ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദ്വിരാഷ്ട്ര സന്ദർശനത്തിനു ഇന്ന് തുടക്കം. ഫ്രാൻസ്, യുഎസ് തുടങ്ങിയ രാജ്യങ്ങളാണു മോദി സന്ദർശിക്കുക. ഫ്രാൻസിൽ നടക്കുന്ന എഐ ഉച്ചകോടിയിൽ പങ്കെടുക്കുന്ന മോദി, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോയ്ക്കൊപ്പം ചടങ്ങിൽ അധ്യക്ഷത വഹിക്കും. ഫ്രാൻസിൽ നടക്കുന്ന ഉച്ചകോടിക്കു ശേഷമായിരിക്കും മോദി യുഎസിലേക്ക് യാത്ര തിരിക്കുക.
ഇന്ന് ഉച്ചയ്ക്കു ന്യൂഡൽഹിയിൽ നിന്നും യാത്രതിരിക്കുന്ന മോദി വൈകീട്ടോടെ പാരീസിൽ എത്തും. തുടർന്നു ഫ്രഞ്ച് പ്രസിഡന്റിന്റെ അത്താഴ വിരുന്നിൽ പങ്കെടുക്കും. ഫെബ്രുവരി 11നാണ് ഉച്ചകോടി. യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി.വാൻസും ചൈനീസ് ഉപപ്രധാനമന്ത്രി ഡിങ് സൂക്സിയാങ്ങും ഉച്ചകോടിയിൽ പങ്കെടുക്കുന്നുണ്ട്. 2023ൽ യുകെയിലും 2024ൽ ദക്ഷിണ കൊറിയയിലും നടന്ന ആഗോള ഫോറങ്ങളുടെ തുടർച്ചയായാണു പാരീസിലെ എഐ ഉച്ചകോടിയും നടക്കുന്നത്.
ഉച്ചകോടിക്കു ശേഷം പ്രസിഡന്റ് ഇമ്മാനുവൽ മക്രോയുമായി മോദി കൂടിക്കാഴ്ച്ച നടത്തും. ഇന്ത്യയും ഫ്രാൻസും തമ്മിലുള്ള ശക്തമായ സാമ്പത്തിക സഹകരണം വളർത്തിയെടുക്കുന്നതായിരിക്കും പ്രധാന ചർച്ച. തുടർന്നു മാർസെയിലിലേക്കു പോകുന്ന പ്രധാനമന്ത്രി സ്വകാര്യ അത്താഴവിരുന്നിലും പങ്കെടുക്കും. ഇതിനുശേഷമായിരിക്കും യുഎസിലേക്ക് പുറപ്പെടുക.