ന്യൂഡൽഹി:അമേരിക്കയിൽ നിന്ന് തിരിച്ചയയ്ക്കുന്ന അനധികൃത കുടിയേറ്റക്കാരെ ചങ്ങല ബന്ധിച്ച് കൊണ്ടുവരുന്നത് അവസാനിക്കുമോ? യുഎസിൽനിന്നു .മടക്കി അയയ്ക്കുന്ന ഇന്ത്യക്കാരെ നാട്ടിലെത്തിക്കാൻ യാത്രാവിമാനങ്ങൾ അയയ്ക്കുന്ന കാര്യം കേന്ദ്ര സർക്കാർ പരിഗണിക്കുന്നതായാണ് സൂചന. അടുത്ത മൂന്നുമാസം അനധികൃത കുടിയേറ്റത്തിന്റെ പേരിൽ കൂടുതൽ ഇന്ത്യക്കാരെ നാടുകടത്തുമെന്ന തിനാലാണു വിമാനങ്ങൾ അയയ്ക്കുന്നതിനെക്കുറിച്ചു ചർച്ച ചെയ്യുന്നത്.
എയർ ഇന്ത്യ, യുണൈറ്റഡ് എയർലൈൻസ്, അമേരിക്കൻ എയർലൈൻസ് എന്നിവയുമായി വിദേശ മന്ത്രാലയ പ്രതിനിധികൾ ചർച്ച നടത്തിയതായി പറയുന്നു.
യുഎസിൽനിന്നു പാനമയിലും കോറിക്കയിലുമെത്തിച്ച ഇന്ത്യക്കാർക്ക് എംബസി സേവനങ്ങൾ ലഭ്യമാക്കാൻ നടപടി തുടങ്ങി. ഇരുരാജ്യങ്ങളിലുമെത്തിച്ച കുടിയേറ്റക്കാരിൽ എത്ര ഇന്ത്യക്കാരുണ്ടെന്ന് എംബസി അധികൃതർ വ്യക്തമാക്കിയില്ല. അതിനിടെ, നാട്ടിലേക്കു മടങ്ങാൻ താൽപര്യമില്ലാത്ത നൂറോളം പേരെ ഹോട്ടലിൽനിന്ന് വനമേഖലയായ ദാരിയൻ പ്രവിശ്യയിലെ കേന്ദ്രത്തിലേക്കു മാറ്റിയെന്നു പാനമ സർക്കാർ അറിയിച്ചു.
പാനമയിലെത്തിച്ച ഇന്ത്യയടക്കം രാജ്യങ്ങളിലെ 299 പേരിൽ 13 പേർ മാത്രമാണു നാട്ടിലേക്കു മടങ്ങിയത്.175 പേർ മടക്കം കാത്ത് ഹോട്ടൽ മുറികളിലുണ്ട്. കോസ്‌റ്ററിക്കയിലെ കേന്ദ്രത്തിൽ കഴിയുന്നവരെ ആറു ആഴ്ച്‌ച വരെ അവിടെ പാർപ്പിക്കാനാകുമെന്നു പ്രസിഡന്റ് റോഡ്രിഗോ ഷാവേസ് വ്യക്‌തമാക്കി. ഈ മാസം 5നാണു ഇന്ത്യക്കാരുമായി യുഎസിൽ നിന്നുള്ള ആദ്യ വിമാനം അമൃത്സറിലെത്തിയത്. 15 നും 16 നും ഓരോ വിമാനം കൂടിയെത്തി. യുഎസ് സേനാവിമാനത്തിൽ വിലങ്ങുവച്ചാണ് കൊണ്ടുവന്നത്. 332 ഇന്ത്യക്കാർ ഇതിനകം നാട്ടിലെത്തി.