വാഷിംഗ്ടൺ : അമേരിക്കയുടെ കച്ചവട താത്പര്യം ഇന്ത്യക്ക് മുന്നിൽ തുറന്നു കാട്ടി പ്രസിഡന്റ് ട്രംപ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുളള കൂടിക്കാഴ്ചയിലാണ് ട്രംപ് നിലപാട് വ്യക്തമാക്കിയത്. സൗഹൃദത്തിനുമപ്പുറം കച്ചവടത്തിനാണ് മുൻതൂക്കമെന്ന വ്യക്തമായ സൂചനയാണ് യു എസ്മുന്നോട്ടു വെക്കുന്നത്. ചില യുഎസ് ഉൽപന്നങ്ങൾക്കു തീരുവ ഇളവ്, യുഎസിൽനിന്ന് കൂടുതൽ ഇന്ധന ഇറക്കുമതി, യുദ്ധവിമാന കരാർ തുടങ്ങിയ വാഗ്ദാനങ്ങൾ പ്രധാനമന്ത്രി നരേന്ദ്രമോദി നൽകിയെങ്കിലും വിമർശനത്തിൽ ട്രംപ് മയം വരുത്തിയില്ല. തീരുവയുടെ കാര്യത്തിൽ പകരത്തിനു പകരം എന്ന നയം തുടരുമെന്ന് വ്യക്തമാക്കി.
ഇന്ത്യയുടെ തീരുവ അന്യായവും ഉയർന്നതുമാണെന്ന വിമർശനം ട്രംപ് ആവർത്തിച്ചു. ഇതുമൂലം ഇന്ത്യൻ വിപണിയിൽ യുഎസിനു വേണ്ടത ഇടമില്ലെന്നും പറഞ്ഞുഇന്ത്യയിൽ അമേരിക്കക്കാർക്ക് ബിസിനസിനു പറ്റിയ അന്തരീക്ഷമല്ലെന്ന വിമർശനം ഉയർത്തി മണിക്കൂറുകൾക്കകമാണ് വൈറ്റ് ഹൗസിൽ ഇരുനേതാക്കളും ചർച്ചയ്ക്കിരുന്നത്. . ഇന്ത്യയിലെ ഉയർന്ന തീരുവയ്ക്കുള്ള തിരിച്ചടിയായാണു സീൽ, അലുമിനിയം ഇറക്കുമതിക്ക് യുഎസും കൂടിയ നിരക്കിൽ തീരുവ ഏർപ്പെടുത്തിയത്. “ഇന്ത്യ ഈടാക്കുന്നതെന്തോ അതു തിരിച്ചു ഞങ്ങളും ഈടാക്കും’- ട്രംപ് പറഞ്ഞു. യുഎസിന്റെ ദേശീയ താൽപര്യമാണ് ട്രംപ് സംരക്ഷിക്കുന്നതെന്നും ഇതാണ് അദ്ദേഹത്തെക്കുറിച്ചുള്ള മതിപ്പെന്നും അഭിപ്രായപ്പെട്ട നരേന്ദ്ര മോദി, ട്രംപിനെപ്പോലെ താനും മറ്റേതിനും മീതെ ഇന്ത്യയുടെ ദേശീയ താൽപര്യമാണ് പരിഗണിക്കാറുള്ളതെന്ന് വ്യക്തമാക്കി.2008 മുംബൈ ഭീകരാക്രമണത്തിലെയും പഠാൻകോട്ട് ഭീകരാക്രമണത്തിലെയും പ്രതികളെ പാക്കിസ്ഥാൻ എത്രയും വേഗം നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്ന് ട്രംപ്-മോദി സംയുക്‌ത പ്രസ്താവനയിൽ ആവശ്യപ്പെട്ടു.