കോട്ടയം: നിരന്തരം ജാമ്യ വ്യവസ്ഥ ലംഘിക്കുന്നതിനാല്‍ പിസി ജോര്‍ജിന് മുന്‍കൂര്‍ ജാമ്യം നല്‍കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. നേരത്തെയും പിസി ജോര്‍ജ് ഇത്തരത്തില്‍ മതവിദ്വേഷം വളര്‍ത്തുന്ന പരാമര്‍ശങ്ങള്‍ നടത്തിയിട്ടുണ്ടെന്നും ഹൈക്കോടതി ജസ്റ്റിസ് പി.വി കുഞ്ഞികൃഷ്ണന്‍ നിരീക്ഷിച്ചു.
ചാനല്‍ ചര്‍ച്ചക്കിടെ വിദ്വേഷ പരാമര്‍ശം സംബന്ധിച്ച കേസുമായി ബന്ധപ്പെട്ട് പി.സി ജോര്‍ജ് നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ നേരത്തെ ജില്ലാ സെക്ഷന്‍സ് കോടതി തള്ളിയിരുന്നു. ഇത്തരം കേസുകളില്‍ ജാമ്യം നല്‍കിയാല്‍ സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുമെന്നും സമൂഹത്തിലേക്ക് അത്തരം സന്ദേശം പോകാന്‍ പാടില്ലെന്നും ഹൈക്കോടതി ഹര്‍ജി പരിഗണിക്കുന്നതിനിടെ ഹൈക്കോടതി വ്യക്തമാക്കി.
ഈരാറ്റുപേട്ട പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ബുധനാഴ്ചയാണ് വാദം പൂര്‍ത്തിയായത്. പി.സി ജോര്‍ജ് നിരന്തരം ജാമ്യ വ്യവസ്ഥ ലംഘിച്ചതിനാല്‍ മുന്‍കൂര്‍ ജാമ്യം നല്‍കില്ലെന്ന് സിംഗിള്‍ ബെഞ്ച് അറിയിച്ചു. കീഴടങ്ങാന്‍ നിര്‍ദ്ദേശം നല്‍കുമെന്നും ഹൈക്കോടതി വാക്കാല്‍ അറിയിച്ചിരുന്നു. പി.സി ജോര്‍ജ് മുന്‍പും മതവിദ്വേഷം വളര്‍ത്തുന്ന കുറ്റം ചെയ്തിട്ടുണ്ടെന്നും ഹൈക്കോടതിയുടെ നിരീക്ഷണത്തില്‍ പറയുന്നു.
ജനുവരി 6-ന് ജനം ‘ടിവി’യില്‍ നടന്ന ചര്‍ച്ചയിലാണ് പി.സി ജോര്‍ജ് വിദ്വേഷ പരാമര്‍ശം നടത്തിയത്. ”ഇന്ത്യയിലെ മുസ്‌ലിംകള്‍ മുഴുവന്‍ വര്‍ഗീയവാദികളാണ്. ആയിരക്കണക്കിന് ഹിന്ദുക്കളെയും ക്രിസ്ത്യാനികളെയും കൊന്നു. മുസ്‌ലിംകള്‍ പാകിസ്താനിലേക്കു പോകണമെന്നു”മാണ് പി.സി ചര്‍ച്ചയില്‍ പറഞ്ഞത്.
കുഞ്ഞാലിക്കുട്ടി, കെ.ടി ജലീല്‍, എസ്.ഡി.പി.ഐ ജമാഅത്തെ ഇസ്‌ലാമി എന്നിവരെല്ലാം ചേര്‍ന്ന് പാലക്കാട് ബി.ജെ.പിയെ തോല്‍പ്പിക്കാന്‍ ശ്രമിച്ചുവെന്നും ഈരാറ്റു പേട്ടയില്‍ മുസ്‌ലിം വര്‍ഗീയത ഉണ്ടാക്കിയാണ് തന്നെ തോല്‍പ്പിച്ചതെന്നും പി.സി ജോര്‍ജ് ചര്‍ച്ചയില്‍ ആരോപിച്ചിരുന്നു. ഇതിനുപിന്നാലെയാണ് ഈ ബി.ജെ.പി നേതാവിനെതിരെ കേസ് ഫയല്‍ ചെയ്തത്.
ആദ്യമായിട്ടല്ല പി.സി ജോര്‍ജ് ഒരു സമുദായത്തെ അപമാനിച്ച് പരാമര്‍ശം നടത്തുന്നത്. മൂന്നാംതവണയാണ് പി.സി ജോര്‍ജ് ഒരു വിഭാഗത്തെ അപമാനിക്കുന്നത്. തിരുവനന്തപുരം ഫോര്‍ട്ട് സ്റ്റേഷനിലും പാലാരിവട്ടം സ്റ്റേഷനിലുമുള്ള സമാന കേസുകളില്‍ പി.സി ജോര്‍ജ് മുന്‍കൂര്‍ ജാമ്യം നേടിയിരുന്നു. മുന്‍കൂര്‍ ജാമ്യം അനുവദിച്ച സമയത്ത് ഇത്തരം പ്രസ്താവനകള്‍ ആവര്‍ത്തിക്കരുതെന്ന് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കുകയും ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് പി.സി ജോര്‍ജ് അതെ വിഭാഗത്തെ വീണ്ടും അപമാനിക്കുന്ന തരത്തില്‍ വിമര്‍ശനം നടത്തിയത്.
അബദ്ധം തിരിച്ചറിഞ്ഞപ്പോള്‍ പരാമര്‍ശം പിന്‍വലിച്ച് പി.സി ജോര്‍ജ് മാപ്പ് പറഞ്ഞുവെന്ന് അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു. എന്നാല്‍, ഒരബദ്ധമല്ല, നിരന്തരം അബദ്ധങ്ങള്‍ ആവര്‍ത്തിക്കുകയാണ് ഹരജിക്കാരനെന്ന് കോടതി ചൂണ്ടിക്കാണിക്കുകയും ചെയ്തു. 40 വര്‍ഷം എം.എല്‍.എയായിരുന്ന ജോര്‍ജ് സാധാരണക്കാരനല്ലെന്നും കോടതി ചൂണ്ടിക്കാണിച്ചു.