കണ്ണൂർ: ആറളം ഫാമിൽ വയോധികരായ ആദിവാസി ദമ്പതികളെ കാട്ടാന ചവിട്ടിക്കൊന്നു. ആറളം സ്വദേശികളായ വെള്ളി (82), ഭാര്യ ലീല (70) എന്നിവരാണു കൊല്ലപ്പെട്ടത്. ആറളം ഫാം ബ്ലോക്ക് 13ൽ ഓടച്ചാലിൽ കശുവണ്ടി ശേഖരിക്കാൻ പോയപ്പോഴാണ് ഇവരെ കാട്ടാന ആക്രമിച്ചതെന്നു നാട്ടുകാർ പറഞ്ഞു.
പുനരധിവാസ മേഖലയിൽ വൈകിട്ടോടെയാണു സംഭവം. മൃതദേഹങ്ങൾ ആശുപത്രിയിലേക്കു കൊണ്ടുപോകാൻ ആംബുലൻസ് എത്തിയെങ്കിലും പ്രദേശവാസികൾ തടഞ്ഞു. സ്ഥലത്തു സംഘർഷാവസ്ഥയാണ്. വനംവകുപ്പിനെതിരെ ജനം കടുത്ത പ്രതിഷേധമുയർത്തി.
ആറളം പൊലീസും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.വേലായുധൻ ഉൾപ്പെടെയുള്ളവരും സ്ഥിതി നിയന്ത്രണ വിധേയമാക്കാൻ ശ്രമിക്കുകയാണ്.