വാഷിംഗ്ടണ്‍: അമേരിക്കന്‍ സന്ദര്‍ശനത്തിനെത്തിയ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാണ്‍ഡ് ട്രംപ് തന്റെ വിദേശ രാജ്യങ്ങളുമായുള്ള ബന്ധത്തിന്റെ അടിസ്ഥാനം വ്യക്തമാക്കി.
ഇന്ത്യയുമായി മികച്ച വ്യാപാരബന്ധവും കരാറുകളും പ്രതീക്ഷിക്കുന്നതായി ആദ്യ കൂടിക്കാഴ്ച്ചയില്‍ തന്നെ ട്രംപ് അറിയിച്ചു. സൈനീക വിമാനങ്ങള്‍ ഉള്‍പ്പെടെ വാങ്ങുന്നതിനായി ഇന്ത്യ ആലോചന നടത്തുന്നതിനിടെയാണ് ട്രംപിന്റെ ഈ പ്രസ്താവന എന്നതും ശ്രദ്ധേയമാണ്. ആദ്യ വട്ടം ട്രംപ് അധികാരത്തിലേറിയപ്പോള്‍ ആദ്യ വിദേശ സന്ദര്‍ശനം നടത്തിയത് സൗദിയിലേക്കായിരുന്നു. അമേരിക്കയുമായി വമ്പന്‍ വ്യാപാര കരാറില്‍ ഏര്‍പ്പെട്ടതിനെ തുടര്‍ന്നായിരുന്നു ആദ്യ വിദേശ സന്ദര്‍ശനം സൗദിയിലേക്ക് അന്ന് ട്രംപ് തെരഞ്ഞെടുത്തത്. അമേരികയ്ക്ക് സാമ്പത്തീകമായി മികവ് ഉണ്ടാക്കാന്‍ കഴിയുന്ന നടപടികള്‍ക്കാണ് താന്‍ മുന്‍ഗണന നല്കുന്നതെന്നു ഇതിലൂടെ ട്രംപ് വ്യക്തമാക്കിയിരുന്നു. ഇതേ നിലപാട് തന്നെയാണ് ഇന്ത്യന്‍ പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച്ചയുടെ തുടക്കത്തില്‍ ട്രംപ് കൈക്കൊണ്ടിട്ടുള്ളത്.
ഈ സാഹചര്യത്തില്‍ അമേരിക്കയില്‍ നിന്ന് സൈനിക വിമാനങ്ങള്‍ വാങ്ങുന്നതുള്‍പ്പടെയുള്ള വിഷയങ്ങള്‍ ട്രംപുമായുള്ള ചര്‍ച്ചയില്‍ വിഷയമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അനധികൃത കുടിയേറ്റക്കാരെ തിരിച്ചയയ്ക്കുന്ന വിഷയത്തിലും ഇരു രാജ്യങ്ങളും ചര്‍ച്ചയില്‍ നിലപാട് വ്യക്തമാക്കും. ഈ വര്‍ഷം നടക്കുന്ന ക്വാഡ് ഉച്ചകോടിക്കായി ഡൊണാള്‍ഡ് ട്രംപിനെ മോദി ഇന്ത്യയിലേക്ക് ക്ഷണിക്കും. വൈറ്റ് ഹൗസിന് സമീപത്തുളള ബ്ലെയര്‍ ഹൗസില്‍ വെച്ച് ഇലോണ്‍ മസ്കുമായി നരേന്ദ്ര മോദി നടത്തിയ കൂടിക്കാഴ്ചയില്‍ സ്റ്റാര്‍ലിങ്ക്, ഇന്ത്യയുമായുള്ള സാങ്കേതിക സഹകരണം, ഇലക്ട്രിക്ക് വാഹന വ്യവസായം, എഐ നിക്ഷേപ സാധ്യതകള്‍ തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു.
മോദിയുടെ പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ച ട്രംപ് മോദി തന്റെ അടുത്ത സുഹൃത്തെന്നും ഇരുരാജ്യങ്ങളുടെയും പുരോഗതിക്ക് വേണ്ടി ഒരുമിച്ച് മുന്നേറുമെന്നും വ്ര്യക്തമാക്കി.കഴിഞ്ഞ നാല് വര്‍ഷവും സൗഹൃദം നിലനിര്‍ത്തിയെന്നും ട്രംപ് പറഞ്ഞു.
ഇന്ത്യയും അമേരിക്കയും ഇരട്ടി വേഗത്തില്‍ ഒരുമിച്ച് മുന്നോട്ട് നീങ്ങുമെന്നും മോദി പറഞ്ഞു. ട്രംപുമായി യോജിച്ചു പ്രവര്‍ത്തിച്ച് ഇന്ത്യ-അമേരിക്ക ബന്ധം ശക്തിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. മോദി അടുത്ത സുഹൃത്താണെന്നും മികച്ച വ്യാപാര ബന്ധവും കരാറുകളും ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ പ്രതീക്ഷിക്കുന്നതായും ട്രംപ് പറഞ്ഞു.