അമൃത്സര്‍: ട്രെംപ് അധികാരമേറ്റതിനു പിന്നാലെ അമേരിക്കയില്‍ നിന്നും അനധികൃത കുടിയേറ്റക്കാരെ ഒഴിപ്പിക്കുന്നതിന്റെ ഭാഗമായി ഇന്ത്യയിലേക്ക് തിരിച്ചയച്ച ആദ്യ സംഘത്തില്‍ 104 ഇന്ത്യക്കാര്‍. ഇവര്‍ അമൃത്സര്‍ വിമാനത്താവളത്തിലാണ് വിമാനമിറങ്ങിയത്. സംഘത്തില്‍ 13 കുട്ടികള്‍ ഉള്‍പ്പെടെയുണ്ട്.
അമേരിക്കയിലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിനുള്ള പ്രചാരണ സമയത്ത് തന്നെ അമേരിക്കയിലെ അനധികൃത കുടിയേറ്റക്കാരെ നാടുകടത്തുമെന്ന് ട്രംപ് പ്രഖ്യാപിച്ചിരുന്നു. തുടര്‍ന്ന് ജനുവരി 20ന് വൈറ്റ് ഹൌസില്‍ ചുമതലയേറ്റതിന് പിന്നാലെ അനധികൃത കുടിയേറ്റക്കാര്‍ക്കെതിരെ ട്രംപ് നടപടി ആരംഭിക്കുകയും ചെയ്തു.
അമേരിക്കയുടെ സി-17 സൈനിക വിമാനത്തില്‍ 104 ഇന്ത്യക്കാരെയാണ് തിരിച്ചയച്ചത്. ടെക്‌സസിലെ സാന്‍ അന്റോണിയോ വിമാനത്താവളത്തില്‍ നിന്ന് പുറപ്പെട്ട സൈനിക വിമാനം ഇന്ത്യന്‍ സമയം ഇന്ന് ഉച്ചയ്ക്ക് 1.59നാണ് ശ്രീ ഗുരു റാം ദാസ് ജി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്തത്. ഇവരില്‍ 79 പേര്‍ പുരുഷന്‍മാരും 25 പേര്‍ സ്ത്രീകളുമാണ്. തിരിച്ചെത്തിയവരെ സ്വീകരിക്കാന്‍ വിപുലമായ ഒരുക്കങ്ങളും സുരക്ഷാ ക്രമീകരണങ്ങളുമാണ് പഞ്ചാബ് പൊലീസ് ഏര്‍പ്പെടുത്തിയിരുന്നത്. യുഎസ് എംബസിയുടെ പ്രതിനിധിയും വിമാനത്താവളത്തില്‍ എത്തിയിരുന്നു.
തിരിച്ചത്തിയ 104 പേരില്‍ 33 പേര്‍ വീതം ഹരിയാന, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ്. പഞ്ചാബില്‍ നിന്ന് 30 പേരുണ്ട്. മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ നിന്ന് മൂന്ന് പേര്‍ വീതവും ചണ്ഡീഗഡില്‍ നിന്ന് രണ്ട് പേരും സംഘത്തിലുണ്ട്. നേരത്തെ, ആദ്യ സംഘത്തില്‍ 200ഓളം ഇന്ത്യക്കാരുണ്ടെന്നായിരുന്നു റിപ്പോര്‍ട്ട്. എന്നാല്‍ പിന്നീട് തിരിച്ചയച്ചവരുടെ എണ്ണം 104 എന്ന് സ്ഥിരീകരിച്ചു. തിരിച്ചെത്തിയവര്‍ ഇന്ത്യയിലെ നിയമങ്ങള്‍ ലംഘിച്ചിട്ടില്ലെന്നതിനാല്‍ അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികളുണ്ടാകില്ലെന്ന് അധികൃതര്‍ അറിയിച്ചു. ഇവരുടെ പക്കല്‍ പാസ്‌പോര്‍ട്ട് ഇല്ലെങ്കില്‍ ബയോമെട്രിക് സംവിധാനം ഉപയോഗിക്കും. അമേരിക്ക-മെക്‌സിക്കോ അതിര്‍ത്തിയില്‍ നിന്ന് പിടികൂടിയവരെയാണ് ആദ്യ ഘട്ടത്തില്‍ തിരിച്ചയച്ചതെന്നാണ് ലഭിക്കുന്ന വിവരം.