തിരുവനന്തപുരം: പ്രവാസികള്‍ക്കായി ചാര്‍ട്ടേഡ് വിമാനങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് ബജറ്റില്‍ പ്രഖ്യാപനം. വിമാനക്കൂലി കുറയ്ക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. വിമാനക്കൂലി നിയന്ത്രിച്ചു നിര്‍ത്താന്‍ കോര്‍പ്പസ് ഫണ്ട് സ്ഥാപിക്കുമെന്നും ഇതിനായി 15 കോടി മാറ്റിവയ്ക്കുന്നതായും ധനമന്ത്രി പറഞ്ഞു.
ഏതെങ്കിലും പ്രത്യേക വിമാനത്താവളം ഇതില്‍ പങ്കാളിയാകാന്‍ ആഗ്രഹിക്കുന്ന സാഹചര്യത്തില്‍ ഈ ഫണ്ട് ഒരു അണ്ടര്‍ റൈറ്റിങ് ഫണ്ട് ആയി ഉപയോഗിക്കാമെന്നും ബജറ്റ് പ്രസംഗത്തില്‍ മന്ത്രി വ്യക്തമാക്കി. വിമാനങ്ങള്‍ ചാര്‍ട്ടര്‍ ചെയ്യാനുള്ള കുറഞ്ഞ ക്വട്ടേഷനുകള്‍ എയര്‍ലൈന്‍ ഓപ്പറേറ്റര്‍മാരില്‍ നിന്ന് സുതാര്യമായ പ്രക്രിയയിലൂടെ വാങ്ങുമെന്നും ധനമന്ത്രി വ്യക്തമാക്കി.
റബര്‍ സബ്സിഡിക്കുള്ള ബജറ്റ് വിഹിതം 600 കോടിയായി വര്‍ധിപ്പിക്കുന്നതായി ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍. സംസ്ഥാനത്തെ റബര്‍ കര്‍ഷകരെ സഹായിക്കുന്നതിന്‍റെ ഭാഗമായാണ് ബജറ്റ് വിഹിതം വര്‍ധിപ്പിക്കുന്നതെന്ന് ബജറ്റ് പ്രസംഗത്തില്‍ ധനമന്ത്രി വ്യക്തമാക്കി. റബര്‍ കൃഷിക്കാര്‍ വലിയ പ്രതിസന്ധി നേരിടുകയാണ്. കേന്ദ്ര സര്‍ക്കാര്‍ നയമാണ് ഈ പ്രതിസന്ധിക്ക് കാരണമായത്. രാജ്യത്തെ ഏറ്റവും വലിയ പ്ലാന്‍റേഷന്‍ മേഖല കേരളത്തിലാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.