ന്യൂഡൽഹി: ഒരുമാസത്തോളം നീണ്ട ഡൽഹി നിയമസഭ തെരഞ്ഞെടുപ്പിെന്റ പരസ്യപ്രചാരണത്തിന് പരിസമാപ്തി. ചൊവ്വാഴ്ച നിശ്ശബ്ദ പ്രചാരണത്തിന്റെ വേളയാണ്. ബുധനാഴ്ച രാവിലെ ഏഴിന് വോട്ടെടുപ്പ് ആരംഭിക്കും. പ്രചാരണം ശക്തമാക്കി ആം ആദ്മി പാർട്ടിയും ബി.ജെ.പിയും കോൺഗ്രസും കളം നിറഞ്ഞതോടെ വാശിയേറിയ പോരാട്ടത്തിനാണ് ഡൽഹി സാക്ഷ്യം വഹിക്കുന്നത്.
ഹാട്രിക് ഭരണനേട്ടം ലക്ഷ്യമിട്ട് ആം ആദ്മി പാർട്ടി മത്സരത്തിനിറങ്ങുമ്പോൾ ബി.ജെ.പിക്ക് അട്ടിമറിയും കോൺഗ്രസിന് വോട്ടുശതമാനത്തിലെ വർധനയുമാണ് ലക്ഷ്യം. ഏതാനും സീറ്റുകൾ ജയിക്കാനാകുമെന്നും പാർട്ടി സ്വപ്നം കാണുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, അരവിന്ദ് കെജ്രിവാൾ, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ തുടങ്ങിയവരാണ് പ്രചാരണം നയിച്ചത്. ആം ആദ്മി പാർട്ടിയുടെ വികസന മോഡലും ക്ഷേമ പദ്ധതികളും ഡൽഹി മദ്യനയ അഴിമതിയും യമുന നദിയിലെ മലിനീകരണവുമടക്കം സജീവ ചർച്ചയായ തെരഞ്ഞെടുപ്പിനെ ദേശീയരാഷ്ട്രീയവും ഉറ്റുനോക്കുകയാണ്.