കണ്ണൂർ: തൊടുപുഴ സ്വദേശി അനന്തുകൃഷ്ണന്റെ ഓഫർ തട്ടിപ്പുമായി ബന്ധപ്പെട്ട കേസിൽ കോൺഗ്രസ് നേതാവ് ലാലി വിൻസന്റും പ്രതി. കണ്ണൂർ ടൗൺ പൊലീസാണ് ലാലി വിൻസന്റിനെതിരെ കേസെടുത്തത്. ഇതുവരെ കണ്ണൂരിൽ മാത്രം രണ്ടായിരത്തോളം പരാതികൾ ലഭിച്ചതായാണ് വിവരം. കേസിൽ ഏഴാം പ്രതിയാണ് ലാലി വിൽസന്റ്.
തൊടുപുഴ കുടയത്തൂർ കോളപ്ര ചൂരംകുളങ്ങര അനന്തുകൃഷ്ണൻ (26) നടത്തിയ തട്ടിപ്പ് 1000 കോടി കടക്കുമെന്നു പൊലീസ് നിഗമനം. മുവാറ്റുപുഴ പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്ത അനന്തു കൃഷ്ണന്റെ ഒറ്റ ബാങ്ക് അക്കൗണ്ടിൽ മാത്രം 400 കോടി രൂപ എത്തിയിരുന്നു. ഇതിൽ അവശേഷിക്കുന്നതു 3 കോടി രൂപ മാത്രമാണ്.
സന്നദ്ധ സംഘടനകളുടെ കൂട്ടായ്മയായ നാഷനൽ എൻജിഒ കോൺഫെഡറേഷന്റെ പേരിലായിരുന്നു തട്ടിപ്പ്. 6000 രൂപ വരെ റജിസ്ട്രേഷൻ ഫീസ് ഈടാക്കിയിരുന്നു. വാങ്ങുന്ന സാധനത്തിന്റെ പകുതി വിലയും മുൻകൂർ നൽകണം. ബാക്കി തുക വൻകിട കമ്പനികളുടെ സിഎസ്ആർ ഫണ്ടിൽനിന്നു ലഭ്യമാക്കും എന്നായിരുന്നു വാഗ്ദാനം. ആദ്യഘട്ടത്തിൽ കുറെപ്പേർക്കു സാധനങ്ങൾ നൽകി. ശേഷിക്കുന്നവരുടെ പണമാണു നഷ്ടമായത്.