വാഷിങ്ടന്‍: അമേരിക്കയുടെ താരിഫ് ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ അമേരിക്കയിലെത്തിയ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യവസായി ഇലോണ്‍ മസ്‌ക് ഉള്‍പ്പെടെയുള്ളവരുമായി കൂടിക്കാഴ്ച നടത്തിയേക്കും.
ട്രംപ് രണ്ടാമതും അധികാരമേറ്റു നാലാം ആഴ്ചയിലാണു മോദിയുടെ സന്ദര്‍ശനം. 12നു വൈകിട്ടോടെ ഫ്രാന്‍സില്‍നിന്നാണു മോദി യുഎസില്‍ എത്തിയത്. ട്രംപിന്റെ രണ്ടാം ടേമില്‍ യുഎസ് സന്ദര്‍ശിക്കുന്ന ഏഷ്യയിലെ ആദ്യ രാഷ്ട്ര നേതാവാണ്. ഇരു രാജ്യങ്ങളും അവരുടെ ജനതയുടെ നേട്ടത്തിനായും മികച്ച ഭാവിക്കായും ചേര്‍ന്നു പ്രവര്‍ത്തിക്കുമെന്നു മോദി പറഞ്ഞു.
ഒട്ടേറെ രാജ്യങ്ങള്‍ക്കുമേല്‍ യുഎസ് ചുമത്തിയ വ്യാപാര തീരുവകള്‍, ട്രംപിന്റെ വിവാദ ഗാസ സമാധാന പദ്ധതി, അനധികൃത കുടിയേറ്റക്കാരെ കൂട്ടത്തോടെ നാടുകടത്തല്‍ എന്നിവയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടെയാണു സുപ്രധാന കൂടിക്കാഴ്ച. ഇരു നേതാക്കളും ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്താന്‍ ശ്രമിക്കുമ്പോള്‍ ഈ വിഷയങ്ങളും ചര്‍ച്ചകളുടെ ഭാഗമാകും. ഇന്ത്യയുടെ തന്ത്രപരമായ പ്രാധാന്യവും ട്രംപിനു മോദിയുമായുള്ള വ്യക്തിപരമായ അടുപ്പവുമാണു കൂടിക്കാഴ്ച ഇത്രവേഗം സാധ്യമാക്കിയത്.
ട്രംപിന്റെ സത്യപ്രതിജ്ഞയ്ക്കു ശേഷം വൈറ്റ് ഹൗസില്‍ അദ്ദേഹത്തെ കാണുന്ന നാലാമത്തെ ലോകനേതാവാണു മോദി. ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു, ജപ്പാന്‍ പ്രധാനമന്ത്രി ഷിഗെരു ഇഷിബ, ജോര്‍ദാന്‍ രാജാവ് അബ്ദുല്ല എന്നിവരെയാണു മുന്‍പ് യുഎസ് പ്രസിഡന്റ് സ്വീകരിച്ചത്. ഇന്ത്യന്‍ സമൂഹവുമായും കോര്‍പറേറ്റ് മേധാവികളുമായും ആശയവിനിമയം നടത്തും.