പ്രയാഗ്രാജ്: മഹാകുംഭ മേളയുടെ തിരക്കിലാണ് പ്രയാഗ്രാജ്. ദിനവും കോടിക്കണക്കിന് ആളുകളാണ് കുംഭമേളാ വേദി സന്ദര്‍ശിക്കുന്നത്. 45 ദിവസം നീണ്ട കുംഭമേളയില്‍ പങ്കെടുക്കാന്‍ സ്വദേശികളും വിദേശികളും ഉള്‍പ്പെടെയാണ് പ്രയാഗ്രാജില്‍ എത്തിയിരിക്കുന്നത്. ദിവസങ്ങളോളം ഇവിടെ തങ്ങുന്ന ഇവര്‍ നമ്മുടെ ഖജാനാവിലേക്ക് എത്തിക്കുന്നത് നമുക്ക് ചിന്തിക്കാനാവുന്നതിലും അപ്പുറത്തുള്ള തുകയാണ്. അതുകൊണ്ട് തന്നെ കുംഭമേളയെ സാമ്പത്തിക സുനാമി എന്നാണ് സാമ്പത്തിക വിദഗ്ധര്‍ വിശേഷിപ്പിക്കുന്നത്. സാമ്പത്തിക നേട്ടത്തിന് പുറമെ കുംഭമേളയോട് അനുബന്ധിച്ചുള്ള അടിസ്ഥാന സൗകര്യ വികസനത്തിനായി യുപി സര്‍ക്കാര്‍ 5500 കോടി രൂപയാണ് അനുവദിച്ചത്. ഇത് പൂര്‍ണമായി ഉപയോഗിച്ച് അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തിയിട്ടുണ്ട്. ദീര്‍ഘകാലത്തേയ്ക്ക് ഗുണം ചെയ്യുന്നതാണ് ഈ നവീകരണം.
2013-ല്‍ കുംഭമേളയില്‍ നിന്നും 12,000 കോടി രൂപയുടെ വരുമാനം ആയിരുന്നു നമ്മുടെ രാജ്യത്തിന് ലഭിച്ചത്. 2019 ല്‍ നടന്ന അര്‍ദ്ധ കുംഭമേളയില്‍ വരുമാനം 1.2 ലക്ഷം കോടി രൂപയായി ഉയര്‍ന്നു. ഇക്കുറി 2 ലക്ഷം മുതല്‍ 3 ലക്ഷം കോടി രൂപവരെ വരുമാനം ആയിരിക്കും ലഭിക്കുക. 400 മുതല്‍ 450 മില്യണ്‍ ആളുകള്‍ ഇവിടെ എത്തുന്നുവെന്നാണ് ഏകദേശ കണക്ക്. ഇവര്‍ ഓരോരുത്തരും ഓരോ ദിവസവും 600 മുതല്‍ 750 രൂപവരെ വിവിധ ആവശ്യങ്ങള്‍ക്കായി ഇവിടെ ചിലവഴിക്കുന്നുണ്ട്. ഇതെല്ലാം നേരെ എത്തുന്നത് സര്‍ക്കാരിന്റെ പണപ്പെട്ടിയിലേക്ക് ആണ്.
2019 ലെ അര്‍ദ്ധകുംഭമേളയില്‍ പരസ്യത്തിലൂടെയും സ്പോണ്‍സര്‍ഷിപ്പിലൂടെയും 2000 കോടി രൂപയുടെ നേട്ടം ആയിരുന്നു ഉണ്ടായത്. ഇത് ഇക്കുറി മൂവായിരം കടക്കും. ഒന്നരമാസം കൊണ്ട് ഇത്രയേറെ നേട്ടം ഉണ്ടാകുന്നത് എന്നുകൂടി ആലോചിക്കണം. കുംഭമേള ആരംഭിക്കുമ്പോള്‍ തന്നെ പ്രയാഗ്രാജിലെ ഹോട്ടലുകള്‍ നിറയും. ആളുകള്‍ താമസത്തിന് വേണ്ടി നല്‍കുന്ന പണം മാത്രം 15,000 കോടി കടക്കുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇതിന് പുറമേ സര്‍ക്കാര്‍ സജ്ജീകരിച്ചിട്ടുള്ള താമസ സ്ഥലങ്ങളിലും ആളുകളെ കൊണ്ട് നിറയും. ഇവിടെ നിന്നുമുള്ള വരുമാനം ആകട്ടെ 10,000 കോടി കടക്കും. തീര്‍ത്ഥാടകര്‍ ഭക്ഷണം കഴിക്കുന്നതുവഴി മാത്രം 5000 കോടി രൂപയുടെ നേട്ടമാണ് ഉണ്ടാകുന്നത്.
കുംഭമേളയോട് അനുബന്ധിച്ച് നിരവധി സ്പെഷ്യല്‍ ട്രെയിന്‍, ബസ്, വിമാന സര്‍വ്വീസുകളാണ് ആരംഭിച്ചിട്ടുള്ളത്. ഇതുവഴിയും സര്‍ക്കാരിന് വന്ന് ചേരുന്നുണ്ട് കോടികളുടെ വരുമാനം. ഇക്കുറി 1500 സ്പെഷ്യല്‍ ട്രെയിന്‍സര്‍വ്വീസ് ആണ് ഉള്ളത്. ഇതുവഴി മാത്രം 20,000 കോടി രൂപയുടെ വരുമാനം ഉണ്ടാകും. ബസ് സര്‍വ്വീസുകള്‍ വഴി മാത്രം 12,000 കോടിയുടെ നേട്ടം ഉണ്ടാകും. ലോക്കല്‍ ടാക്സി, റിക്ഷാ സര്‍വ്വീസില്‍ നിന്നും 4000 കോടി രൂപയാണ് ലഭിക്കുക.