Saturday, March 29, 2025

HomeMain Storyരഞ്ജി ട്രോഫി ക്രിക്കറ്റ് ഫൈനലില്‍ എത്താന്‍ കേരളം കാത്തിരുന്നത് 74 വര്‍ഷം

രഞ്ജി ട്രോഫി ക്രിക്കറ്റ് ഫൈനലില്‍ എത്താന്‍ കേരളം കാത്തിരുന്നത് 74 വര്‍ഷം

spot_img
spot_img

അഹമ്മദാബാദ്: ഇന്ത്യയിലെ ആഭ്യന്തര ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് ടൂര്‍ണമെന്റായ രഞ്ജി ട്രോഫിയില്‍ ആദ്യമായി ഫൈനലുറപ്പിച്ചിരിക്കുകയാണ് കേരളാ ടീം. ആവേശകരമായ സെമി ഫൈനലില്‍ കരുത്തരായ ഗുജറാത്തിനെതിരേ രണ്ടു റണ്‍സിന്റെ നേരിയ ലീഡ് സ്വന്തമാക്കിയതോടെയാണ് കേരളം ചരിത്രത്തിലാദ്യമായി ഫൈനലുറപ്പാക്കിയത്. രഞ്ജിയില്‍ കിരീടപ്പോരിനു ഇറങ്ങുകയെന്ന കേരളത്തിന്റെ ഏഴരപ്പതിറ്റാണ്ടു കാലത്തെ കാത്തിരിപ്പിന് കൂടിയാണ് ഇതോടെ വിരാമമാവുന്നത്.

അങ്ങനെ നീണ്ട 74 വര്‍ഷത്തെ കാത്തിരിപ്പിനും 352 മത്സരങ്ങളിലെ പോരാട്ടത്തിനും ശേഷം കേരളം ആദ്യമായി രഞ്ജി ട്രോഫിയുടെ സ്‌നപ്ന ഫൈനലിലെത്തി. രണ്ടാം ഇന്നിങ്‌സ് സമനിലയില്‍ അവസാനിച്ചതോടെ, ഒന്നാം ഇന്നിങ്‌സില്‍ രണ്ട് റണ്‍സ് ലീഡില്‍ ജയിച്ച കേരളം ഫൈനലിലേക്ക് കടന്നു. ഒന്നാം ഇന്നിങ്സില്‍ കേരളം ഉയര്‍ത്തിയ 457 റണ്‍സ് പിന്തുടര്‍ന്ന ഗുജറാത്ത് 455 റണ്‍സിന് പുറത്തായിരുന്നു. എന്നാല്‍, രണ്ടാം ഇന്നിങ്‌സില്‍ കേരളം 4 വിക്കറ്റില്‍ 114 റണ്‍സ് നേടിയതോട് കൂടി മത്സരം സമനിലയില്‍ അവസാനിച്ചതോടെ കേരളം ഫൈനലില്‍ പ്രവേശിച്ചു. ഫൈനല്‍ മത്സരം വിദര്‍ഭയും കേരളവും തമ്മിലായിരിക്കും.

രഞ്ജിട്രോഫിയില്‍ ഇന്ത്യയിലെ പല പട്ടണങ്ങളും, സംസ്ഥാനങ്ങളും പങ്കെടുക്കുന്നുണ്ട്. രഞ്ജിട്രോഫി ഇംഗ്ലണ്ടിലെ കൌണ്ടി ക്രിക്കറ്റിനും, ഓസ്‌ട്രേലിയയിലെ പ്യുറാ കപ്പിനും സമാനമാണ്. നവാനഗറിലെ നാടുവാഴിയായിരുന്ന രാജ്കുമാര്‍ രഞ്ജിത് സിങ്ങ് ജി യുടെ ഓര്‍മ്മക്കായാണ് രഞ്ജി ട്രോഫി എന്ന് പേര്‍ വച്ചത്. അദ്ദേഹമാണ് ക്രിക്കറ്റിന് ഇന്ത്യയില്‍ ഇന്നു കാണുന്ന പ്രചാരം നല്‍കിയത്. ഇംഗ്ലണ്ടില്‍ വച്ചു മാത്രമേ അദ്ദേഹം ക്രിക്കറ്റ് കളിച്ചിട്ടുള്ളൂ.

പഴയ തിരുവിതാംകൂര്‍-കൊച്ചി ടീം കേരള ക്രിക്കറ്റ് ടീം ആയശേഷം 1957-ലാണ് കേരളം ആദ്യമായി രഞ്ജി ട്രോഫി ടൂര്‍ണമെന്റില്‍ മത്സരിക്കാനിറങ്ങുന്നത്. ആദ്യ സീസണില്‍ മദ്രാസിനും മൈസൂരുവിനും ആന്ധ്രക്കും ഹൈദരാബാദിനുമെതിരായ എല്ലാ മത്സരങ്ങളും തോറ്റായിരുന്നു കേരളത്തിന്റെ രഞ്ജി അരങ്ങേറ്റം.

രഞ്ജിയില്‍ ശ്രദ്ധേയമായ പ്രകടനം നടത്താന്‍ കേരളം പിന്നെയും കാത്തിരിക്കേണ്ടി വന്നത് നാലു പതിറ്റാണ്ടോളമായിരുന്നു. 1994-95ല്‍ കെ.എന്‍ അനന്തപദ്മനാഭന്റെ നേതൃത്വത്തിലിറങ്ങിയ കേരളം ദക്ഷിണമേഖലാ വിജയികളായി പ്രീ ക്വാര്‍ട്ടറിലെത്തിയാണ് മികവ് കാട്ടിയത്. 1996-97 സീസണില്‍ ദക്ഷിണ മേഖലാ ജേതാക്കളായ കേരളം സൂപ്പര്‍ ലീഗിലേക്ക് യോഗ്യത നേടി. 2002-2003-ല്‍ പ്ലേറ്റ് ലീഗ് ഫൈനലിലെത്തിയ കേരളം 2007-2008 സീസണില്‍ പ്ലേറ്റ് ലീഗ് സെമിഫൈനലിലെത്തി.

2017-2018 സീസണിലാണ് അതിനുശേഷം കേരളം മികച്ച പ്രകടനം നടത്തിയത്. ഗ്രൂപ്പ് ബിയില്‍ രണ്ടാമതെത്തിയ കേരളം ആദ്യമായി രഞ്ജി ക്വാര്‍ട്ടറിലെത്തി. 2018-2019 സീസണില്‍ ആദ്യമായി രഞ്ജി സെമിയിലെത്തിയ കേരളം ദേശീയ തലത്തിലും ശ്രദ്ധേയരായി. എന്നാല്‍ കഴിഞ്ഞ അഞ്ച് വര്‍ഷമായി രഞ്ജിയില്‍ കാര്യമായ നേട്ടം കൊയ്യാതിരുന്ന കേരളം ഇത്തവണ ഒരടികൂടി കടന്ന് ചരിത്രത്തിലാദ്യമായി ഫൈനലില്‍ എത്തിയിരിക്കുകയാണ്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments