തിരുവനന്തപുരം: വനം മന്ത്രി എ.കെ ശശീന്ദ്രനെ സ്ഥാനത്തു നിന്നു പുറത്താക്കാന്‍ കച്ചകെട്ടി രംഗത്തിറങ്ങിയ എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ പി.സി ചാക്കോ ഒടുവില്‍ പാര്‍ട്ടി സംസ്ഥാന അധ്യക്ഷ സ്ഥാനം രാജിവെച്ച് ഒഴിഞ്ഞു. ദേശീയ അധ്യക്ഷന്‍ ശരദ് പവാറിന് രാജിക്കത്ത് കൈമാറി.
പാര്‍ട്ടിയിലെ ചേരിപ്പോരിനെ തുടര്‍ന്നാണ് രാജി. അതേസമയം, ദേശീയ വര്‍ക്കിംഗ് പ്രസിഡന്റ് സ്ഥാനത്ത് ചാക്കോ തുടരും. എ.കെ ശശീന്ദ്രനെ മാറ്റി തോമസ് കെ. തോമസിനെ മന്ത്രിയാക്കാനായി ചാക്കോ രംഗത്തിറങ്ങിയെങ്കിലും മുഖ്യമന്ത്രിയുടെ കടുത്ത നിലപാടിനു പിന്നാലെ ഇത് നടപ്പാക്കാന്‍ കഴിയാതെ വന്നു. ഇതോടെ ശശീന്ദ്രന് മന്ത്രി സ്ഥാനത്ത് തുടരാന്‍ അവസരമൊരുങ്ങി. മന്ത്രി സ്ഥാനം വാഗ്ദാനം ചെയ്ത് പി.സി ചാക്കോ തന്റെ ചേരിയില്‍ നിര്‍ത്തിയിരുന്ന തോമസ് കെ. തോമസിന് മന്ത്രി സ്ഥാനം ലഭിക്കില്ലെന്നു വന്നതോടെ അദ്ദഹം ശശീന്ദ്രന് ഒപ്പം ചേര്‍ന്നു. ഇതോടെ സംസ്ഥാനച്ച് ഒറ്റപ്പെട്ട സ്ഥിതിയുമായി.
തോമസ് കെ തോമസിനെ പ്രസിഡന്റ് ആക്കണമെന്ന് ആവശ്യപ്പെടാന്‍ ഒരുങ്ങുകയാണ് എ കെ ശശീന്ദ്രന്‍. 18 ന് വിളിച്ച എന്‍സിപി നേതൃയോഗം മാറ്റി. യോഗത്തില്‍ പങ്കെടുക്കില്ലെന്ന് ശശീന്ദ്രന്‍ പക്ഷം അറിയിച്ചു. ദേശീയ നേതൃത്വവും ബഹുഭൂരിപക്ഷം ജില്ലാ പ്രസിഡന്റുമാരും തോമസ് കെ തോമസിനെ മന്ത്രിയാക്കാനുള്ള നീക്കത്തിനൊപ്പമായിട്ടും നടക്കാതെ പോയതിന് കാരണം മുഖ്യമന്ത്രിയുടെ ഒറ്റ നിലപാടായിരുന്നു. എ കെ ശശീന്ദ്രനെ മാറ്റി തോമസ് കെ തോമസിനെ മന്ത്രിയാക്കാനാകില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയതോടെയാണ് പി സി ചാക്കോ വഴങ്ങിയത്.