വാഷിoഗ്ടൺ: വർഷങ്ങളായി തുടരുന്ന റഷ്യ – യുക്രൈൻ യുദ്ധം അവസാനിപ്പിക്കാൻ അമേരിക്കയുടെ മധ്യസ്ഥതയിൽ സമാധാന ചർച്ചകൾ ആരംഭിക്കുന്നു.
യുദ്ധം അവസാനിപ്പിക്കാൻ അമേരിക്കയുടെ നേതൃത്വത്തിൽ മദ്ധ്യസ്ഥ ചർച്ചകൾ അടുത്തയാഴ്ച സൗദി അറേബ്യയിൽ നടക്കും. യുഎസ് വിദേശ സെക്രട്ടറി മാർക്കോ റൂബിയോ, സുരക്ഷാ ഉപദേഷ്ടാവ് മൈക്ക് വാൽസ്, പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ് എന്നിവർ നേതൃത്വം നൽകും. റഷ്യയെ പ്രതിനിധീകരിച്ച് ആരാണ് ചർച്ചയ്ക്കെത്തുക എന്നതിൽ പ്രഖ്യാപനം വന്നില്ല.
എന്നാൽ സൗദി അറേബ്യയിലെ ചർച്ചകൾക്ക് നിലവിൽ യുക്രൈനെ ക്ഷണിച്ചിട്ടില്ലെന്ന് യുക്രൈൻ പ്രസിഡന്‍റ് വ്ളാഡിമിർ സെലൻസ്‌കി പ്രതികരിച്ചു. വെള്ളിയാഴ്ച ജർമ്മനിയിൽ യുഎസ് വൈസ് പ്രസിഡന്‍റ് ജെ ഡി വാൻസുമായി കൂടിക്കാഴ്ച നടത്തിയ ശേഷമായിരുന്നു സെലൻസ്കിയുടെ പ്രതികരണം. യുക്രൈനുമായി സഹകരിക്കുന്ന രാജ്യങ്ങളുമായി ആലോചിക്കാതെ ഒരു തീരുമാനമെടുക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം സംഘർഷം അവസാനിപ്പിക്കാൻ യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്, റഷ്യൻ പ്രസിഡന്‍റ് വ്‌ളാഡിമിർ പുടിൻ, യുക്രൈൻ പ്രസിഡന്‍റ് വ്ളാഡിമിർ സെലൻസ്‌കി എന്നിവർ തമ്മിൽ കൂടിക്കാഴ്ച സംഘടിപ്പിക്കുകയാണ് ലക്ഷ്യമെന്ന് യുഎസ് പ്രതിനിധി മൈക്കൽ മക്കോൾ വ്യക്തമാക്കി.