തിരുവനന്തപുരം∙ സർവകലാശാലകളിൽ ഗവർണറുടെ അധികാരങ്ങൾ ഇല്ലാതാക്കുന്ന ബില്ലുകൾ രാഷ്ട്രപതി തടഞ്ഞുവച്ചതോടെ ഗവർണർ ആരിഫ് മുഹമ്മദ് ഖാന് വൈസ് ചാൻസലർ നിയമനത്തിനുള്ള നടപടികളുമായി മുന്നോട്ടുപോകാം. സേർച്ച് കമ്മിറ്റിയിലേക്ക് പ്രതിനിധിയെ സർവകലാശാലകൾ നൽകിയില്ലെങ്കിൽ സ്വന്തം നിലയ്ക്ക് നിയമനം നടത്താനുള്ള നടപടികൾ സ്വീകരിക്കാൻ ഗവർണർക്ക് കഴിയും. സാങ്കേതിക സർവകലാശാല, കേരളസർവകലാശാല, കാർഷിക സർവകലാശാല എന്നിവിടങ്ങളിൽ സേർച്ച് കമ്മിറ്റി പ്രതിനിധിയെ ശുപാർശ ചെയ്യുന്നതിനെതിരെ സെനറ്റ് പ്രമേയം പാസാക്കിയിരുന്നു. ഈ പ്രമേയങ്ങളും അസാധുവാകും.
സർവകലാശാലകളുടെ വിസി സ്ഥാനത്തുനിന്നു ഗവർണറെ ഒഴിവാക്കാനും വിസി നിയമനത്തിനായുള്ള സേർച്ച് കമ്മിറ്റിയിൽ മൂന്നിനു പകരം അഞ്ച് അംഗങ്ങളെ ഉൾപ്പെടുത്തി ഗവർണറുടെ അധികാരം ഇല്ലാതാക്കാനും യൂണിവേഴ്സിറ്റികളുടെ ട്രൈബ്യൂണലിൽ സർവീസിലുള്ള ജഡ്ജിക്കു പകരം വിരമിച്ച ജഡ്ജിയെ നിയമിച്ച് ഗവർണറുടെ തീരുമാനങ്ങളിൽ ഇടപെടാനുമുള്ള ബില്ലുകളാണ് രാഷ്ട്രപതി തടഞ്ഞുവച്ചിരിക്കുന്നത്. ഇതിൽ തീരുമാനം നീളുമെന്നതിനാൽ നിലവിലെ നിയമം അനുസരിച്ച് ഗവർണർക്ക് വിസി നിയമനത്തിനുള്ള നടപടികളുമായി മുന്നോട്ടുപോകാം.
കേരള, കെടിയു, കുസാറ്റ്, എംജി, കണ്ണൂർ, മലയാളം, കാർഷിക, ഫിഷറീസ്, നിയമ സര്‍വകലാശാലകളിൽ വിസിമാരില്ല. നിയമ സർവകലാശാലയുടെ ചാൻസലർ ചീഫ് ജസ്റ്റിസാണ്. ആരോഗ്യസർവകലാശാലയിലും വെറ്ററിനറി സർവകലാശാലയിലും വിസിമാരുണ്ട്. കോടതി നിർദേശപ്രകാരം ഓപ്പൺ, ഡിജിറ്റൽ, കാലിക്കറ്റ്, സംസ്കൃത സർവകശാല വിസിമാരുമായി ഗവർണർ നടത്തിയ ഹിയറിങ് പൂർത്തിയായി.
കാലിക്കറ്റ് വിസി നിയമനത്തിന്റെ സേർച്ച് കമ്മിറ്റിയിൽ ചീഫ് സെക്രട്ടറിയെ ഉൾപ്പെടുത്തിയതും സംസ്കൃത സർവകലാശാലയിൽ പാനലിനു പകരം ഒരു പേരു മാത്രം സമർപ്പിച്ചതും ഓപ്പൺ ഡിജിറ്റൽ സർവകലാശാലകളിൽ വിസിമാരെ യുജിസി പ്രതിനിധി കൂടാതെ ആദ്യ വിസിമാർ എന്ന നിലയിൽ സർക്കാർ നേരിട്ട് നിയമിച്ചതുമാണ് വിസി പദവി അയോഗ്യമാകാൻ കാരണമായി ചൂണ്ടിക്കാട്ടി ഗവർണർ നോട്ടിസ് നൽകിയത്. കോടതി നിർദേശപ്രകാരം പുറത്താക്കാൻ നോട്ടിസ് നൽകിയ ഓപ്പൺ സർവകലാശാല വിസി മുബാറക് പാഷ ഗവർണർക്കു രാജി സമർപ്പിച്ചെങ്കിലും സ്വീകരിച്ചിട്ടില്ല.
നാലു വിസിമാരും അയോഗ്യരാണെന്നാണ് ഹിയറിങ്ങിനുശേഷമുള്ള ഗവർണറുടെ നിലപാട്. ചട്ടങ്ങൾ പാലിക്കാതെ നിയമിച്ച വിസിമാർ അയോഗ്യരാണെന്നാണ് യുജിസിയുടെയും നിലപാട്. ഇക്കാര്യത്തിൽ ഗവർണർ ഉടനെ തീരുമാനമെടുക്കും. അതിനുശേഷം വിസി നിയമനവുമായി മുന്നോട്ടുപോകും. ഡിജിറ്റൽ സർവകലാശാലയുടെ വിസി നേരിട്ട് ഹിയറിങ്ങിനു ഹാജരായി. കാലിക്കറ്റ് വിസിയുടെ അഭിഭാഷകനും നേരിട്ടു ഹാജരായി.
സംസ്കൃത സർവകലാശാല വിസിയുടെ അഭിഭാഷകൻ ഓൺലൈനിലൂടെ ഹാജരായി. മൂന്നു വിസിമാരും അയോഗ്യരാണെന്ന് യുജിസി പ്രതിനിധി ഹിയറിങ്ങിൽ അറിയിച്ചു. വിസിമാർക്കോ അവർ ചുമതലപ്പെടുത്തുന്ന അഭിഭാഷകർക്കോ ഹിയറിങ്ങിൽ പങ്കെടുക്കാൻ അനുമതിയുണ്ടായിരുന്നു. നിയമസഭ പാസാക്കിയ നിയമം അനുസരിച്ചാണ് ഗവർണർ സർവകലാശാലകളുടെ ചാൻസലറായതെന്നും നിയമത്തിൽ ഭേദഗതിവരുത്താൻ നിയമസഭയ്ക്ക് അധികാരമുണ്ടെന്നും സർക്കാർ വാദിക്കുന്നു.