കോട്ടയം: ചാനല്‍ ചര്‍ച്ചയിലെ മതവിദ്വേഷ പരാമര്‍ശ കേസില്‍ ഈരാറ്റുപേട്ട കോടതിയില്‍ കീഴടങ്ങിയ ബിജെപി നേതാവ് പിസി ജോര്‍ജ്ജിനെ റിമാന്‍ഡ് ചെയ്തു. ഇന്ന് വൈകിട്ട് ആറ് മണി വരെ പൊലീസ് കസ്റ്റഡിയില്‍ ചോദ്യം ചെയ്ത ശേഷം അദ്ദേഹത്തെ കോടതിയില്‍ ഹാജരാക്കും. ഇതിന് ശേഷം ജയിലിലേക്ക് മാറ്റും. ചോദ്യം ചെയ്യലിന് ഈരാറ്റുപേട്ട പോലീസ് സ്റ്റേഷനില്‍ എത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും അതി നാടകീയമായി ഈരാറ്റുപേട്ട കോടതിയിലെത്തി കീഴടങ്ങിയ പിസി ജോര്‍ജിന് കനത്ത തിരിച്ചടിയാണ് കോടതി തീരുമാനം.
ജനുവരി അഞ്ചിനാണ് ചാനല്‍ ചര്‍ച്ചക്കിടെ പി സി ജോര്‍ജ് മുസ്ലിം വിരുദ്ധ പരാമര്‍ശം നടത്തിയത്. യൂത്ത് ലീഗ് ഈരാറ്റുപേട്ട മണ്ഡലം കമ്മിറ്റിയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. കോട്ടയം സെഷന്‍സ് കോടതിയും പിന്നീട് ഹൈക്കോടതിയും പി സി ജോര്‍ജിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയിരുന്നു. കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്യാന്‍ നീക്കം തുടങ്ങിയതിന് പിന്നാലെ ഹാജരാകാന്‍ രണ്ട് ദിവസത്തെ സാവകാശം പിസി ജോര്‍ജ് തേടിയിരുന്നു.
ഇന്ന് പൊലീസ് സ്റ്റേഷനില്‍ ഹാജരാകുമെന്ന് അറിയിച്ച പിസി ജോര്‍ജ് നാടകീയമായി കോടതിയില്‍ ഹാജരാവുകയായിരുന്നു. കോടതി കേസ് പരിഗണിച്ചപ്പോള്‍ പി.സി ജോര്‍ജിനെതിരെ നേരത്തെ രജിസ്റ്റര്‍ ചെയ്തിട്ടുള്ള കേസുകളുടെ റിപ്പോര്‍ട്ട് അടക്കം പൊലീസ് സമര്‍പ്പിച്ചിരുന്നു. പിന്നീട് വാദം കേട്ട കോടതി ജോര്‍ജ്ജിനെ കസ്റ്റഡിയില്‍ വിടുകയും ശേഷം റിമാന്‍ഡ് ചെയ്യുകയുമായിരുന്നു.