ഭോപാല്‍ : ബിജെപിയുടെ നേതൃത്വത്തിലുള്ള എൻഡിഎ 400 സീറ്റുകൾ നേടുമെന്നു പ്രതിപക്ഷ നേതാക്കൾ പോലും ഇപ്പോൾ പറയുകയാണെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. 2024ലെ തിരഞ്ഞെടുപ്പിൽ ബിജെപി ഒറ്റയ്ക്ക് 370ലധികം സീറ്റുകൾ നേടും. മധ്യപ്രദേശിലെ പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘‘പ്രതിപക്ഷ നേതാക്കൾ പോലും ഇപ്പോൾ എൻഡിഎക്കു 400 സീറ്റുകൾ കിട്ടുമെന്നു പറയുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബിജെപി ഒറ്റയ്ക്ക് 370ലധികം സീറ്റുകൾ നേടുമെന്നു പറയാൻ ഞാൻ ആഗ്രഹിക്കുകയാണ്.
കഴിഞ്ഞ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ഓരോ ബൂത്തിലും 370 വോട്ടുകൾ അധികമായി പോൾ ചെയ്യുന്നുവെന്ന് ബിജെപി പ്രവർത്തകർ ഉറപ്പാക്കണം. എന്നാൽ നമുക്ക് ലക്ഷ്യം കൈവരിക്കാനാകും. ഗ്രാമങ്ങളെയും ദരിദ്രരെയും കർഷകരെയും കോൺഗ്രസ് ഓർമിക്കുന്നതു തിരഞ്ഞെടുപ്പ് സമയത്തു മാത്രമാണ്. ഇരട്ട എൻജിൻ സർക്കാർ മധ്യപ്രദേശിൽ ഇരട്ട വേഗത്തിലാണ് പ്രവർത്തിക്കുന്നത്’’– മോദി പറഞ്ഞു.