വത്തിക്കാന്‍ സിറ്റി: റോമിലെ ജെമേല്ലി ആശുപത്രിയില്‍ ശ്വാസകോശസംബന്ധമായ രോഗത്തിന് ചികിത്സയില്‍ കഴിയുന്ന ഫ്രാന്‍സിസ് മാര്‍പാപ്പ മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്ന് ആശുപത്രിയിലെ ശസ്ത്രക്രിയാവിഭാഗത്തിന്റെയും ജെമേല്ലി മെഡിക്കല്‍ സംഘത്തിന്റെയും മേധാവി ഡോ. സേര്‍ജൊ അല്‍ഫിയേരി വെളിപ്പെടുത്തി. ഇരുശ്വാസകോശങ്ങളിലും ന്യുമോണിയ ബാധിതനായ പാപ്പാ മരുന്നുകളോടു പ്രതികരിക്കുന്നുണ്ടെങ്കിലും അപകടനില തരണം ചെയ്തിട്ടില്ലെന്ന് ഡോ. അല്‍ഫിയേരി വിശദീകരിച്ചു.
വൈറസ്, ഫംഗസ്, ബാക്ടീരിയ എന്നീ വിവിധങ്ങളായ അണുക്കളുടെ സാന്നിധ്യമുള്ളതുകൊണ്ട് അതിശക്തമായ മരുന്നുകളടങ്ങിയ ചികിത്സയ്ക്ക് വിധേയനായിരിക്കുന്ന പാപ്പായുടെ രക്തത്തില്‍ ബാക്ടീരിയ കടന്നുകൂടിയാല്‍ അത് രോഗപ്രതിരോധ സംവിധാനത്തെ താറുമാറാക്കുകയും രക്തത്തെ ദുഷിപ്പിക്കുകയും ചെയ്യുന്ന സെപ്‌സിസ് ആയി പരിണമിക്കുമെന്നും 88 വയസ്സുള്ള പാപ്പായെപോലെ പ്രായാധിക്യമുള്ള ഒരാള്‍ക്ക് ഇതില്‍ നിന്നു രക്ഷപ്പെടുക ബുദ്ധിമുട്ടാണെന്നും ഇപ്പോഴത്തെ അവസ്ഥയില്‍ ജീവന് ഭിഷണിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
പാപ്പായുടെ ഹൃദയത്തിന്റെ പ്രവര്‍ത്തനം സാധാരണഗതിയിലാണെന്നും പാപ്പാ പ്രവര്‍ത്തനനിരതനാണെന്നും വായിക്കുകയും രേഖകളില്‍ ഒപ്പു വയ്ക്കുകയും നര്‍മ്മസംഭാഷണത്തിലേര്‍പ്പെടുകയും ചെയ്യുന്നുണ്ടെന്നും ഡോ. അല്‍ഫിയേരി പറഞ്ഞു. ന്യുമോണിയയ്ക്കുള്ള ചികിത്സ നീണ്ടുനില്ക്കുന്നതിനാല്‍ ഭേദമാകുന്നതുവരെ, ചുരുങ്ങിയത് അടുത്ത ഒരാഴ്ചയെങ്കിലും, പാപ്പാ ആശുപത്രില്‍ കഴിയേണ്ടിവരുമെന്നും അദ്ദേഹം സൂചിപ്പിച്ചു. തന്റെ ആരോഗ്യാവസ്ഥയെക്കുറിച്ചുള്ള വിവരങ്ങള്‍ മറച്ചുവയ്ക്കരുതെന്നും സത്യം വെളിപ്പെടുത്തണമെന്നും പാപ്പാ വ്യക്തമാക്കിയിട്ടുണ്ടെന്ന കാര്യവും അദ്ദേഹം വെളിപ്പെടുത്തി.
മാര്‍പാപ്പാ വെള്ളിയാഴ്ച രാത്രി സുഖമായി വിശ്രമിച്ചുവെന്ന് പരിശുദ്ധസിംഹാസനത്തിന്റെ പ്രസ്സ് ഓഫീസ് ഇന്ന് അറിയിച്ചു. ഫെബ്രുവരി 14-നാണ് പാപ്പാ ശ്വാസനാള വീക്കത്തെതുടര്‍ന്ന് ജെമേല്ലി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടത്. തുര്‍ന്നു നടന്ന പരിശോധനകളിലാണ് വിവിധ രോഗാണുക്കള്‍ ബാധിച്ചിട്ടുണ്ടെന്നും പാപ്പാ ന്യുമോണിയ ബാധിതനാണെന്നും കണ്ടെത്തിയത്.
ഇതിനു മുമ്പ് മൂന്നു തവണ പാപ്പാ ഇതേ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിട്ടുണ്ട്. 2021 ജൂലൈ 4-ന് വന്‍കുടല്‍ ശസ്ത്രിക്രിയയ്ക്കായും 2023 മാര്‍ച്ചില്‍ ശ്വാസനാള വീക്കത്തെതുടര്‍ന്ന് ചികിത്സയ്ക്കായും അക്കൊല്ലം തന്നെ ജൂണില്‍ ഉദരശസ്ത്രക്രിയയ്ക്കായും പാപ്പാ ജെമേല്ലി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടിരുന്നു.