എ.എസ് ശ്രീകുമാര്‍
അഭിനേതാക്കള്‍ പ്രതിഫലം കുറയ്ക്കണമെന്ന നിര്‍മാതാക്കളുടെ സംഘടയുടെ ആവശ്യം താര സംഘടന അമ്മ തള്ളുകയും സമര തീരുമാനത്തില്‍ നിന്ന് പിന്‍മാറില്ലെന്ന് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ കടുത്ത നിലപാടെടുക്കുകയും ചെയ്തതോടെ കേരളത്തിലെ സിനിമാ തര്‍ക്കം രൂക്ഷമായിരിക്കുകയാണ്. മോഹന്‍ലാല്‍, സുരേഷ് ഗോപി, മഞ്ജു പിള്ള, ബേസില്‍ ജോസഫ്, അന്‍സിബ, ടൊവിനോ തോമസ്, സായ് കുമാര്‍, വിജയരാഘവന്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ കൊച്ചിയിലെ അമ്മയുടെ ഓഫീസില്‍ ചേര്‍ന്ന യോഗത്തിലാണ് വിട്ടുവീഴ്ചയ്ക്കില്ലെന്ന തീരുമാനമുണ്ടായത്.
എന്നാല്‍ പ്രതിഫല വിഷയത്തില്‍ സമവായ ചര്‍ച്ചയ്ക്ക് തയാറാണെന്ന് അമ്മ വ്യക്തമാക്കി. പ്രതിഫലവുമായി ബന്ധപ്പെട്ട വിഷയം വലിയ ചര്‍ച്ചയായ സാഹചര്യത്തിലാണ് അടിയന്തര യോഗം ചേര്‍ന്നത്. സിനിമാ പണിമുടക്കിന് യാതൊരു വിധ പിന്തുണയും നല്‍കില്ലെന്നും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന സിനിമാ വ്യവസായത്തെ ചിലരുടെ പിടിവാശിമൂലം അനാവശ്യമായ ഒരു സമരത്തിലേക്ക് വലിച്ചിഴക്കുക വഴി സാമ്പത്തിക പ്രതിസന്ധി വര്‍ധിപ്പിക്കുമെന്നും യോഗത്തില്‍ അഭിപ്രായമുയര്‍ന്നു.
അതേസമയം, ഫിലിം ചേംബറും കൊച്ചിയില്‍ അവരുടെ ആസ്ഥാനത്ത് യോഗം ചേര്‍ന്നു. താരങ്ങള്‍ പ്രതിഫലം കുറയ്ക്കാത്തതാണ് ചലച്ചിത്ര മേഖലയിലെ നിര്‍മ്മാണ പ്രതിസന്ധിക്ക് പ്രധാന കാരണമെന്ന് നിര്‍മാതാവ് ജി സുരേഷ് കുമാറിന്റെ പ്രസ്താവന ചലച്ചിത്ര മേഖലയിലെ സംഘടനകള്‍ക്കിടയില്‍ ഭിന്നതയ്ക്ക് കാരണമായിരുന്നു. ജൂണ്‍ ഒന്ന് മുതല്‍ സിനിമാ സമരം നടത്തുമെന്ന് സുരേഷ് കുമാര്‍ പ്രഖ്യാപിച്ചതും വലിയ വിവാദമായിരുന്നു. ഈ സാഹചര്യത്തിലാണ് താര സംഘടന ‘അമ്മ’യും ഫിലിം ചേംബറും കൊച്ചിയില്‍ യോഗം ചേര്‍ന്നത്.
സിനിമാ സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്നും നിര്‍മാതാവ് ആന്റണി പെരുമ്പാവൂരിനോട് വിശദീകരണം തേടാനും കേരള ഫിലം ചേംബര്‍ തീരുമാനിച്ചു. യോഗത്തില്‍ നിന്നും ആന്റണി പെരുമ്പാവൂര്‍ വിട്ടു നിന്നു. സുരേഷ് കുമാര്‍ യോഗത്തില്‍ പങ്കെടുത്തു. സിനിമാ സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് നിര്‍മാതാവ് ജി സുരേഷ് കുമാറും പറഞ്ഞു. ആന്റണി പെരുമ്പാവൂരുമായി ഇനിയൊരു സമവായ ചര്‍ച്ചയ്ക്ക് സാധ്യതയില്ലെന്നും സുരേഷ് കുമാര്‍ വ്യക്തമാക്കി.
സിനിമാ മേഖലയില്‍ ഏറെക്കാലമായി ചര്‍ച്ച ചെയ്യപ്പെടുന്ന താരങ്ങളുടെ ഉയര്‍ന്ന പ്രതിഫലവും വിനോദ നികുതിയും മൂലം നിര്‍മ്മാതാക്കള്‍ നേരിടുന്ന പ്രതിസന്ധി വിശദീകരിച്ചുകൊണ്ട് ജി സുരേഷ് കുമാറിന്റെ വാര്‍ത്താ സമ്മേളനമാണ് പുതിയ വിവാദത്തിന് തിരികൊളുത്തിയത്. സിനിമാ മേഖലയില്‍ നിലനില്‍ക്കുന്ന പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി വരുന്ന ജൂണ്‍ 1 മുതല്‍ സിനിമാ സമരം പ്രഖ്യാപിച്ചുകൊണ്ട് ജി സുരേഷ് കുമാര്‍ നടത്തിയ വാര്‍ത്താ സമ്മേളനം മുതല്‍ ആരംഭിച്ച സിനിമാ മേഖലയിലെ തര്‍ക്കം കൂടുതല്‍ സങ്കീര്‍ണ്ണവും രൂക്ഷവും ആവുകയാണ്.
പ്രൊഡ്യൂസേഴ്‌സ് കൗണ്‍സില്‍, ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷന്‍, ഫിലിം വര്‍ക്കേഴ്‌സ് ഫെഡറേഷന്‍, എക്‌സിബിറ്റേഴ്സ് അസോസിയേഷന്‍ എന്നിവയുള്‍പ്പെടെയുള്ള പ്രധാന വ്യവസായ സംഘടനകള്‍ സമ്പൂര്‍ണ്ണ അടച്ചുപൂട്ടലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ജൂണ്‍ 1 മുതല്‍ സിനിമാ ഷൂട്ടിംഗുകളും പ്രദര്‍ശനങ്ങളും ഉള്‍പ്പെടെ സിനിമയുമായി ബന്ധപ്പെട്ട എല്ലാ പ്രവര്‍ത്തനങ്ങളും നിര്‍ത്തിവയ്ക്കാനാണ് തീരുമാനം. മലയാള സിനിമാ വ്യവസായം വലിയൊരു പ്രതിസന്ധി നേരിടുന്ന ഘട്ടമാണിത്. സിനിമാ വ്യവസായത്തിന്റെ നിലനില്‍പ്പ് തന്നെ അപകടത്തിലാകുന്ന രീതിയില്‍ കാര്യങ്ങള്‍ കൂടുതല്‍ വഷളാവുകയും ചെയ്യുന്നു.
താരങ്ങള്‍ നിര്‍മ്മിക്കുന്ന സിനിമകള്‍ ഇനി പ്രദര്‍ശിപ്പിക്കില്ലെന്നും സുരേഷ് കുമാര്‍ പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍ രംഗത്തെത്തിയതോടെയാണ് സിനിമാ മേഖലയിലെ ഭിന്നത മറനീക്കി പുറത്തുവന്നത്. ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്ന മോഹന്‍ലാല്‍ ചിത്രം എമ്പുരാന്റെ ഉയര്‍ന്ന ബജറ്റിനെക്കുറിച്ചടക്കം സുരേഷ് കുമാര്‍ പറഞ്ഞിരുന്നു. ഇതിനെയടക്കം വിമര്‍ശിച്ച്, സുരേഷ് കുമാറിന്റെ ആരോപണങ്ങള്‍ക്ക് എണ്ണമിട്ട് മറുപടി പറഞ്ഞുകൊണ്ടായിരുന്നു ആന്റണിയുടെ സോഷ്യല്‍ മീഡിയ പോസ്റ്റ്.
സുരേഷ് കുമാറിനെ പിന്തുണച്ചും ആന്റണിയെ വിമര്‍ശിച്ചും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ രംഗത്തെത്തി. തിയറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്ക്, ഫിലിം ചേംബര്‍ എന്നിവര്‍ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനു പിന്തുണ പ്രഖ്യാപിച്ചു. ടൊവിനോ തോമസ്, ഉണ്ണി മുകുന്ദന്‍, ബേസില്‍ ജോസഫ്, അപര്‍ണ ബാലമുരളി, അജു വര്‍ഗീസ് തുടങ്ങിയവര്‍ ആന്റണിക്കു പിന്തുണ പ്രഖ്യാപിച്ചു. ആന്റണി പെരുമ്പാവൂരിന്റെ ഫെയ്‌സ്ബുക് പോസ്റ്റ് ‘നമുക്കെന്നും സിനിമയുടെ ഒപ്പം നില്‍ക്കാം’ എന്ന തലക്കെട്ടോടെ മോഹന്‍ലാല്‍ ഷെയര്‍ ചെയ്യുകയും ചെയ്തു.
താരങ്ങളുടെ ഉയര്‍ന്ന പ്രതിഫലം എല്ലാ കാലത്തും മലയാള സിനിമയ്ക്ക് വലിയ പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട് എന്നത് വാസ്തവമാണ്. പലകാലങ്ങളിലായി പലരും ഇതിനെ ചോദ്യം ചെയ്യുകയോ ഭാവിയില്‍ ഇതൊരു വലിയ പ്രശ്‌നമായി ഉയര്‍ന്നുവരുമെന്ന് ചൂണ്ടിക്കാട്ടുകയോ ചെയ്തിട്ടുണ്ട്. അതേസമയം, നിര്‍മ്മാതാക്കളുടെ സമരപ്രഖ്യാപനത്തില്‍ താരസംഘടനയായ അമ്മയുടെ ഭാഗം അറിയിച്ചുകൊണ്ട് സംഘടനയുടെ മുന്‍ ജോയിന്റ് സെക്രട്ടറിയും നിലവില്‍ അമ്മ അഡ്-ഹോക്ക് കമ്മിറ്റി ഭാരവാഹിയുമായ ജയന്‍ ചേര്‍ത്തല നേരത്തെ രംഗത്തെത്തിയിരുന്നു.
എന്നാല്‍ ജയന്‍ ചേര്‍ത്തലയുടെ ചില പരാമര്‍ശങ്ങളില്‍ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ അദ്ദേഹത്തിനെതിരെ വക്കീല്‍ നോട്ടീസ് അന്നയച്ചിരുന്നു. കോടികള്‍ വാങ്ങുന്ന മകള്‍ (നടി കീര്‍ത്തി സുരേഷ്) ഒരു രൂപയെങ്കിലും ഇന്നുവരെ കുറച്ചോ..? എന്നാണ് ജയന്‍ ചേര്‍ത്തല സുരേഷ്‌കുമാറിനോട് ചോദിച്ചത്. ഒരു ഓഫീസ് പണിയാന്‍ നിര്‍മാതാക്കള്‍ പണം ആവശ്യപ്പെട്ടപ്പോള്‍ ഒരുകോടി രൂപ അമ്മ നല്‍കിയെന്നും അതില്‍ 40 ലക്ഷം രൂപ കിട്ടാനുണ്ടെന്നും ജയന്‍ ചേര്‍ത്തല പറഞ്ഞതാണ് പ്രകോപനത്തിന് കാരണം.
ഇതിനിടെ ജയന്‍ ചേര്‍ത്തലയെ വെല്ലുവിളിച്ച് ഫിലിം ചെമ്പേഴ്‌സ് ജനറല്‍ സെക്രട്ടറി സജി നന്ത്യാട്ട് രംഗത്തു വന്നു. ജയന്‍ ചേര്‍ത്തല ഉന്നയിച്ച ആരോപണങ്ങളെല്ലാം അടിസ്ഥാന രഹിതമാണെന്ന് സജി നന്ത്യാട്ട് ആരോപിച്ചു. അമ്മ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന് സാമ്പത്തിക സഹായം നല്‍കിയിട്ടില്ല. ധൈര്യമുണ്ടെങ്കില്‍ ജയന്‍ ചേര്‍ത്തല അമ്മയുടെ അക്കൗണ്ട് വിവരങ്ങള്‍ പുറത്തു വിടണം. ജയന്‍ ചേര്‍ത്തല ഒരു കോളാമ്പി, മറ്റു പലരും ഇറക്കി വിടുന്ന വെറും നേര്‍ച്ചകോഴി മാത്രമാണെന്നും സജി നന്ത്യാട്ട് പരിഹസിച്ചു.