Saturday, February 22, 2025

HomeMain Storyമാര്‍പാപ്പയ്ക്ക് പോളി മൈക്രോബിയല്‍ അണുബാധ; സന്ദേശങ്ങള്‍ക്ക് അദ്ദേഹം കൃതജ്ഞത പറഞ്ഞു

മാര്‍പാപ്പയ്ക്ക് പോളി മൈക്രോബിയല്‍ അണുബാധ; സന്ദേശങ്ങള്‍ക്ക് അദ്ദേഹം കൃതജ്ഞത പറഞ്ഞു

spot_img
spot_img

വത്തിക്കാന്‍ സിറ്റി: ശ്വാസകോശ അണുബാധയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഫ്രാന്‍സിസ് മാര്‍പാപ്പക്ക് ചികിത്സയില്‍ തുടരേണ്ടി വരുമെന്നറിയിച്ച് വത്തിക്കാന്‍. വെള്ളിയാഴ്ചയാണ് മാര്‍പാപ്പയെ റോമിലെ ജെമെല്ലി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അതേസമയം തന്നിലേക്കൊഴുകുന്ന വാത്സല്യത്തിന്റെയും സാമീപ്യത്തിന്റെയും സന്ദേശങ്ങള്‍ക്ക് മാര്‍പാപ്പ കൃതജ്ഞത പറയുന്നു.

ശ്വാസകോശത്തിലും ശ്വസനവ്യവസ്ഥയിലും വൈറസുകളും ബാക്ടീരിയകളും ഉള്‍പ്പെടുന്ന മിശ്രിത അണുബാധയായ പോളി മൈക്രോബിയല്‍ അണുബാധയാണ് കണ്ടെത്തിയിരുന്നത്. ആരോഗ്യമുള്ള ആളുകളില്‍ ഇത്തരത്തിലുള്ള അണുബാധ അസാധാരണമാണ് ആശുപത്രി അധികൃതര്‍ അറിയിച്ചു. കൃത്യമായ പരിചരണത്തിനായി അദ്ദേഹം ആശുപത്രിയില്‍ തന്നെ തുടരേണ്ടിവരുമെന്നും പരിശുദ്ധസിംഹാസനത്തിന്റെ വാര്‍ത്താവിതരണ കാര്യാലയം, പ്രസ്സ് ഓഫീസ് പുറപ്പെടുവിച്ച പത്രക്കുറിപ്പില്‍ അറിയിച്ചു.

ജെമേല്ലി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നവര്‍ ചിത്രങ്ങളാലും ആശംസാസന്ദേശങ്ങളാലും തന്നോടു പ്രകടിപ്പിക്കുന്ന വാത്സല്യത്തിനും സ്‌നേഹത്തിനും പാപ്പാ നന്ദി പറയുകയും അവര്‍ക്കായി പ്രാര്‍ത്ഥിക്കുകയും തനിക്കുവേണ്ടി പ്രാര്‍ത്ഥിക്കണമെന്ന് അവരോട് അഭ്യര്‍ത്ഥിക്കുകയും ചെയ്യുന്നുവെന്നും പാപ്പായ്ക്ക് പനിയില്ലെന്നും നിര്‍ദ്ദിഷ്ട ചികിത്സ തുടരുന്നുണ്ടെന്നും പത്രക്കുറിപ്പ് വെളിപ്പെടുത്തുന്നു.

2023-ലും ശ്വാസകോശ അണുബാധയെ തുടര്‍ന്ന് മാര്‍പാപ്പയെ ഇതേ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. എന്നാല്‍ മൂന്ന് ദിവസത്തിനുള്ളില്‍ അദ്ദേഹത്തിന് ആശുപത്രി വിടാന്‍ സാധിച്ചിരുന്നു. പുതുവത്സരാഘോഷം മുതല്‍ ഫ്രാന്‍സിസ് മാര്‍പാപ്പക്ക് വിശ്രമമില്ലാത്ത തിരക്കുകളായിരുന്നു. കത്തോലിക്കാ സഭയില്‍ 25 വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന ഒരു പ്രത്യേക പരിപാടിയായ 2025 ജൂബിലിക്ക് പോപ് നേതൃത്വം നല്‍കിയിരുന്നു.

ഫെബ്രുവരിയുടെ തുടക്കത്തില്‍ വത്തിക്കാന്‍ അദ്ദേഹത്തിന് ബ്രോങ്കൈറ്റിസ് ബാധിച്ചതായി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ അസുഖബാധിതനായിട്ടും അദ്ദേഹം ജോലിയില്‍ തുടരുകയായിരുന്നു. തന്റെ വസതിയില്‍ ചെറിയ മീറ്റിംഗുകള്‍ നടത്തുകയും സെന്റ് പീറ്റേഴ്സ് സ്‌ക്വയറിലെ നിരവധി തീര്‍ത്ഥാടകര്‍ പങ്കെടുക്കുന്ന വലിയ കുര്‍ബാനകള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്തിരുന്നു. പിന്നീട് ശ്വസിക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെടുകയും ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു.

ചെറുപ്പത്തില്‍ തന്നെ സിസ്റ്റുകള്‍ കാരണം ഫ്രാന്‍സിസ് മാര്‍പാപ്പ തന്റെ വലത് ശ്വാസകോശത്തിന്റെ ഒരു ഭാഗം നീക്കം ചെയ്തിരുന്നു. ശസ്ത്രക്രിയ വേദനാജനകമായിരുന്നുവെന്നും ദിവസങ്ങളോളം ഓക്‌സിജന്റെ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തിയതെന്നും അദ്ദേഹം തന്റെ ആത്മകഥയായ ഹോപ്പില്‍ എഴുതിയിട്ടുണ്ട്.

നടക്കാന്‍ ബുദ്ധിമുട്ട് ഉള്ളതിനാല്‍ അദ്ദേഹം വീല്‍ചെയര്‍ ഉപയോഗിച്ചിരുന്നു. ഇത് കൃത്യമായി ശ്വാസമെടുക്കുന്നതിന് അദ്ദേഹത്തിന് ബുദ്ധിമുട്ടുണ്ടാക്കുകയും ശ്വാസകോശ അണുബാധ വഷളാകാന്‍ കാരണമാകുകയും ചെയ്തിരിക്കാമെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. സമീപ വര്‍ഷങ്ങളില്‍ ഹെര്‍ണിയ, ബ്രോങ്കൈറ്റിസ് എന്നിവ ഉള്‍പ്പെടെ നിരവധി ശസ്ത്രക്രിയകള്‍ പോപ്പിന് നടത്തിയിട്ടുണ്ട്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments