Monday, March 10, 2025

HomeMain Storyകൂടത്തായിയും ആലുവയും പിന്നെ വെഞ്ഞാറമൂടും; കേരളത്തെ ഞെട്ടിച്ച കൂട്ടക്കൊലകള്‍…

കൂടത്തായിയും ആലുവയും പിന്നെ വെഞ്ഞാറമൂടും; കേരളത്തെ ഞെട്ടിച്ച കൂട്ടക്കൊലകള്‍…

spot_img
spot_img

എ.എസ് ശ്രീകുമാര്‍

കേരളത്തെ നടുക്കിയ കൂട്ടക്കൊലകളുടെ പട്ടികയിലേയ്ക്ക് വെഞ്ഞാറമൂടും അഫാന്‍ എന്ന നരാധമനും ചേര്‍ക്കപ്പെട്ടിരിക്കുകയാണ്. പിതൃ മാതാവും സന്തം സഹോദരനും ഉള്‍പ്പെടെ ഒരു വീട്ടിലെ അഞ്ചുപേരെ ചുറ്റികയ്ക്കടിച്ച് കൊലപ്പെടുത്തിയ തിരുവനന്തപുരം വെഞ്ഞാറമൂട് പേരുമല സല്‍മാസില്‍ അഫാന്‍ (23) എന്ന കൊടും ക്രൂരന്റെ നിഷ്ഠൂരമായ പ്രവത്തിയില്‍ ഈ നാട് പേടിച്ച് നില്‍ക്കുന്നു. അഫാന്‍ വെറും രണ്ട് മണിക്കൂറിനുള്ളില്‍ 30 കിലോമീറ്റര്‍ സഞ്ചരിച്ച് മൂന്നു വീടുകളിളായി കൊലപ്പെടുത്തിയത് ഉറ്റവരായ അഞ്ചുപേരെയാണ്. അഫാന്റെ ഈ കൊടും ക്രൂരകൃത്യത്തില്‍ പരിക്കേറ്റ അയാളുടെ കാന്‍സര്‍ രോഗിയായ അമ്മ ഷെമി (40) സ്വകാര്യ മെഡിക്കല്‍ കോളേജില്‍ ഗുരുതരാവസ്ഥയിലാണ്.

ഒന്‍പതാം ക്ലാസുകാരനായ സഹോദരന്‍ അഫ്‌സാന്‍ (14), പിതാവിന്റെ അമ്മ സല്‍മാ ബീവി (92), പിതൃ സഹോദരന്‍ ലത്തീഫ് (69), ലത്തീഫിന്റെ ഭാര്യ ഷാഹിദ (59), തന്റെ പെണ്‍ സുഹൃത്ത് ഫര്‍സാന (19) എന്നിവരെയാണ് അഫാന്‍ കൊലപ്പെടുത്തിയത്. അഫാന്റെ കമാകി ഫര്‍സാനയെ കഴിഞ്ഞ ദിവസമാണ് വീട്ടിലേയ്ക്ക് വിളിച്ചുകൊണ്ടുവന്നത്. തിങ്കളാഴ്ച മൂന്നര മണിക്ക് പെണ്‍കുട്ടി വീട്ടില്‍ നിന്ന് പോയെന്നാണ് മാതാപിതാക്കള്‍ മൊഴി നല്‍കിയിരിക്കുന്നത്. ഫര്‍സാന അഞ്ചല്‍ കോളജില്‍ ബി.എസ്.സി കെമസ്ട്രി വിദ്യാര്‍ത്ഥിനിയാണ്.

കൊലപാതകത്തിന് ശേഷം ഓട്ടേറിക്ഷയില്‍ വെഞ്ഞറമൂട് പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയ അഫാന്‍ ഒരു കൂസലുമില്ലാതെ കുറ്റസമ്മതം നടത്തുകയും ചെയ്തു. താന്‍ ആറുപേരെ കൊന്നുവെന്നും എലിവിഷം കഴിച്ചുവെന്നുമാണ് ഇയാള്‍ യാതൊരു ഭാവവ്യത്യാസവുമില്ലാതെ പോലീസിനോട് പറഞ്ഞത്. ഇതോടെയാണ് കൂട്ടക്കൊലയെ പറ്റി പുറംലോകം അറിയുന്നത്. പോലീസ് മൂന്നു വീടുകളിലുമെത്തി പരിശോധിപ്പോള്‍ അഫാന്റെ അമ്മ ഷെമിയ്ക്ക് മാത്രം ശ്വാസമുണ്ടായിരുന്നു. അവരെ ഉടന്‍ ആശുപത്രിയിലാക്കുകയും ചെയ്തു.

കൂട്ടക്കൊലകളില്‍ കേരളം ഞെട്ടുകയാണ്. സ്വത്ത് തട്ടിയെടുക്കാന്‍ കോഴിക്കോട് കൂടത്തായിയില്‍ സ്വന്തം കുടുംബത്തിലെ ആറുപേരെ സയനൈഡ് കൊടുത്ത് കൊലപ്പെടുത്തിയ പെണ്‍ ക്രിമിനല്‍ ജോളി, ആലുവ നഗരമധ്യത്തിലെ മാഞ്ഞൂരാന്‍ വീട്ടിലെ ആറുപേരെ കൂട്ടക്കൊലയ്ക്ക് വിധേയനാക്കിയ ആന്റണി, തിരുവനന്തപുരം നന്ദന്‍കോട്ട് നാലുപേരുടെ ജീവനെടുത്ത കേഡല്‍ ജിന്‍സണ്‍ രാജ, പാലക്കാട് പോത്തുണ്ടി ബായന്‍ നഗറില്‍ മൂന്നുപേരെ വധിച്ച ചെന്താമര, എറണാകുളം ചേന്ദമംഗലത്ത് മൂന്നുപേരെ വെട്ടിക്കൊലപ്പെടുത്തിയ റിതു ജയന്‍ തുടങ്ങിയ കൊടും ക്രിമിനലുകള്‍ വാസ്തവത്തില്‍ മനുഷ്യരല്ല, രക്തദാഹികളായ ചെകുത്താന്‍മാരാണ്.

2001 ജൂണ്‍ ആറിനാണ് മനസാക്ഷിയെ മരവിപ്പിച്ച ആലുവ കൂട്ടക്കൊലപാതകം നടന്നത്. ആലുവ നഗരഹൃയത്തിലെ മാഞ്ഞൂരാന്‍ വീട്ടില്‍ അഗസ്റ്റിന്‍ (48), ഭാര്യ മേരി (42), മക്കള്‍ ദിവ്യ (14), ജെസ്‌മോന്‍ (12), അഗസ്റ്റിന്റെ അമ്മ ക്ലാര (72), സഹോദരി കൊച്ചുറാണി (38) എന്നിവരെയാണ് ആന്റണി എന്ന അയല്‍ക്കാരന്‍ കൊലപ്പെടുത്തിയത്. ഗള്‍ഫില്‍ പോകാന്‍ കൊച്ചുറാണി പണം നല്‍കാമെന്ന് പറഞ്ഞിട്ട് ഒഴിഞ്ഞതിലെ വൈരാഗ്യമായിരുന്നു കൂട്ടക്കൊലയിലേക്ക് നയിച്ചത്. കൊലയ്ക്ക് ശേഷം സൗദിയിലേക്ക് രക്ഷപ്പെട്ട ആന്റണിയെ കേരളത്തിലേക്ക് എത്തിച്ച് 2001 ജൂലൈ 18-ന് അറസ്റ്റ് രേഖപ്പെടുത്തി. പിന്നീട് സി.ബി.ഐ ഏറ്റെടുത്ത കേസില്‍ 2006-ല്‍ ഹൈക്കോടതി ആന്റണിക്ക് വധശിക്ഷ വിധിച്ചെങ്കിലും പിന്നീട് സുപ്രീംകോടതി ശിക്ഷ ജീവപര്യന്തമാക്കി ഇളവ് ചെയ്യുകയായിരുന്നു.

സ്വത്തുക്കള്‍ തട്ടിയെടുക്കാനായി 2002 മുതല്‍ 2016 വരെയുള്ള കാലയളവില്‍ ജോളി ജോസഫ് എന്ന യുവതി നടത്തിയ ആസൂത്രിത കൊലപാതക പരമ്പരയാണ് കൂടത്തായി കൂട്ടക്കൊല. 14 വര്‍ഷത്തിനിടെ കോഴിക്കോട് ജില്ലയിലെ കൂടത്തായില്‍ ഒരു കുടുംബത്തിലെ ആറ് പേരുടെ കൊലപാതകം നടന്നു. പ്രതി കുടുംബത്തില്‍ നിന്നുള്ള സ്ത്രീയാണെന്ന് ലോകം ഞെട്ടലോടെയാണ് അറിഞ്ഞത്. പ്ലസ്ടു യോഗ്യത മാത്രമുള്ള ഒരു വീട്ടമ്മ എന്‍.ഐ.ടി പ്രൊഫസറായി വേഷം കെട്ടിയതും സയനൈഡ് ഉപയോഗിച്ചു ബന്ധുക്കളെ കൊലപ്പെടുത്തിയതുമെല്ലാം കേരളം നടുക്കത്തോടെ കേട്ടു. 2019 ഒക്ടോബര്‍ അഞ്ചിനായിരുന്നു മുഖ്യപ്രതി ജോളി അറസ്റ്റിലായത്.

റിട്ടയേഡ് വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥന്‍ കൂടത്തായി പൊന്നാമറ്റം ടോം തോമസ് (66), ഭാര്യ അധ്യാപികയായിരുന്ന അന്നമ്മ തോമസ് (58) മകന്‍ റോയ് തോമസ് (40), അന്നമ്മയുടെ സഹോദരന്‍ എം.എം മാത്യു മഞ്ചാടിയില്‍ (68), ടോം തോമസിന്റെ സഹോദരന്റെ മകനായ ഷാജു സ്‌കറിയയുടെ മകള്‍ ആല്‍ഫൈന്‍ (2), ഷാജു സ്‌കറിയയുടെ ഭാര്യ സിലി (44) എന്നിവരാണു കൊല്ലപ്പെട്ടത്. ബന്ധുക്കളുടെ മരണത്തില്‍ സംശയം പ്രകടിപ്പിച്ച് ടോം തോമസിന്റെ മകന്‍ റോജോ തോമസ് 2019 ജൂലൈയില്‍ കൊടുത്ത പരാതിയാണ് ജോളിയുടെ അറസ്റ്റില്‍ കലാശിച്ചത്. ജോളിക്ക് പിന്നാലെ ഇവര്‍ക്കു സയനൈഡ് എത്തിച്ചു നല്‍കിയ ബന്ധു മഞ്ചാടിയില്‍ എം.എസ്. മാത്യു, സ്വര്‍ണപ്പണിക്കാരനായ പ്രജികുമാര്‍ എന്നിവരെയും അറസ്റ്റ് ചെയ്തു.

പ്രമാദമായ മറ്റൊന്നായിരുന്നു തിരുവനന്തപുരത്തെ നന്തന്‍കോട് കൂട്ടക്കൊല. സാത്താന്‍ സേവയ്ക്ക് അടിമപ്പെട്ട് മാതാപിതാക്കളെയും സഹോദരിയെയും ഉള്‍പ്പെടെ നാലുപേരെ കൊലപ്പെടുത്തിയ കേഡല്‍ ജിന്‍സണ്‍ രാജയെ കേരളം മറന്നിട്ടില്ല. ജീവന്‍ കൊടുത്ത് ആത്മാവിനെ വേര്‍പെടുത്തലാണ് പരീക്ഷിച്ചതെന്നാണ് പ്രതി പൊലീസിന് മൊഴി നല്‍കിയത്. 2017 ഏപ്രില്‍ 9-നാണ് ക്ലിഫ് ഹൗസിന് സമീപമുള്ള ബെയ്ന്‍സ് കോമ്പൗണ്ടിലെ 117-ാം നമ്പര്‍ വീട്ടില്‍ നിന്ന് പുക ഉയരുന്നത് നാട്ടുകാര്‍ കണ്ടത്. വീടിന് തീപിടിച്ചു എന്നാണ് നാട്ടുകാര്‍ കരുതിയത്.

വീടു പൊളിച്ചു അകത്തുകടന്ന പൊലീസ് കണ്ടത് കത്തിക്കരിഞ്ഞ നിലയില്‍ മൂന്ന് മൃതദേഹങ്ങളാണ്. അതിനരികില്‍ ടാര്‍പ്പോളിനും ബെഡ്ഷീറ്റും കൊണ്ട് മൂടിക്കെട്ടിയ നിലയില്‍ പുഴുവരിച്ച നിലയില്‍ മറ്റൊരു മൃതദേഹവും. റിട്ടയേഡ് പ്രൊഫസര്‍ രാജ തങ്കം (60), ഭാര്യ റിട്ടയേഡ് ആര്‍.എം.ഒ ഡോ. ജീന്‍ പദ്മ (58), മകള്‍ കരോലിന്‍ (25), ഡോക്ടറുടെ ബന്ധു ലളിത (70) എന്നിവരെയാണ് നന്തന്‍കോട്ടെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.

എറണാകുളം ചേന്ദമംഗലം പേരേപ്പാടത്ത് ദമ്പതിമാരെയും മകളെയും വീട്ടില്‍ക്കയറി ഇരുമ്പുവടികൊണ്ടു തലയ്ക്കടിച്ചുകൊന്ന സംഭവവുമുണ്ടായത് കഴിഞ്ഞമാസമാണ്. പേരേപ്പാടം കാട്ടിപ്പറമ്പില്‍വീട്ടില്‍ വേണു, ഭാര്യ ഉഷ, മകള്‍ വിനീഷ എന്നിവരാണ് കൊല്ലപ്പെട്ടത്. പേരേപ്പാടം സ്വദേശി റിതു ജയന്‍ ആണ് പ്രതി. വേണുവും കുടുംബവും അപകീര്‍ത്തിപ്പെടുത്തുന്നതിനാലാണ് കൊലപാതകം നടത്തിയതെന്നായിരുന്നു റിതു പൊലീസിന് കൊടുത്ത മൊഴി.

പാലക്കാട് കൊല്ലങ്കോട് പോത്തുണ്ടിയിലെ കൊലപാതകിയായ ചെന്താമര ഇപ്പോള്‍ റിമാന്‍ഡിലാണ്. ഇയാള്‍ നടത്തിയ കൊലപാതകങ്ങളുടെ ഞെട്ടലിലാണിപ്പോഴും കേരളം. പോത്തുണ്ടി തിരുത്തമ്പാടം ബായന്‍ നഗറില്‍ അപ്പായിയുടെ ഭാര്യ ലക്ഷ്മി, മകന്‍ സുധാകരന്‍ എന്നിവരെ പ്രതി ചെന്താമര കൊലപ്പെടുത്തിയത്. ചെന്താമരയുടെ ഭാര്യ പിരിഞ്ഞുപോകാന്‍ കാരണം കൊല്ലപ്പെട്ട സുധാകരന്റെ ഭാര്യ സജിതയായിരുന്നു എന്ന അന്ധവിശ്വാസം കൊടുംമ്പിരികൊണ്ടാണ് ഇയാള്‍ അവരുടെ ജീവനെടുത്തത്. സുധാകരന്റെ ഭാര്യ സജിതയെ കൊലപ്പെടുത്തിയ കേസില്‍ ജയിലില്‍ കഴിയവേ പരോളിനിറങ്ങിയാണ് സുധാകരനെയും മാതാവ് ലക്ഷമിയെയും കൊലപ്പെടുത്തിയത്.

ഇങ്ങനെ കേരളത്തില്‍ കൂട്ടക്കൊലകള്‍ അരങ്ങേറുകയാണ്. അന്ധവിശ്വാസവും മയക്കുമരുന്നുപയോഗവുമാണ് ഇത്തരം നരഹത്യകളിലേയ്ക്ക് നയിക്കുന്നത്. കോടതിയും നിയമ വ്യവസ്ഥയുമൊക്കെയുണ്ടെങ്കിലും എന്ന് തീരും ഈ കൂട്ടക്കൊലകള്‍ എന്ന ചോദ്യത്തിന് ഉത്തരമില്ല. ഒരു കൂടത്തായി കഴിയുമ്പോള്‍ മറ്റൊരു വെഞ്ഞാറമൂട് നമ്മെ സ്തംഭിപ്പിക്കും. എല്ലാം മറക്കാന്‍ കാലം നമ്മെ പഠിപ്പിക്കുമ്പോള്‍ പുതിയ ക്രൂരകൃത്യങ്ങള്‍ ആവര്‍ത്തിച്ചുകൊണ്ടേയിരിക്കും.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments