കണ്ണൂര്‍: കണ്ണൂര്‍ ആറളം ഫാമില്‍ കാട്ടാന ആക്രമണത്തില്‍ ആദിവാസി ദമ്പതികള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധം ശക്തമാക്കി പ്രദേശവാസികള്‍. ഇന്നലെ സബ് കളക്ടറേയും സണ്ണി ജോസഫ് എംഎല്‍എയും തടഞ്ഞ ആദിവാസികള്‍ ഇന്ന് സിപിഎം നേതാവ് എം.ജി ജയരാജന്‍ ഉള്‍പ്പെടെയുള്ളവരേയും തടഞ്ഞു.
വന്യജീവി ആക്രമണത്തില്‍ ശാശ്വത പരിഹാരം വേണമെന്ന ആവശ്യമാണ് പ്രദേശവാസികള്‍ക്കുള്ളത്.. ദമ്പതികളുടെ മൃതദേഹവുമായി എത്തിയ ആംബുലന്‍സും നാട്ടുകാര്‍ തടഞ്ഞു. ആരെയും ഉള്ളിലേക്ക് കയറ്റിവിടില്ലെന്ന നിലപാടിലാണ് നാട്ടുകാരുടെ പ്രതിഷേധം. റോഡ് ഉപരോധിച്ച നാട്ടുകാരെ പോലീസ് ബലം പ്രയോഗിച്ചുനീക്കി. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ളവര്‍ റോഡില്‍ കുത്തിയിരുന്നാണ് പ്രതിഷേധിക്കുന്നത്. വനംവകുപ്പ് ഉദ്യോഗസ്ഥരോടാണ് പ്രതിഷേധമെന്ന് നാട്ടുകാര്‍ പറഞ്ഞു. കൊല്ലപ്പെട്ട ദമ്പതികളുടെ മൃതദേഹം വീട്ടിലേക്ക് എത്തിക്കാന്‍ സാധിച്ചിട്ടില്ല. മന്ത്രിയും കളക്ടറും എത്തണമെന്നാണ് ജനങ്ങളുടെ ആവശ്യം