വത്തിക്കാൻ സിറ്റി: കടുത്ത ന്യൂമോണിയ ബാധിച്ച് ചികിത്സയിൽ കഴിയുന്ന ഫ്രാൻസീസ് മാർപാപ്പായുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതി. ശ്വാസതടസം വർധിച്ചിട്ടില്ലെന്നു വത്തിക്കാൻ പത്രക്കുറിപ്പിൽ അറിയിച്ചു. മാർപാപ്പ കസേരയിൽ എഴുന്നേറ്റിരുന്നു
മാർപാപ്പയുടെ വൃക്കയുടെ പ്രവർത്തനങ്ങൾ സാധാരണ നിലയിലാണ് ശ്വാസകോശത്തിന് ആശ്വാസം ലഭിക്കാനുള്ള ഫിസിയോതെറപ്പി തുടരുകയാണ്. അദ്ദേഹം നിവർന്നിരുന്നാണു തെറപ്പി സ്വീകരിച്ചത്. ഓക്സിജൻ നൽകുന്നതും തുടരുന്നുണ്ട്. ശനിയാഴ്ച മുതൽ ശ്വാസതടസ്സം കൂടിയിട്ടില്ലെന്നത് ആശ്വാസകരമാണെന്നു ഡോക്ടർമാർ അറിയിച്ചു.
ആശുപത്രിയിൽ കഴിയുന്ന മാർപാപ്പ ‘പാവങ്ങളുടെ ഡോക്ടർ’എന്നറിയപ്പെടുന്ന വെനസ്വേലയിലെ വാഴ്ത്തപ്പെട്ട ഗ്വെസെപ്പോ ഗ്രിഗോറിയോ ഹെർണാണ്ടസ്, ഇറ്റലിയിലെ അഭിഭാഷകൻ വാഴ്ത്തപ്പെട്ട ബർത്തലോ ലോങ്ങോ എന്നിവരെ വിശുദ്ധ പദവിയിലേക്ക് ഉയർത്തി.
ആശുപത്രിയിൽ കിടക്കവേയാണു മാർപാപ്പ ഉത്തരവിൽ ഒപ്പിട്ടത്.കേരളത്തിൽ 12 മഠങ്ങളുള്ള ഡൊമിനിക്കൻ സിസ്‌റ്റേഴ്‌സ് ഓഫ് സെന്റ് മേരി ഓഫ് റോസറി സഭാ സ്‌ഥാപകൻ ദൈവദാസൻ ഡിഡാക്കോ ബെസിയെ (ഇറ്റലി) ധന്യനായി പ്രഖ്യാപിച്ചു.
ദിവ്യകാരുണ്യ ആരാധനയുടെ സംരക്ഷക സന്യാസിനി സഭയുടെ സ്‌ഥാപകൻ മൈക്കിൾ മൗറ മൊണ്ടാനർ (സ്പെയിൻ), കുനെഗോണ്ട സിവിയെക് (പോളണ്ട്), രണ്ടാം ലോകയുദ്ധകാലത്ത് യുഎസ് സൈന്യത്തിന്റെ ചാപ്ലെയ്ൻ ആയിരുന്ന ഫാ. എമിൽ ജോസഫ് എന്നിവരെ ധന്യരായും പ്രഖ്യാപിച്ചു