കോട്ടയം: ചാനല്‍ ചര്‍ച്ചയിലെ മതവിദ്വേഷ പരാമര്‍ശവുമായി ബന്ധപ്പെട്ട് മുന്‍കൂര്‍ ജാമ്യം നിഷേധിച്ചതിനു പിന്നാലെ പി.സി ജോര്‍ജ് കോടതിയില്‍ കീഴടങ്ങി. ഈരാറ്റുപേട്ട കോടതിയിലാണ് ജോര്‍ജ് കീഴടങ്ങിയത്.
മുന്‍കൂര്‍ ജാമ്യം നിഷേധിച്ചതിനു പിന്നാലെ ഇന്നു രാവിലെ പൂഞ്ഞാര്‍ പോലീസ് ജോര്‍ജിനെ അറസ്റ്റ് ചെയ്യാനായി അദ്ദേഹത്തിന്റെ വീട്ടിലെത്തിയിരുന്നു. ഇതോടെ ബിജെപി പ്രവര്‍ത്തകരും നേതാക്കളും ജോര്‍ജിന്റെ വസതിയിലെത്തി. എന്നാല്‍ ജോര്‍ജ് എവിടെയെന്നത് സംബന്ധിച്ച് വ്യക്തതകള്‍ ഒന്നുമില്ലായിരുന്നു. ഇതിനിടെയാണ് ജോര്‍ജ് ഈരാറ്റുപേട്ടക്കോടതിയിലെത്തി കീഴടങ്ങിയത്.
ജനുവരി ആറിന് ചാനല്‍ ചര്‍ച്ചയില്‍ പി സി ജോര്‍ജ് നടത്തിയ പരാമര്‍ശത്തിനെതിരെയാണ് ഈരാറ്റുപേട്ട പൊലീസ് കേസെടുത്തത്. മതസ്പര്‍ധ വളര്‍ത്തല്‍, കലാപാഹ്വാനം തുടങ്ങിയ വകുപ്പുകളാണ് ചുമത്തയിരിക്കുന്നത്. ഈരാറ്റുപേട്ട യൂത്ത് ലീഗ് മണ്ഡലം കമ്മിറ്റിയാണ് പരാതി നല്‍കിയത്. ചര്‍ച്ചക്കിടെ പി സി ജോര്‍ജ് മുസ്ലിം വിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തിയെന്നാണ് പരാതി.