തിരുവനന്തപുരം: താൻ ബി.ജെ.പിയിൽ ചേർന്നത് മതമേലധ്യക്ഷന്മാരുടെ അനുഗ്രഹത്തോടെയാണെന്ന് പി.സി. ജോർജ്. ചോദിക്കേണ്ടവരോടൊക്കെ ചോദിച്ചിട്ടും ക്രൈസ്തവ സഭാ പിതാക്കന്മാരോടും മറ്റ് സമുദായ നേതാക്കളുടെയും അനുഗ്രഹം വാങ്ങിയ ശേഷവുമാണ് ബി.ജെ.പിയിൽ ചേർന്നതെന്ന് അദ്ദേഹം പറഞ്ഞു.
എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ തലയിൽ കൈവെച്ചാണ് അനുഗ്രഹിച്ചത്. അഞ്ചുകൊല്ലം മുമ്പെങ്കിലും ബി.ജെ.പിയിൽ ചേരാൻ തീരുമാനിക്കാതിരുന്നത് കേരളത്തിന് വലിയ നഷ്ടമായിപ്പോയി -ജോർജ് പറഞ്ഞു.
മണിപ്പൂരിൽ നടക്കുന്ന വംശീയ കലാപം ബ്രിട്ടീഷ് ഭരണകാലം മുതലുള്ളതാണെന്നും ജോർജ് അഭിപ്രായപ്പെട്ടു. മറിച്ചുള്ള പ്രചാരണത്തിനു പിന്നിൽ പിണറായി വിജയനാണെന്നും ഇത് സഭാ അധ്യക്ഷന്മാർ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.