Thursday, May 8, 2025

HomeMain Storyജമ്മു കശ്മീരിനെ സമനിലയിലൊതുക്കി കേരളം രഞ്ജിട്രോഫി സെമിയില്‍

ജമ്മു കശ്മീരിനെ സമനിലയിലൊതുക്കി കേരളം രഞ്ജിട്രോഫി സെമിയില്‍

spot_img
spot_img

പൂനെ: കേരളത്തിലെ ക്രിക്കറ്റ് പ്രേമികള്‍ക്ക് ഇത് അഭിമാന നിമിഷം. ജമ്മു കശ്മീരിനെ സമനിലയിലൊതുക്കി കേരളം രഞ്ജി ട്രോഫി സെമിയില്‍പ്രവേശിച്ചു. ആദ്യ ഇന്നിങ്‌സില്‍ നേടിയ ഒരു റണ്ണിന്റെ ലീഡാണ് മല്‌സരത്തില്‍ കേരളത്തിന് നിര്‍ണ്ണായകമായത്. രണ്ടാം ഇന്നിങ്‌സില്‍ കേരളം ആറ് വിക്കറ്റിന് 295 റണ്‍സെടുത്ത് നില്‍ക്കെയാണ് മത്സരം സമനിലയില്‍ അവസാനിച്ചത്.

ഇതിന് മുന്‍പ് ഒരു തവണ മാത്രമാണ് കേരളം രഞ്ജി ട്രോഫിയുടെ സെമിയിലെത്തിയിട്ടുള്ളത്.സമനില പോലും സെമിയിലേക്ക് വഴിതുറക്കുമെന്നിരിക്കെ കരുതലോടെയായിരുന്നു കേരള താരങ്ങള്‍ അവസാന ദിവസം ബാറ്റ് വീശിയത്. അക്ഷയ് ചന്ദ്രനും സച്ചിന്‍ ബേബിയും ചേര്‍ന്ന് വളരെ ശ്രദ്ധയോടെയാണ് ഇന്നിങ്‌സ് മുന്നോട്ട് നീക്കിയത്. രണ്ട് വിക്കറ്റിന് 100 റണ്‍സെന്ന നിലയില്‍ ബാറ്റിങ് തുടങ്ങിയ കേരളത്തിന് മൂന്നാം വിക്കറ്റ് നഷ്ടപ്പെട്ടത് 128ല്‍ നില്‌ക്കെയാണ്. എന്നാല്‍ ഇതിനിടയില്‍ 24 ഓവറുകള്‍ കടന്നു പോയിരുന്നു. 48 റണ്‍സെടുത്ത അക്ഷയ് ചന്ദ്രനെ സാഹില്‍ ലോത്രയാണ് പുറത്താക്കിയത്. 52 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ മൂന്ന് വിക്കറ്റുകള്‍ കൂടി നഷ്ടമായതോടെ ഒരു ഘട്ടത്തില്‍ ആറ് വിക്കറ്റിന് 180 റണ്‍സെന്ന നിലയിലായിരുന്നു കേരളം. അവിടെ വീണ്ടുമൊരു കൂട്ടുകെട്ടുമായി സല്‍മാന്‍ നിസാറും മുഹമ്മദ് അസറുദ്ദീനും കേരളത്തിന്റെ രക്ഷകരായി. പിരിയാത്ത ഏഴാം വിക്കറ്റ് കൂട്ടുകെട്ടില്‍ ഇരുവരും ചേര്‍ന്ന് 115 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. സല്‍മാന്‍ നിസാര്‍ 162 പന്തുകളില്‍ നിന്ന് 44 റണ്‍സുമായി പുറത്താകാതെ നിന്നപ്പോള്‍ 118 പന്തുകളില്‍ നിന്ന് 67 റണ്‍സുമായി മുഹമ്മദ് അസറുദ്ദീനും പുറത്താകാതെ നിന്നു.

ക്യാപ്റ്റന്‍ സച്ചിന്‍ ബേബി 48 റണ്‍സും, ജലജ് സക്‌സേന 18ഉം ആദിത്യ സര്‍വാടെ എട്ടും റണ്‍സെടുത്തു. കശ്മീരിന് വേണ്ടി യുധ്വീര്‍ സിങ്, സാഹില്‍ ലോത്ര, ആബിദ് മുഷ്താഖ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.2018-19 സീസണിലാണ് കേരളം അവസാനമായി രഞ്ജി ട്രോഫി സെമി ഫൈനല്‍ കളിച്ചത്. അന്ന് സെമിയില്‍ വിദര്‍ഭയോട് തോല്‍വി വഴങ്ങുകയായിരുന്നു. എന്നാല്‍ ഇത്തവണ കര്‍ണ്ണാടക, മധ്യപ്രദേശ്,ഉത്തര്‍പ്രദേശ്, ബംഗാള്‍, തുടങ്ങിയ കരുത്തരായ ടീമുകളെ മറികടന്നാണ് കേരളം നോക്കൌട്ടിലേക്ക് യോഗ്യത നേടിയത്. മുംബൈ, ബറോഡ തുടങ്ങിയ കരുത്തരെ തോല്പിച്ചെത്തിയ കശ്മീരിനെയാണ് ക്വാര്‍ട്ടറില്‍ കേരളം മറികടന്നത്. ദുഷ്‌കരമായ സാഹചര്യങ്ങളില്‍ നിന്ന് പൊരുതിക്കയറാനുള്ള ആത്മവിശ്വാസമാണ് ഇത്തവണത്തെ ടീമിനെ വേറിട്ട് നിര്‍ത്തുന്നത്. ഫോമിലുള്ള ബാറ്റിങ് – ബൌളിങ് നിരകള്‍ക്കൊപ്പം വാലറ്റം വരെ നീളുന്ന ബാറ്റിങ്ങും കേരളത്തിന്റെ മുന്നേറ്റത്തില്‍ നിര്‍ണ്ണായകമായി. അവസാന വിക്കറ്റുകളില്‍ നേടിയ കൂട്ടുകെട്ടുകളായിരുന്നു കഴിഞ്ഞ മല്‌സരങ്ങളില്‍ കേരളത്തിന് അനുകൂലമായത്. സല്‍മാന്‍ നിസാര്‍ ആണ് പ്ലെയര്‍ ഓഫ് ദി മാച്ച്. സെമിയില്‍ ഗുജറാത്താണ് കേരളത്തിന്റെ എതിരാളികള്‍. രണ്ടാം സെമിയില്‍ മുംബൈ വിദര്‍ഭയെ നേരിടും. ഈ മാസം 17 നാണ് സെമി ഫൈനല്‍ മല്‌സരങ്ങള്‍ തുടങ്ങുക.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments