ന്യൂഡൽഹി: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും തമ്മിലുള്ള കൂടിക്കാഴ്ച ഈ മാസം 13, 14 തീയതികളിൽ നടക്കുമെന്നു സൂചന. ഈ മാസം 10-11 തീയതികളിൽ ഫ്രാൻസിൽ നടക്കുന്ന എഐ (നിർമിത ബുദ്ധി) ഉച്ചകോടിക്കു ശേഷം ട്രംപിനെ കാണാനായി മോദി വാഷിങ്ടനിലേക്കു പോകുമെന്നാണ് അറിയുന്നത്
എന്നാൽ, കൂടിക്കാഴ്‌ചയെപ്പറ്റി വൈറ്റ് ഹൗസിന്റെയോ വിദേശകാര്യ മന്ത്രാലയത്തിന്റെയോ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.
എഐ ഉച്ചകോടിക്കു ശേഷം മോദി 12ന് വാഷിങ്ടനിൽ എത്തുമെന്നാണു വിവരം. “വൈറ്റ് ഹൗസിൽ ട്രംപും മോദിയും കൂടിക്കാഴ്ച നടത്തുന്നതിനെപ്പറ്റി ചർച്ച ചെയ്തു. ഇരുരാജ്യങ്ങളും തമ്മിലുള്ള സൗഹൃദവും തന്ത്രപരമായ ബന്ധവും ശക്തിപ്പെടുത്തുകയാണു ലക്ഷ്യം”-ജനുവരി 27ന് മോദിയും ട്രംപും തമ്മിലുള്ള ഫോൺ സംഭാഷണത്തിനു ശേഷം വൈറ്റ് ഹൗസ് പുറത്തുവിട്ട വാർത്താക്കുറിപ്പിൽ അഭിപ്രായപ്പെട്ടിരുന്നു.
അനധികൃത കുടിയേറ്റം, ഇറക്കുമതി തീരുവ ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ഇരുനേതാക്കളും ചർച്ച നടത്തിയേക്കും. മോദിക്ക് വൈറ്റ് ഹൗസിൽ അത്താഴവിരുന്ന് ഒരുക്കുമെന്നും സൂചനയുണ്ട്.