പനാമ സിറ്റി (പനാമ) : ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നും അമേരിക്കയിലേക്ക് അനധികൃതമായി കുടയേറിയവരെ പനാമയിലേക്ക് നാടുകടത്തി ട്രംപ് ഭരണകൂടം. അനധികൃത കുടിയേറ്റക്കരെ തിരികെക്കൊണ്ടുപോകണമെന്ന അമേരിക്കയുടെ ആവശ്യം നടപ്പാക്കാന്‍ ഈ രാജ്യങ്ങള്‍ വൈകിയതിനെ തുടര്‍ന്നാണ് പനാമയിലേക്ക് നീക്കിയതെന്നാണ് അമേരിക്കയുടെ വിശദീകരണം.
സൈനീക വിമാനത്തിലാണ് കാലിഫോര്‍ണിയയില്‍ നിന്ന് അനധികൃത കുടിയേറ്റക്കാരെ പനാമയിലേക്ക് നീക്കിയത്. പാകിസ്ഥാന്‍, ഉസ്ബെക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള അനധികൃത കുടിയേറ്റക്കാരെയാണ് പനാമയിലേക്ക് നാടുകടത്തിയത്.
ആദ്യ വിമാനത്തില്‍ 100 ലധികം കുടിയേറ്റക്കാര്‍ ഉണ്ടായിരുന്നു. ആദ്യഘട്ടത്തില്‍ അനധികൃത കുടിയേറ്റക്കാരെ അവരുടെ രാജ്യങ്ങളിലേക്ക് കയറ്റിവിടുകയായിരുന്നു. എന്നാല്‍ ഇപ്പോള്‍ മൂന്നാമതൊരു രാജ്യത്തിലേക്ക് മാറ്റുന്നുവെന്ന പ്രത്യേകതയുണ്ട്.
കഴിഞ്ഞ ആഴ്ച അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ നടത്തിയ സന്ദര്‍ശനത്തിന് തൊട്ടുപിന്നാലെയാണ് ഇത് സംഭവിച്ചത്. ഈ യാത്രയില്‍ നടത്തിയ സമ്മര്‍ദത്തെ തുടര്‍ന്നാണ് ഇത്തരത്തിലുളള കുടിയേറ്റക്കാരെ പനാമയിലേക്ക് നാടുകടത്താന്‍ അനുമതി നല്കിയതെന്ന സൂചനയുണ്ട്. മറ്റുരാജ്യങ്ങളില്‍ നിന്നുള്ള അനധികൃത കുടിയേറ്റക്കാരെ രാജ്യത്ത് എത്തിച്ചതായി പനാമ പ്രസിഡന്റ് ജോസ് റൗള്‍ മുലിനോയും സമ്മതിച്ചു. ഡാരിയനിലുള്ള ഷെല്‍ട്ടറിലേക്ക് കുടിയേറ്റക്കാരെ മാറ്റുമെന്നും മുലിനോ പറഞ്ഞു. അവിടെ നിന്ന് അവരെ സ്വന്തം നാടുകളിലേക്ക് തിരിച്ചയക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു