അമൃത്സര്‍: അനധികൃതമായി അമേരിക്കയിലേക്ക് കുടിയേറിയതിന് പിടിക്കപ്പെട്ട ഇന്ത്യക്കാര്‍ അമേരിക്കന്‍ സേനയുടെ പിടിയിലകപ്പെട്ട ശേഷേം കഴിഞ്ഞത് നരകതുല്യമായ സ്ഥിതിയിലെന്നു തിരിച്ചെത്തിയ യാത്രക്കാര്‍. പിടിക്കപ്പെട്ട ശേഷം 15 ദിവസത്തോളം കുളിക്കുകയോ പല്ലു തേയ്ക്കുകയോ ചെയ്തില്ലെന്നും 66 മണിക്കൂറിലെ വിമാന യാത്ര നരക തുല്യമായിരുന്നുവെന്ന് യാത്രക്കാര്‍ പറഞ്ഞതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
കൈകാലുകള്‍ ബന്ധിച്ചിരുന്നെന്നും ഇന്ത്യയിലേക്കു നാടുകടത്തുകയാണെന്ന് അറിയിച്ചിരുന്നുവെന്നും പഞ്ചാബ് സ്വദേശിയായ മന്‍ദീപ് സിങ് പറഞ്ഞു. ഫെബ്രുവരി അഞ്ചിന് എത്തിയവരെ പോലെ കൈകളില്‍ വിലങ്ങണിയിച്ചു കാലുകള്‍ ചങ്ങലക്കിട്ടാണ് നാട്ടിലെത്തിച്ചതെന്ന് മന്‍ദീപ് സിങ് പറഞ്ഞു.
’66 മണിക്കൂര്‍ നരകം പോലെയായിരുന്നു. തിരിച്ചയയക്കുന്ന സമയത്ത് എന്തു വേണമെങ്കിലും സംഭവിക്കാം. പലരും വിഷാദത്തിലായിരുന്നു. നിരാശയിലും നഷ്ടബോധത്തിലുമായിരുന്നു. കരഞ്ഞുകൊണ്ട് അസാധാരണമായാണു പലരും വിമാനത്താവളത്തില്‍ പെരുമാറിയത്. എല്ലാവര്‍ക്കും യുഎസില്‍ മികച്ചൊരു ഭാവിയായിരുന്നു സ്വപ്നം. ഒരു വിദേശരാജ്യത്ത് പിടിക്കപ്പെടുന്നു. തടങ്കലില്‍ വയ്ക്കുന്നു. ഇന്ത്യയിലേക്കു തിരിച്ചയയ്ക്കുകയും ചെയ്യുന്നു. ഇതു മാനസികമായി ബാധിക്കും’ – മന്‍ദീപ് പറഞ്ഞു. ഇന്ത്യയില്‍ തിരിച്ചെത്തിയ അനധികൃത കുടിയേറ്റക്കാരില്‍ രണ്ടു കൊലക്കേസ് പ്രതികളുമുള്‍പ്പെടുന്നു.പട്യാല ജില്ലയിലെ രാജ്പുരയില്‍നിന്നുള്ള സന്ദീപ് സിങ് എന്ന സണ്ണി, പ്രദീപ് സിങ് എന്നിവരെയാണ് 2023ല്‍ റജിസ്റ്റര്‍ ചെയ്ത കേസില്‍ രാജ്പുര പൊലീസ് അറസ്റ്റ് ചെയ്തത്. വിമാനത്താവളത്തില്‍ എത്തിയ ഉടനെ രഹസ്യാന്വേഷണ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇരുവരെയും അറസ്റ്റ് ചെയ്യുകയായിരുന്നു.