വാഷിങ്ടൺ: ടെക് ഭീമൻ ഇലോൺ മസ്ക് തന്റെ ഇലക്ട്രിക് വാഹന കമ്പനിയായ ടെസ്ലയുടെ ശാഖ ഇന്ത്യയിൽ തുടങ്ങുകയാണെങ്കിൽ അത് അനീതിയാണെന്ന് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇന്ത്യയിൽ ടെസ്ല ജീവനക്കാരെ റിക്രൂട്ട് ചെയ്യുന്ന നടപടി പുരോഗമിക്കവെയാണ് ട്രംപിന്റെ പ്രസ്താവന.
അമേരിക്കയുടെ നിർദിഷ്ട വ്യാപാര നികുതിയിൽനിന്ന് ഇളവ് നേടുന്നതിന്റെ ഭാഗമായിട്ടാണ് ടെസ്ല ഇന്ത്യയിൽ ഫാക്ടറി സ്ഥാപിച്ച് ഇലക്ട്രിക് വാഹനങ്ങൾ ഉൽപാദിപ്പിക്കാനൊരുങ്ങുന്നതെങ്കിൽ അത് തികഞ്ഞ അനീതിയാകുമെന്നായിരുന്നു ട്രംപിന്റെ പരമാർശം. ഫോക്സ് ന്യൂസിന് അനുവദിച്ച അഭിമുഖത്തിലാണ് ട്രംപിന്റെ മുന്നറിയിപ്പ്.
‘ഓരോ രാജ്യവും അമേരിക്കയെ മുതലെടുക്കുകയാണ്. അമേരിക്കൻ ഉൽപന്നങ്ങൾക്ക് വലിയ വ്യാപാരനികുതിയാണ് അവരൊക്കെ ചുമത്തുന്നത്. ഇന്ത്യയിലാണ് ഇറക്കുമതി ചെയ്യുന്ന കാറുകൾക്ക് ഏറ്റവും കൂടുതൽ നികുതി. ഇക്കാര്യം പ്രധാനമന്ത്രി മോദിയുമായുള്ള കൂടിക്കാഴ്ചയിലും പറഞ്ഞിരുന്നു.
അമേരിക്കയിൽ ഉൽപാദിപ്പിക്കുന്ന കാർ ഇന്ത്യയിൽ വിൽപന അസാധ്യമാക്കും വിധമാണ് തീരുവ ഏർപ്പെടുത്തിയിരിക്കുന്നത്. ഈ സാഹചര്യത്തിൽ തിരിച്ചും വ്യാപാര തീരുവ ചുമത്താൻതന്നെയാണ് ഞങ്ങളുടെയും തീരുമാനം. നിങ്ങളെത്രയാണോ ചുമത്തുന്നത്, അതേനിരക്കിൽ ഞങ്ങളും തീരുവ ചുമത്തും’ -ട്രംപ് വ്യക്തമാക്കി.