വാഷിങ്ടൻ: യുഎസിന്റെ വ്യാപാര കമ്മി കുറയ്ക്കുന്നതിനും ആഭ്യന്തര ഉൽപാദനം വർധിപ്പിക്കുന്നതിനും മറ്റു നയലക്ഷ്യങ്ങൾ കൈവരിക്കുന്നതിനുമായി കൂടുതൽ ഉൽപന്നങ്ങൾക്ക് തീരുവ പ്രഖ്യാപിക്കാനൊരുങ്ങി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. കാറുകൾ, ചിപ്പുകൾ, ഫാർമസ്യൂട്ടിക്കൽസ് എന്നിവയ്ക്ക് അടുത്ത മാസമോ അതിനുമുൻപോ പുതിയ നികുതികൾ നടപ്പിലാക്കുമെന്ന് ട്രംപ് പറഞ്ഞു. ഇന്ത്യയ്ക്കു തീരുവകളിൽ ഇളവ് നല്‍കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
യുഎസിലെ ഉൽപന്നങ്ങൾ ഇന്ത്യയിലും ഇന്ത്യയിൽനിന്നുള്ള ഉൽപന്നങ്ങൾ യുഎസിലും വിൽക്കുമ്പോഴുള്ള ‘പരസ്പര നികുതി’ ഒഴിവാക്കാമെന്ന ഇന്ത്യയുടെ പ്രതീക്ഷ ഇതോടെ മങ്ങി. മാർച്ച് 12 മുതൽ മുഴുവൻ സ്റ്റീൽ, അലുമിനിയം ഉൽപന്നങ്ങളുടെ ഇറക്കുമതികൾക്കും 25 ശതമാനം തീരുവ ചുമത്താൻ തുടങ്ങുമെന്ന് ട്രംപ് ഭരണകൂടം പ്രഖ്യാപിച്ചിട്ടുണ്ട്.