കീവ്: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രതിനിധി യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കിയുമായി കൂടിക്കാഴ്ച നടത്തി. ട്രംപ് സെലെൻസ്കിക്കെതിരെ രൂക്ഷ വിമർശനം നടത്തിയ സാഹചര്യത്തിൽ നടന്ന കൂടിക്കാഴ്ചയുടെ ഫലമെന്തെന്നു വ്യക്തമല്ല. റഷ്യയുമായി സംസാരിക്കാതെ യുദ്ധം അവസാനിപ്പിക്കാനാവില്ലെന്ന് റിയാദ് ചർച്ചയെ ന്യായീകരിച്ച് യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് പറഞ്ഞു.
റഷ്യയുമായി ബന്ധം പുനഃസ്ഥാപിക്കുന്നതിനൊപ്പം യുക്രെയ്നിന്റെ ധാതുസമ്പത്തിൽ യുഎസ് നിക്ഷേപവുമാണു ട്രംപിന്റെ പദ്ധതി. ധാതുവിഭവങ്ങൾ പങ്കിടുന്നതു സംബന്ധിച്ച് യുഎസ് മുന്നോട്ടുവച്ച കരാറിൽ ഒപ്പിടില്ലെന്ന നിലപാടിലാണു സെലെൻസ്കി. കടുംപിടിത്തം ഉപേക്ഷിച്ചു കരാറിൽ ഒപ്പുവയ്ക്കുകയാണ് യുക്രെയ്ൻ ആദ്യം ചെയ്യേണ്ടതെന്നു വൈറ്റ് ഹൗസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മൈക് വാട്സ് പറഞ്ഞു.
അതിനിടെ, യുക്രെയ്നിലെ തന്ത്രപ്രധാന മേഖലകളിൽ റഷ്യ ആക്രമണം ശക്തമാക്കി. വടക്കുകിഴക്കൻ യുക്രെയ്നിലെ ഹർകീവ് പ്രവിശ്യയിൽ ഊർജനിലയങ്ങൾക്കുനേരെ 161 ഡ്രോൺ ആക്രമണം നടത്തി. ഡസനോളം മിസൈലുകളും തൊടുത്തു. ഊർജനിലയങ്ങൾക്കു കേടുപാടു പറ്റിയതോടെ ഒഡേസയുടെ തെക്കൻ മേഖലയിൽ വൈദ്യുതിവിതരണമറ്റു.