വാഷിങ്ടണ്‍: യു.എസ്, റഷ്യന്‍ ഉദ്യോഗസ്ഥര്‍ തമ്മിലുള്ള യുക്രെയ്ന്‍ വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ സൗദി അറേബ്യയില്‍ നടക്കും. യു.എസിലെ ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് റോയ്‌ട്ടേഴ്‌സാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
ചര്‍ച്ചയില്‍ പങ്കെടുക്കുന്ന റഷ്യന്‍ പ്രതിനിധികളുടെ പേര് പുറത്തുവിട്ടിട്ടില്ല. യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിനും തമ്മില്‍ കൂടിക്കാഴ്ചക്ക് സാഹചര്യമൊരുക്കുകയും സമാധാന ഉടമ്പടി യാഥാര്‍ഥ്യമാക്കുകയുമാണ് ചര്‍ച്ചയുടെ പ്രധാന ലക്ഷ്യമെന്ന് യു.എസ് ജനപ്രതിനിധി സഭാംഗമായ മൈക്കല്‍ മകോള്‍ പറഞ്ഞു. ചര്‍ച്ചകള്‍ നടക്കുമെന്ന വിവരം യു.എസ് വൃത്തങ്ങള്‍ സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും സ്റ്റേറ്റ് ഡിപ്പാര്‍ട്‌മെന്റ് പ്രതികരിച്ചിട്ടില്ല.
ചര്‍ച്ചയിലേക്ക് യുക്രെയ്‌നെ ക്ഷണിച്ചിട്ടില്ല. യൂറോപ്യന്‍ സൗഹൃദ രാജ്യങ്ങളുമായി കൂടിയാലോചിച്ചേ റഷ്യയുമായി ചര്‍ച്ചക്ക് തയാറാകൂവെന്ന് യുക്രെയ്ന്‍ വ്യക്തമാക്കിയിട്ടുണ്ട്. സ്റ്റേറ്റ് സെക്രട്ടറി മാര്‍കോ റൂബിയോ, സുരക്ഷ ഉപദേഷ്ടാവ് മൈക് വാറ്റ്‌സ്, പശ്ചിമേഷ്യ പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫ് എന്നിവരാണ് യു.എസിനെ പ്രതിനിധാനംചെയ്ത് ചര്‍ച്ചയില്‍ പങ്കെടുക്കുക.
ജനുവരി 20ന് പ്രസിഡന്റായി ചുമതലയേറ്റ ട്രംപ്, യുക്രെയ്ന്‍ യുദ്ധം ഉടന്‍ അവസാനിപ്പിക്കുമെന്ന് ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്. ബുധനാഴ്ച അദ്ദേഹം പുടിനുമായും യുക്രെയ്ന്‍ പ്രസിഡന്റ് വോളോദിമിര്‍ സെലന്‍സ്‌കിയുമായും ഫോണില്‍ സംസാരിച്ചതായും റിപ്പോര്‍ട്ടുണ്ട്.
യൂറോപ്യന്‍ രാജ്യങ്ങളെ ഒഴിവാക്കിയാണ് സമാധാന ചര്‍ച്ചകള്‍ നടക്കുകയെന്നാണ് സൂചന. അതിനിടെ, പിന്തുണ തേടി യു.എ.ഇ, സൗദി, തുര്‍ക്കിയ തുടങ്ങിയ രാജ്യങ്ങള്‍ സന്ദര്‍ശിക്കുമെന്ന് അറിയിച്ച സെലന്‍സ്‌കി, യു.എസ് റഷ്യന്‍ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ചയുണ്ടാകില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്.
അധിനിവിഷ്ട യുക്രെയ്ന്‍ പ്രദേശങ്ങള്‍ വിട്ടുനല്‍കണമെന്നാണ് യുദ്ധം അവസാനിപ്പിക്കാന്‍ റഷ്യ മുന്നോട്ടുവെച്ച പ്രധാന ഉടമ്പടി.