തിരുവനന്തപുരം: പ്രവാസികളുടെ നാടുമായുള്ള ബന്ധം പ്രോത്സാഹിപ്പിക്കാന്‍ ലോകകേരള കേന്ദ്രങ്ങള്‍ ആരംഭിക്കാന്‍ ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ ബജറ്റില്‍ നിര്‍ദേശിച്ചു.
വീട്ടുടമകള്‍ക്ക് വരുമാനത്തിനപ്പുറം ഒഴിഞ്ഞു കിടക്കുന്ന വീടിന്റെ സുരക്ഷയും പരിപാലനവും ഉറപ്പുവരുത്താനും ഇതിലൂടെയാകും.ഫോര്‍ട്ട് കൊച്ചി, കുമരകം, കോവളം തുടങ്ങിയ വിനോദസഞ്ചാര മേഖലകളുടെ 10 കിലോമീറ്റര്‍ ചുറ്റളവിലാണ് പൈലറ്റ് പദ്ധതി നടപ്പാക്കുക. ഇതിന്റെ പ്രാരംഭ ചെലവുകള്‍ക്കായി 5 കോടി രൂപ വകയിരുത്തി.
വിഴിഞ്ഞത്തെ പ്രധാന ട്രാന്‍സ്ഷിപ്പ്മെന്റ് തുറമുഖമാക്കുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചു. വിഴിഞ്ഞവുമായി ബന്ധപ്പെടുത്തി പ്രധാന വ്യവസായ ഇടനാഴി വികസിപ്പിക്കും. തീരദേശപാതയുടെ ഓരോ 25 കിലോമീറ്ററിലും ഭൂമി ഏറ്റെടുക്കും. ഉള്‍നാടന്‍ ജലഗതാഗത്തിന് 500 കോടി രൂപയാണ് മാറ്റിവച്ചത്. കൊല്ലത്ത് ഐടി പാര്‍ക്ക് സ്ഥാപിക്കും. ആരോഗ്യമേഖലയ്ക്ക് 10431.73 കോടി രൂപ അനുവദിച്ചു. കാരുണ്യ പദ്ധതിക്കായി 700 കോടി രൂപയാണ് അനുവദിച്ചത്. പൊതുമരാമത്ത് പാലങ്ങള്‍ക്കും റോഡുകള്‍ക്കുമായി 3061 കോടി രൂപ വകയിരുത്തി. കേരളത്തെ ഹെല്‍ത്ത് ടൂറിസം ഹബ്ബാക്കാന്‍ 50 കോടി രൂപയും പ്രഖ്യാപിച്ചു.
തദ്ദേശ സ്ഥാപനങ്ങളുടെ ബജറ്റ് വിഹിതം 15980.41 കോടിയായി ഉയര്‍ത്തി. ജനറല്‍ പര്‍പ്പസ് ഫണ്ടായി 2577 കോടി രൂപയും നല്‍കും. വ്യവസായങ്ങള്‍ക്കുള്ള ഭൂമിക്കായി ക്ലിക്ക് പോര്‍ട്ടല്‍ അവതരിപ്പിക്കുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചു. പ്രവാസികളുടെ നാടുമായുള്ള ബന്ധം പ്രോത്സാഹിപ്പിക്കാന്‍ ലോകകേരള കേന്ദ്രങ്ങള്‍ ആരംഭിക്കും. ഇതിനായി 5 കോടി രൂപ അനുവദിച്ചു. കൊച്ചി മെട്രോയുടെ വികസനം തുടരുമെന്ന് പ്രഖ്യാപിച്ച ധനമന്ത്രി അതിവേഗ റെയില്‍പാതയ്ക്ക് ശ്രമം തുടരുമെന്നും പറഞ്ഞു.
സര്‍വീസ് പെന്‍ഷന്‍ പരിഷ്‌കരണ കുടിശികയുടെ അവസാന ഗഡു 600 കോടി ഫെബ്രുവരിയില്‍ നല്‍കുമെന്ന് സംസ്ഥാന ബജറ്റില്‍ പ്രഖ്യാപിച്ചു. ശമ്പളപരിഷ്‌കരണ കുടിശികയുടെ രണ്ടുഗഡു ഈ സാമ്പത്തിക വര്‍ഷം തന്നെ അനുവദിക്കും. പിഎഫില്‍ ലയിപ്പിക്കും. ഡിഎ കുടിശികയുടെ രണ്ടു ഗഡു ലഭിക്കാനുള്ള നടപടി സ്വീകരിക്കുമെന്നും ബജറ്റ് പ്രസംഗത്തില്‍ കെ.എന്‍. ബാലഗോപാല്‍ പറഞ്ഞു.
തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ക്ഷേമ പെന്‍ഷന്‍ 200 രൂപയെങ്കിലും വര്‍ധിപ്പിക്കുമെന്നായിരുന്നു പ്രതീക്ഷ. ഇത്തരത്തിലുള്ള സൂചനകള്‍ ധനമന്ത്രിയും നല്‍കിയിരുന്നു. എന്നാല്‍ ക്ഷേമ പെന്‍ഷന്റെ മൂന്നു മാസത്തെ കുടിശിക സമയബന്ധിതമായി നല്‍കുമെന്ന് മാത്രമായിരുന്നു ബജറ്റില്‍ ധനമന്ത്രി പറഞ്ഞത്.
ഇലക്ട്രിക് വാഹനങ്ങളുടെ നികുതി പുനക്രമീകരിക്കുമെന്ന് ധനമന്ത്രി. സ്വകാര്യ ആവശ്യത്തിന് ഉപയോഗിക്കുന്ന നാല് ചക്രങ്ങളുള്ള ഇലക്ട്രിക് വാഹനങ്ങളുടെ നികുതി അവയുടെ വിലയുടെ അടിസ്ഥാനത്തിലാണ് പുനക്രമീകരിക്കുന്നത്. 15 ലക്ഷത്തിന് മുകളിൽ വിലയുള്ള ഇലക്ട്രിക് വാഹനങ്ങൾക്ക് അവയുടെ വിലയുടെ എട്ട് ശതമാനം നികുതി, 20 ലക്ഷത്തിന് മുകളിൽ വിലയുള്ളവയ്ക്ക് 10 ശതമാനം, ബാറ്ററി റെൻഡിങ് സംവിധാനമുള്ള വാഹനങ്ങൾക്ക് അവയുടെ വിലയുടെ 10 ശതമാനവും നികുതി ഈടാക്കും.
ഒറ്റത്തവണ നികുതിയടച്ചുവരുന്ന സ്വകാര്യ ഇലക്ട്രിക് വാഹനങ്ങൾക്ക് 15 വർഷത്തെ നികുതിയായി നിലവിൽ ഈടാക്കിവരുന്നത് അഞ്ച് ശതമാനം നികുതിയായിരുന്നു. കൂടാതെ, സ്വകാര്യ ആവശ്യത്തിന് ഉപയോഗിക്കുന്ന 15 വർഷം കഴിഞ്ഞ മോട്ടോർ സൈക്കിളുകൾ, മുച്ചക്ര വാഹനങ്ങൾ, കാറുകൾ എന്നിവയുടെ നികുതിയിൽ 50 ശതമാനം വർധനവും ബജറ്റിൽ പ്രഖ്യാപിച്ചിട്ടുണ്ട്.