Saturday, April 19, 2025

HomeMain Storyസിഖ് വിരുദ്ധ കലാപം: കോൺഗ്രസ് നേതാവ് സജ്ജൻ കുമാറിന് ജീവപര്യന്തം

സിഖ് വിരുദ്ധ കലാപം: കോൺഗ്രസ് നേതാവ് സജ്ജൻ കുമാറിന് ജീവപര്യന്തം

spot_img
spot_img

ന്യൂഡൽഹി∙ 1984ലെ സിഖ് വിരുദ്ധ കലാപത്തിനിടെ അച്ഛനും മകനും കൊല്ലപ്പെട്ട കേസിൽ കോൺഗ്രസ് നേതാവ് സജ്ജൻ കുമാറിന് ജീവപര്യന്തം ശിക്ഷ. ഡൽഹി വിചാരണ കോടതി സ്പെഷൽ ജഡ്ജ് കാവേരി ബവേജയാണ് ശിക്ഷ വിധിച്ചത്. കേസിൽ സജ്ജൻ കുമാർ കുറ്റക്കാരനാണെന്ന് ഡൽഹി റോസ് അവന്യു കോടതി ഫെബ്രുവരി 12ന് കണ്ടെത്തിയിരുന്നു. നിലവിൽ തിഹാർ ജയിലിലാണ് സജ്ജൻ കുമാർ.

വിവിധ മതവിഭാഗങ്ങൾക്കിടയിലുള്ള വിശ്വാസത്തെയും കെട്ടുറപ്പിനെയും ഇത്തരം സംഭവങ്ങൾ പ്രതികൂലമായി ബാധിക്കുമെന്നതിനാൽ അപൂർവങ്ങളിൽ അപൂർവമായ കേസായി പരിഗണിച്ചു സജ്ജൻ കുമാറിനു വധശിക്ഷ തന്നെ നൽകണമെന്നു പ്രത്യേക അന്വേഷണ സംഘത്തിന് വേണ്ടി അഡീഷനൽ പബ്ലിക് പ്രോസിക്യൂട്ടർ മനീഷ് റാവത്ത് കോടതിയെ ധരിപ്പിച്ചിരുന്നു. എന്നാൽ കോടതി ജീവപര്യന്തം ശിക്ഷയാണ് വിധിച്ചത്.

ഡൽഹിയിലെ സരസ്വതി വിഹാറിലാണ് 1984 നവംബർ 1ന് ജസ്വന്ത് സിങ്ങിനെയും മകൻ തരുൺ ദീപ് സിങ്ങിനെയും തീ കൊളുത്തി കൊലപ്പെടുത്തുകയും വീട് കൊള്ളയടിക്കുകയും ചെയ്തത്. അക്രമി സംഘത്തെ നയിച്ചത് സജ്ജൻ കുമാറാണെന്ന് പ്രത്യേക അന്വേഷണ സംഘം വ്യക്തമാക്കിയിരുന്നു.

1991ലാണ് സജ്ജൻകുമാറിനെതിരെ എഫ്ഐആർ റജിസ്റ്റർ ചെയ്തത്. 1994 ൽ തെളിവില്ലെന്ന പേരിൽ കുറ്റപത്രം തള്ളി. 2015ൽ പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) രൂപീകരിച്ചു. 2016 ൽ പുനരന്വേഷണം വേണമെന്ന് കോടതിയിൽ ആവശ്യപ്പെട്ട എസ്ഐടി 2021ൽ സജ്ജൻകുമാറിനെ അറസ്റ്റ് ചെയ്തു. ഡൽഹി പാലം കോളനിയിൽ 5 പേർ കൊല്ലപ്പെട്ട കേസിലാണു നേരത്തേ സജ്ജൻകുമാറിനു ജീവപര്യന്തം തടവ് ലഭിച്ചത്. ഇതിനെതിരായ ഹർജി സുപ്രീം കോടതിയുടെ പരിഗണനയിലാണ്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments