വാഷിംഗ്ടണ്‍: റഷ്യ-യുക്രെയ്ന്‍ യുദ്ധത്തില്‍ കഴിഞ്ഞ ദിവസം റഷ്യന്‍ അനുകൂല നിലപാട് സ്വീകരിച്ച അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് ഇന്ന മനംമാറ്റം. യുദ്ധം അവസാനിപ്പിക്കാന്‍ ഒരുമിച്ചു നില്‍ക്കണമെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുട്ടിനോടും യുക്രെയ്ന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ സെലെന്‍സ്‌കിയോടും അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ആവശ്യപ്പെട്ടു. ‘സംഘര്‍ഷം ഒഴിവാക്കാന്‍ പുട്ടിനും സെലെന്‍സ്‌ക്കിയും ഒന്നിച്ചുപ്രവര്‍ത്തിക്കുമെന്നാണ് താന്‍ കരുതുന്നതെന്നും ദശലക്ഷക്കണക്കിന് ആളുകളെ കൊല്ലുന്നത് നിര്‍ത്താനാണ് ആഗ്രഹിക്കുന്നതെന്നും വൈറ്റ് ഹൗസില്‍ നടത്തിയ പത്രസമ്മേളനത്തില്‍ ട്രംപ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
യുദ്ധം അവസാനിപ്പിക്കല്‍ കരാറിനായി ട്രംപ് സമ്മര്‍ദം ചെലുത്തുകയും ഇരു
നേതാക്കളുമായും വെവ്വേറെ ചര്‍ച്ചകള്‍ നടത്തുകയും ചെയ്യുന്നുണ്ട്. യുക്രെയ്‌നെ ഉള്‍പ്പെടുത്താതെ, ട്രംപിന്റെ ഉന്നത ഉദ്യോഗസ്ഥര്‍ അടുത്തിടെ സൗദി അറേബ്യയില്‍ റഷ്യന്‍ പ്രതിനിധികളുമായി ചര്‍ച്ച നടത്തിയിരുന്നു. ‘യുക്രെയ്നിലെ യുദ്ധം അവസാനിപ്പിക്കുന്നതില്‍ പുരോഗതി കൈവരിക്കാന്‍ കഴിയുമോ എന്നതിനെ ആശ്രയിച്ചിരിക്കും ട്രംപും പുട്ടിനും തമ്മിലുള്ള കൂടിക്കാഴ്ചയുടെ സാധ്യത’ എന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ പറഞ്ഞതിനു പിന്നാലെയായിരുന്നു ട്രംപിന്റെ ആഹ്വാനം.
2022ല്‍ റഷ്യ ആക്രമിച്ച തന്റെ രാജ്യത്തെ യുഎസ്, റഷ്യന്‍ ഉദ്യോഗസ്ഥര്‍ തമ്മിലുള്ള ചര്‍ച്ചകളില്‍നിന്ന് ഒഴിവാക്കിയെന്ന് സെലന്‍സി ആരോപിച്ചിരുന്നു.