ന്യൂയോര്‍ക്ക്: അനധികൃത കുടിയേറ്റത്തിന്റെ പേരില്‍ അമേരിക്കയില്‍ നിന്ന് തിരിച്ചയച്ച ആദ്യ ഇന്ത്യന്‍ സംഘത്തിലുള്ളത് 205 ആളുകള്‍.ഇന്ത്യന്‍ സര്‍ക്കാരിനെ ഉദ്ധരിച്ച് എന്‍ഡിടിവിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. അനധികൃത കുടിയേറ്റക്കാരെ ഒഴിപ്പിക്കാനുള്ള പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ കടുത്ത തീരുമാനത്തിനു പിന്നാലെയാണ് നടപടികള്‍ ആരംഭിച്ചത്.
സി 17 സൈനിക വിമാനം അനധികൃത കുടിയേറ്റക്കാരുമായി പുറപ്പെട്ടുവെന്ന് നേരത്തെ റോയിട്ടേഴ്‌സാണ് റിപ്പോര്‍ട്ട് ചെയ്തത്. അനധികൃത കുടിയേറ്റക്കാരുടെ പട്ടികയില്‍ ആദ്യപട്ടികയില്‍ 18,000 ഇന്ത്യക്കാരുണ്ടെന്നാണ് വിവരം. 7.25 ലക്ഷം ഇന്ത്യക്കാര്‍ അനധികൃതമായി അമേരിക്കയില്‍ താമസിക്കുന്നുണ്ട്. ഇന്ത്യക്കാരടക്കം 15 ലക്ഷം വിദേശികളാണ് തിരിച്ചയയ്ക്കല്‍ പട്ടികയിലുള്ളത്.
ഗ്വാട്ടിമല, പെറു, ഹോണ്ടുറാസ് തുടങ്ങിയ രാജ്യങ്ങളിലുള്ളവരെ ഇതിനോടകം തിരിച്ചയച്ചു തുടങ്ങി. അമേരിക്കയിലേക്ക് കുടിയേറി പാര്‍ത്തവരുടെ എണ്ണത്തില്‍ ഇന്ത്യ മൂന്നാം സ്ഥാനത്താണ്. ട്രംപ് അധികാരത്തില്‍ തിരിച്ചെത്തിയതിനു ശേഷം ആദ്യമായാണ് ഇന്ത്യക്കാരെ നാടുകടത്തുന്നത്.