ബെയ്ജിങ്: ചൈനയില്‍ വിവാഹങ്ങളുടെ നിരക്ക് ക്രമാതീതമായി കുറയുന്നതായി റിപ്പോര്‍ട്ട്. വിവാഹ രജിസ്ട്രേഷനുകളില്‍ 20 ശതമാനം ഇടിവാണ് ഉണ്ടായിട്ടുള്ളത്. കഴിഞ്ഞ വര്‍ഷം 76.8 ലക്ഷം പേരാണ് വിവാഹം ചെയ്തത്, എന്നാല്‍ ഈ വര്‍ഷം അത് 61 ലക്ഷത്തിലേക്ക് താഴ്ന്നു. വിവാഹ രജിസ്ട്രേഷനിലെ ഈ ഇടിവാണ് ആശങ്കയ്ക്ക് കാരണമായത്. രാജ്യത്തെ ജനസംഖ്യ വര്‍ധിക്കുന്നതിനായി വിവാഹവും ജനനവുമെല്ലാം പ്രോത്സാഹിപ്പിച്ചിട്ടും ഉണ്ടാകുന്നത് വലിയ ഇടിവുകളാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം വളരെ വലിയ ഇടിവാണ് വിവാഹങ്ങളുടെ എണ്ണത്തില്‍ ഉണ്ടായിരിക്കുന്നതെന്ന് വിസ്‌കോന്‍സിന്‍-മാഡിസണ്‍ സര്‍വകലാശാലയിലെ ജനസംഖ്യാവിദ്ഗ്ദനായ യി ഫുക്സിയാന്‍ വ്യക്തമാക്കുന്നു. വിവാഹനിരക്ക് ഈ നിലയില്‍ തുടരുകയാണെങ്കില്‍ ചൈനീസ് ഭരണകൂടത്തിന്റെ രാഷ്ട്രീയ സാമ്പത്തിക പ്രതീക്ഷകള്‍ ജനസംഖ്യാ ദൗര്‍ബല്യം കാരണം തകര്‍ക്കപ്പെടുമെന്നും ഫുക്സിയാന്‍ ചൂണ്ടിക്കാണിച്ചു.
ജനസംഖ്യയില്‍ ലോകത്തെ രണ്ടാം സ്ഥാനമാണ് ചൈനയ്ക്കുള്ളത്. ഇവിടുത്തെ ആളുകള്‍ക്ക് അതിവേഗത്തില്‍ പ്രായമായിക്കൊണ്ടിരിക്കുകയാണ്. ഏകദേശം 30 കോടിയിലേറെ ആളുകള്‍ വരും ദശകത്തില്‍ വിരമിക്കുന്ന പ്രായത്തിലെത്തും, അമേരിക്കയിലെ ജനസംഖ്യയ്ക്ക് തുല്യമാണിത്. ദശാബ്ദങ്ങളായി ചൈനയില്‍ ജനനനിരക്കില്‍ വലിയ ഇടിവ് ഉണ്ടായിട്ടുണ്ട്. അതിന് പ്രധാന കാരണം 1980-2015 കാലത്ത് നിലനിന്നിരുന്ന ‘ഒരു കുട്ടി’ നയവും നഗരവത്കരണവുമാണെന്ന് കരുതുന്നു.
എന്നാല്‍, കുതിച്ചുയരുന്ന ജീവിത ചെലവുകളും മറ്റ് സാഹചര്യങ്ങളുമാണ് വിവാഹങ്ങളോടുള്ള യുവാക്കളുടെ വിമുഖതയ്ക്ക് കാരണം എന്നാണ് വിലയിരുത്തല്‍. പുരുഷന്‍മാരെ ആശ്രയിച്ചുള്ള ജീവിതത്തോടും വിവാഹ ജീവിതത്തോടും സ്ത്രീകള്‍ക്ക് താത്പര്യം കുറഞ്ഞതും കണക്കുകളിലെ ഇടിവിന് കാരണമായിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു.
ജനനനിരക്ക് വര്‍ധിപ്പിക്കുന്നതിനും, വിവാഹത്തി പ്രോത്സാഹനം നല്‍കുന്നതിനുമായി നിരവധി പദ്ധതികളാണ് അധികാരികള്‍ നടപ്പിലാക്കുന്നത്. വിവാഹം, സ്നേഹബന്ധം, പ്രത്യുല്‍പാദനം, കുടുംബം എന്നിവയുടെ നല്ല വശങ്ങളെക്കുറിച്ചുള്ള ബോധവത്കരണം ഇതില്‍ പ്രധാനപ്പെട്ട ഒന്നാണ്.
എന്നാല്‍ പുതിയ പദ്ധതികളെല്ലാം നടത്തിയിട്ടും വിവാഹത്തിലോ ജനനനിരക്കിലോ യാതൊരു പുരോഗതിയും ഉണ്ടായിട്ടില്ല. കോവിഡിന് ശേഷം ഇപ്പോഴും ജനസംഖ്യയിലെ കുറവ് തുടരുകയാണ്. ഇതിന് പുറമെ രാജ്യത്ത് വിവാഹമോചന അപേക്ഷകളുടെ എണ്ണവും വര്‍ധിച്ചതായി കണക്കുകള്‍ പറയുന്നു. 26 ലക്ഷം പേരാണ് കഴിഞ്ഞ വര്‍ഷം മാത്രം വിവാഹമോചിതരായത്. 2023നെ അപേക്ഷിച്ച് 1.1 ശതമാനം വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്.