വാഷിങ്ടൻ∙: അനധികൃത കുടിയേറ്റക്കാരെ നാടുകടത്തുന്നതിനെക്കുറിച്ചുള്ള വൈകാരികമായ വിഡിയോ പങ്കുവച്ച ഗായികയും നടിയുമായ സെലീന ഗോമസിനെതിരെ വൈറ്റ് ഹൗസ് രംഗത്ത്. അനധികൃത കുടിയേറ്റക്കാരെ കുറിച്ച് ഓർത്തു കരഞ്ഞ നടി, കുടിയേറ്റക്കാരാൽ കൊല്ലപ്പെടുകയും ബലാത്സംഗത്തിനിരയാക്കപ്പെടുകയും ചെയ്ത പെൺകുട്ടികൾക്കായി കരഞ്ഞില്ലെന്നും വൈറ്റ് ഹൗസ് പങ്കുവച്ച പോസ്റ്റിൽ പറയുന്നു.
ഇരകളാക്കപ്പെട്ട മൂന്ന് പെൺകുട്ടികളുടെ അമ്മമാരുടെ വിഡിയോയാണ് സെലീന ഗോമസിന് മറുപടിയായി വൈറ്റ് ഹൗസ് പുറത്തുവിട്ടത്. അനധികൃത കുടിയേറ്റക്കാരെ നാടുകടത്തുന്നതിൽ പൊട്ടിക്കരഞ്ഞ സെലീന ഗോമസിന്റെ വിഡിയോ വിവാദമായതിനു പിന്നാലെ, നടി തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ നിന്നും വിഡിയോ പിൻവലിച്ചിരുന്നു.
നടി തങ്ങളുടെ വേദനയെ അവഗണിക്കുകയും കുടിയേറ്റ വിഷയങ്ങളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്തുവെന്നും വൈറ്റ് ഹൗസ് പുറത്തുവിട്ട വിഡിയോയിൽ ഇരകളുടെ അമ്മമാർ ആരോപിക്കുന്നുണ്ട്. ‘‘നിങ്ങൾ ആർക്കുവേണ്ടിയാണ് കരയുന്നതെന്ന് നിങ്ങൾക്കറിയില്ല. ഈ അനധികൃത കുടിയേറ്റക്കാർ ക്രൂരമായി കൊലചെയ്യുകയും ബലാത്സംഗം ചെയ്യുകയും ചെയ്ത നമ്മുടെ കുട്ടികളുടെ കാര്യമോ? നിങ്ങൾ ഞങ്ങളുടെ പെൺമക്കൾക്ക് വേണ്ടി കരഞ്ഞില്ല.’’ – അമ്മമാർ ആരോപിച്ചു. മെക്‌സിക്കൻ – അമേരിക്കൻ പൈതൃകത്തിൽ പെട്ട സെലീന ഗോമസ് വർഷങ്ങളായി കുടിയേറ്റക്കാരുടെ അവകാശങ്ങൾക്കായി തുറന്ന് സംസാരിക്കുന്ന ആളാണ്. വൈറ്റ് ഹൗസിന്റെ പുതിയ പോസ്റ്റിനോട് നടി ഇതുവരെ പ്രതികരിച്ചിട്ടില്ല. സെലീന ഗോമസിനു 1 ബില്യൺ ഡോളറിലധികമാണ് ആസ്തി.