കോട്ടയം: റഷ്യൻ മദ്യ കമ്പനിയുടെ ബിയർ ബോട്ടിലിൽ മഹാത്മഗാന്ധിയുടെ പേരും ചിത്രവും ഉപയോഗിച്ചതിനെതിരെ പരാതിയുമായി കോട്ടയത്തെ മഹാത്മ ഗാന്ധി നാഷണൽ ഫൗണ്ടേഷൻ. മദ്യകമ്പനിയുടെ നടപടി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് സംഘടന, റഷ്യൻ പ്രസിഡന്‍റിനും ഇന്ത്യൻ പ്രസിഡന്‍റിനും കത്തയച്ചു. ദേശീയ തലത്തിൽ തന്നെ റഷ്യൻ കമ്പനിയുടെ നടപടിക്കെതിരെ വലിയ വിവാദമാണ് ഉയരുന്നത്. റഷ്യൻ മദ്യ കമ്പനിയായ റിവോർട്ട് ബ്രൂവറിയാണ് മഹാത്മാഗാന്ധിയുടെ പേരും ചിത്രവും ഒപ്പും പതിപ്പിച്ച് ബിയർ പുറത്തിറക്കിയത്.
ഒഡീഷ മുൻ മുഖ്യമന്ത്രി നന്ദിനി സത്പ്തിയുടെ ചെറുമകൻ സുപർണോ സത്പ്തി എകസിൽ ബിയർ ബേ ബോട്ടിലുകളുടെ ചി ത്രങ്ങൾ പോസ്റ്റ് ചെയ്തതോടെ നിരവധി ആളുകൾ പ്രതിഷേധവുമായെത്തി.
ജീവിതത്തിലുടെനീളം മദ്യവിരുദ്ധ നിലപാടുകൾ സ്വീകരിച്ച് മഹാത്മാഗാന്ധിയെ അവഹേളിക്കുന്നതാണ് റഷ്യൻ സമീപനമെന്നാണ് വിമർശനം. റഷ്യൻ എംബസിക്കും പരാതി അയച്ചിട്ടുണ്ട്. കേന്ദ്ര സർക്കാർ ഇടപെട്ട് പരിഹാരം ഉണ്ടാക്കണമെന്നാണ് മഹാത്മ ഗാന്ധി നാഷണൽ ഫൗണ്ടേഷൻ ആവശ്യപ്പെടുന്നത്. അന്താരാഷ്ട്രാതലത്തിൽ പ്രമുഖരായവരോടുള്ള ആദരവിന്‍റെ ഭാഗമായാണ് റഷ്യൻ മദ്യ കമ്പനി ബിയർ ക്യാനുകളിൽ ഇങ്ങനെ പേരും ചിത്രങ്ങളും പതിപ്പിക്കുന്നത്.
മദർ തെരേസയുടെ പേരും ചിത്രവും പതിപ്പിച്ച ബിയർ കുപ്പികളുമുണ്ട്. 2019 ൽ ഇസ്രേയിലിലേയും ചെക്ക് റിപ്പബ്ലിക്കിലെയും മദ്യ കമ്പനികൾ ഗാന്ധിയുടെ ചിത്രം പതിപ്പിച്ച മദ്യം പുറത്തിറക്കിയിരുന്നു. അന്നും മഹാത്മ ഗാന്ധി നാഷണൽ ഫൗണ്ടേഷൻ പരാതി ഉയർത്തിയിരുന്നു. ഒടുവിൽ ഇന്ത്യയുടെ എതിർപ്പിനെ തുടർന്ന് അവ പിൻവലിക്കുകയും രണ്ട് രാജ്യങ്ങളും മാപ്പ് പറയുകയും ചെയ്തിരുന്നു.