്ങള്‍ക്ക് സാമൂഹ്യ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി ഉപയോഗിക്കും. 500 രൂപ മുതല്‍ 999 രൂപ വരെ വിലവരുന്ന ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യത്തിന് ഇരുപത് രൂപയാണ് വര്‍ദ്ധിക്കുക.